ന്യൂഡൽഹി: ഡെൽറ്റാ വകഭേദത്തെ തടുക്കാൻ അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച 'സൈകോവ്ഡി' കോവിഡ് വാക്‌സീന് കഴിയുമോ എന്നതാണ് നിർണ്ണായകം. 12 വയസ്സിനു മുകളിലുള്ളവർക്കു നൽകാമെന്ന വിദഗ്ധസമിതി ശുപാർശ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകരിച്ചതോടെ ഈ വാക്‌സിനിൽ ഇന്ത്യാക്കാരുടെ പ്രതീക്ഷ ഏറെയാണ്. ഡിഎൻഎ വാക്‌സീനാണിത് എന്നതും പ്രത്യേകതയാണ്. അനുമതി ലഭിച്ച മറ്റു കോവിഡ് വാക്‌സീനുകളെല്ലാം ആർഎൻഎ അധിഷ്ഠിതമാണ്.

സൈകോവ് ഡിക്ക് ചില പ്രധാന സവിശേഷതകളുണ്ട്. 3 ഡോസ് വാക്‌സീനിൽ ഡോസുകൾ തമ്മിലുള്ള ഇടവേള 28 ദിവസമാണ്. കുത്തിവയ്ക്കാതെ നൽകുന്ന 'നീഡിൽ ഫ്രീ' വാക്‌സീനാണ് ഇത്. 'ഫാർമാജെറ്റ്' എന്ന ഇൻജക്ടിങ് ഗൺ കുത്തിവയ്ക്കുംപോലെ അമർത്തുമ്പോൾ ഉയർന്ന മർദത്തിൽ വാക്‌സീൻ തൊലിക്കടിയിലേക്കെത്തും. കുത്തിവയ്പു സ്ഥലത്തെ അസ്വസ്ഥതകളും മറ്റു പാർശ്വഫലങ്ങളും കുറയും. ഈ ഉപകരണം ആവശ്യത്തിന് ലഭ്യമായില്ലെങ്കിൽ വാക്‌സിനേഷനിൽ പ്രതിസന്ധി വരും.

പരീക്ഷണ ഘട്ടത്തിൽ വാക്‌സീനെടുത്ത ആരിലും രോഗം ഗുരുതരമാകുകയോ മരിക്കുകയോ ചെയ്തിട്ടില്ല. കൊറോണ വൈറസിന്റെ ജനിതക വസ്തുവിനെ ശരീരത്തിലെത്തിക്കാനും പ്രതിരോധശേഷി ഉദ്ദീപിപ്പിക്കാനും പ്ലാസ്മിഡ് ഡിഎൻഎകളെ (കോശങ്ങളിലെ ന്യൂക്ലിയസിനു പുറത്തുകാണുന്ന ഡിഎൻഎ വ്യൂഹം) വാഹകരായി ഉപയോഗപ്പെടുത്തുന്നതാണ് ഈ വാക്‌സീന്റെ പ്രവർത്തന രീതി.

സാധാരണ റഫ്രിജറേറ്റർ തണുപ്പിലാണ് സൂക്ഷിക്കേണ്ടതെങ്കിലും 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പോലും 3 മാസം വരെ കേടുകൂടാതെയിരിക്കും. ഉൽപാദനത്തിനു ബയോസേഫ്റ്റി ലാബ് 1 മതിയാകും. വൈറസ് വകഭേദങ്ങൾക്കെതിരെ ആവശ്യാനുസരണം വാക്‌സീനിൽ മാറ്റങ്ങൾ വരുത്താനും കഴിയും.

രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്‌സീനാണിത്. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്‌സീനും. കോവാക്‌സിനാണ് ആദ്യത്തേത്. കോവീഷീൽഡ് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും അത് ബ്രിട്ടീഷ് വാക്‌സിനാണ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയാണ് ഈ വാക്‌സിൻ വികസിപ്പിച്ചത്. അതുകൊണ്ട് തന്നെ 'സൈകോവ്ഡി' കോവിഡ് വാക്‌സീൻ ഇന്ത്യയുടേതാണ്.

കേന്ദ്ര വാക്‌സീൻ നയത്തിൽ മാറ്റം വരുത്തിയാൽ 12-18 പ്രായക്കാർക്കും നൽകാം. നിലവിൽ 18 വയസ്സിനു മുകളിലുള്ളവർക്കേ കോവിഡ് വാക്‌സീൻ നൽകാൻ അനുമതിയുള്ളൂ. അതുകൊണ്ട് മാത്രം ഇപ്പോഴും കാഡില 18 വയസ്സിന് മുകളിലുള്ളവർക്കേ കൊടുക്കാനാകൂ. പുതിയത് 3 ഡോസ് വാക്‌സീനാണിത്. 2 ഡോസാണെങ്കിലും മികച്ച ഫലം ലഭിക്കുമെന്നു കമ്പനി അവകാശപ്പെടുന്നുണ്ട്.

നേരത്തെ ഇന്ത്യയിൽ അനുമതി ലഭിച്ചവയിൽ ജോൺസൺ ആൻഡ് ജോൺസന്റെ ജാൻസെൻ (ഒറ്റ ഡോസ്) ഒഴികെയെല്ലാം 2 ഡോസാണ്. പരീക്ഷണഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരിൽ നൽകിയ വാക്‌സീനാണ് സൈകോവ്ഡി. 28,000 വൊളന്റിയർമാർ പരീക്ഷണ ഘട്ടത്തിൽ വാക്‌സിൻ എടുത്തു. 12-18 പ്രായക്കാരായ 1000 പേരും ട്രയലിന്റെ ഭാഗമായിരുന്നു. ഇതുകൊണ്ടാണ് കുട്ടികൾക്കും ഈ വാക്‌സിൻ നൽകാൻ അനുമതി കിട്ടുന്നത്.

സൈകോവ്ഡി വിപണിയിലെത്താൻ ഒരു മാസം കൂടി വേണ്ടിവന്നേക്കും. അനുമതി ലഭിച്ച് ഒരു മാസത്തിനുള്ളിൽ വിതരണം തുടങ്ങാൻ കഴിയുമെന്നാണ് നിർമ്മാതാക്കളായ സൈഡസ് കാഡിലയുടെ എംഡി ഡോ. ശർവിൽ പട്ടേൽ അവകാശപ്പെടുന്നു. സൈകോവ് ഡി തുടക്കത്തിൽ പ്രതിമാസം ഒരു കോടി ഡോസ് ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണു കാഡിലയുടെ കണക്കുകൂട്ടൽ.