തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധമരുന്നിന് കടുത്തക്ഷാമം. മരുന്ന് ഇല്ലാത്തതിനാൽ സർക്കാർ കേന്ദ്രങ്ങൾ വഴിയുള്ള വിതരണം തിങ്കളാഴ്ച മുതൽ ഭാഗികമായി. നാളെയോടെ പൂർണ്ണമായും വാക്‌സിൻ വിതരണം നിലയ്ക്കും. ഇനി 29ന് മാത്രമേ കേരളത്തിന് വാക്‌സിൻ ലഭിക്കൂ.

വാക്‌സിൻ സ്റ്റോക്ക് ഏകദേശം അവസാനിച്ചതു പോലെയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ്. വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനോട് നിരന്തരം അഭ്യർത്ഥിച്ചുവരുകയാണെന്നും അവർ വ്യക്തമാക്കി. അതിനിടെ കേന്ദ്രത്തെ പ്രതിരോധത്തിലാക്കാൻ വേണ്ടി എല്ലാ വാക്‌സിനും ഒരുമിച്ച് കേരളം നൽകിയെന്ന ആരോപണം ഉണ്ട്.

കേരളത്തിന്റെ വാക്‌സിൻ ഉപയോഗം മനസ്സിലാക്കിയാണ് വാക്‌സിൻ അനുദവിച്ചിരുന്നത്. എന്നാൽ കേരളത്തിലെ വാക്‌സിൻ ഉപയോഗത്തിൽ കേന്ദ്രം ചില വിമർശനം ഉന്നയിച്ചതോടെ സ്‌റ്റോക്കുണ്ടായിരുന്ന വാക്‌സിൻ മുഴുവൻ കേരളം കൊടുത്തു. ഒരു ദിവസം മാത്രം നാലരലക്ഷം പേർക്ക് വാക്‌സിൻ കിട്ടി. ഇതോടെ സ്‌റ്റോക്ക് തീർന്നു. സംസ്ഥാന സർക്കാരിന് മാത്രമാണ് ദൗർലഭ്യം ഉള്ളത്.

സ്വകാര്യ ആശുപത്രികൾ വഴിയുള്ള വിതരണം കാര്യമായി നടക്കുന്നുണ്ട്. പല ജില്ലയിലും കോവിൻ പോർട്ടൽ വഴി സ്വകാര്യ ആശുപത്രികളിലേക്ക് മാത്രമാണ് സ്ലോട്ട് ബുക്ക് ചെയ്യാനാവുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ സർക്കാർ വിതരണ കേന്ദ്രങ്ങളിൽ വാക്‌സിൻ വിതരണം മുടങ്ങും.

എറണാകുളത്തും പത്തനം തിട്ടയിലും കോവാക്‌സിൻ മാത്രമാണുള്ളത്. അശാസ്ത്രീയമായി സ്‌പോട്ട് ബുക്കിങ് ഏർപ്പെടുത്തിയതും വാക്‌സിൻ വീതംവെപ്പും പരിഹരിക്കാനായിട്ടുമില്ല. അതിനിടെ വയനാട്, കാസർകോട് ജില്ലകളിൽ 45 വയസ്സിന് മുകളിൽ ലക്ഷ്യംവെച്ച എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

വയനാട്ടിൽ 2,72,333 പേർക്കും കാസർകോട്ട് 3,50,648 പേർക്കും വാക്‌സിൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ ജില്ലകളിൽ 45-ന് മുകളിലുള്ളവർ വാക്‌സിനെടുക്കാനുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി നിർദേശിച്ചു. വയനാട്ടിലെ ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് മൊബൈൽ ടീമുകളുടെ സഹായത്തോടെയാണ് വാക്‌സിൻ നൽകിയത്.