തിരുവനന്തപുരം; കോവിഡ് വാക്‌സിനിൽ സ്വകാര്യ ആശുപത്രികൾക്ക് കോളടിക്കാൻ പുതിയ സർക്കാർ ഉത്തരവ്. കോവിഡ് വാക്‌സീൻ ലഭിക്കാൻ ഇനി തദ്ദേശ സ്ഥാപനങ്ങളിലും രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരവിന് പിന്നിൽ സ്വകാര്യ ആശുപത്രികൾക്ക് നേട്ടമുണ്ടാക്കാൻ കൂടി വേണ്ടിയാണെന്നാണ് വിമർശനം. കേരളത്തിലെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണം സിപിഎമ്മിനാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിന് താൽപ്പര്യമുള്ളവർക്കായി സർക്കാരിന്റെ സൗജന്യ വാക്‌സിൻ എടുക്കൽ ചുരുങ്ങുമെന്നാണ് വിമർശനം.

വാക്‌സിൻ കിട്ടാൻ കോവിൻ പോർട്ടലിൽ ബുക്ക് ചെയ്യുന്നതിനൊപ്പം തദ്ദേശ സ്ഥാപനത്തിലും ബുക്ക് ചെയ്യണം. താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്തെ വാക്‌സിനേഷൻ കേന്ദ്രത്തിൽ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനു തടസ്സമില്ല. എന്നാൽ അതതു തദ്ദേശ സ്ഥാപനങ്ങളിലുള്ളവർക്കാകും മുൻഗണന. കേരളത്തിൽ പലയിടത്തും വാർഡ് മെമ്പർമാർ വഴി വാക്‌സിനേഷന് ശ്രമം നടന്നു. ഇത് ആലപ്പുഴയിലും മറ്റും ഡോക്ടർക്ക് മർദ്ദനമേൽപ്പിക്കുന്ന സ്ഥിതിയുണ്ടാക്കി. ഇതോടെ കേസും പുലിവാലുമായി. അതുകൊണ്ട് കൂടിയാണ് തദ്ദേശങ്ങൾക്ക് ഉത്തരവിലൂടെ അധികാരം നൽകുന്നത് എന്നും വിമർശനമുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലെ റജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ എങ്ങനെയാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. വിശദാംശങ്ങൾ തയാറാക്കി വരുന്നതേയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏതായാലും വാർഡ് മെമ്പർ കനിഞ്ഞില്ലെങ്കിൽ വാക്‌സിൻ കിട്ടാത്ത അവസ്ഥ വരും. കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന വാക്‌സിനേഷനെ രാഷ്ട്രീയമാക്കാനാണ് നീക്കമെന്നാണ് ആക്ഷേപം. കോവിൻ പോർട്ടലിലെ ബുക്കിങ് ഇപ്പോഴും കേരളത്തിൽ താളം തെറ്റി കിടക്കുകയാണ്. അതിനിടെയാണ് പുതിയ വ്യവസ്ഥ.

കോവിൻ പോർട്ടൽ വഴി 50 % പേർക്കു ബുക്ക് ചെയ്യാം. 50 % സ്‌പോട്ട് റജിസ്‌ട്രേഷൻ വഴിയാണ്. 60 വയസ്സു കഴിഞ്ഞവർക്കും 18 വയസ്സ് കഴിഞ്ഞ കിടപ്പു രോഗികൾക്കും രണ്ടാം ഡോസ് സ്‌പോട്ട് റജിസ്‌ട്രേഷനിലൂടെ ലഭിക്കും. സർക്കാർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള ഇതര രോഗങ്ങളുള്ള 18 വയസ്സിനു മുകളിലുള്ളവർക്ക് ആദ്യ ഡോസും സ്‌പോട്ട് റജിസ്‌ട്രേഷനിലൂടെ നൽകും. മറ്റുള്ളവരെല്ലാം കോവിൻ പോർട്ടലിനൊപ്പം തദ്ദേശ സ്ഥാപനത്തിലും രജിസ്റ്റർ ചെയ്യണം. ഫലത്തിൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ മിക്കാവാറും പേർ സൗകാര്യ ആശുപത്രികളിൽ ആശ്രയം തേടും.

സ്‌പോട്ട് രജിസ്‌ട്രേഷൻ പലപ്പോഴും ഇഷ്ടക്കാർക്ക് മാത്രമായി ചുരുങ്ങുന്നുവെന്ന പരാതി വ്യാപകമാണ്. രാഷ്ട്രീയ ഇടപെടലുകൾ പലപ്പോഴും വിവാദങ്ങളുമായി. കേരളത്തിൽ പുറത്തിറങ്ങാൻ പോലും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അനിവാര്യതയായി മാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രികളിൽ പോയി കാശു കൊടുത്തും വാക്‌സിൻ എടുക്കാൻ ഏവരും നിർബന്ധിതരാകും. ഈ മാസം 15 ന് അകം 60 വയസ്സ് കഴിഞ്ഞവർക്കും 18 വയസ്സ് കഴിഞ്ഞ കിടപ്പു രോഗികൾക്കും വാക്‌സീൻ നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം.

അവസാന വർഷ ബിരുദ, പിജി വിദ്യാർത്ഥികൾ, എൽപി, യുപി സ്‌കൂൾ അദ്ധ്യാപകർ എന്നിവർക്കും 30 ന് അകം നൽകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അക്കാര്യം പുതിയ ഉത്തരവിൽ ഇല്ല. സ്വകാര്യ ആശുപത്രികൾക്കു നൽകാൻ 20 ലക്ഷം ഡോസ് വാക്സീൻ വാങ്ങാനുള്ള നടപടി പൂർത്തിയായി. ഏതൊക്കെ ആശുപത്രികൾക്ക് എത്ര വാക്സീൻ വേണമെന്നു നേരത്തേ ധാരണയുണ്ടാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ ഇതിനു മുൻകൂട്ടി സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അതിനിടെ സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീൽഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്‌സിനും തിരുവനന്തപുരം 74,500, എറണാകുളം 86,500, കോഴിക്കോട് 59,000 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ചില കേന്ദ്രങ്ങളിൽ രാത്രിയോടെയാണ് എത്തുന്നത്. ലഭ്യമായ വാക്‌സിൻ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു വരികയാണ്. ഇന്ന് 95,308 പേർക്കാണ് വാക്‌സിൻ നൽകിയത്. 411 സർക്കാർ കേന്ദ്രങ്ങളിലും 333 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 744 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,21,94,304 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,57,52,365 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 64,41,939 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.88 ശതമാനം പേർക്ക് ഒന്നാം ഡോസും 18.35 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകി.