- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പരിശോധനകൾ പരമാവധി വർധിപ്പിക്കും; മതിയായ ആശുപത്രി കിടക്കകളും ഐ.സി.യു.കളും സജ്ജമാക്കും; പരമാവധി പേർക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പരമാവധി പേർക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. സെപ്റ്റംബർ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. അതിനായി ജില്ലകളിൽ വാക്സിനേഷൻ പ്ലാൻ തയ്യാറാക്കി വാക്സിനേഷൻ യജ്ഞം ശക്തിപ്പെടുത്തണം. വാക്സിൻ വിതരണത്തിൽ കാലതാമസം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സിറിഞ്ചുകളുടെ ക്ഷാമവും പരിഹരിച്ചുവരുന്നു. 1.11 കോടി ഡോസ് വാക്സിൻ സംസ്ഥാനത്തിന് നൽകാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചാൽ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കൂടിയ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഒന്നേമുക്കാൽ വർഷമായി കോവിഡ് പ്രതിരോധത്തിനായി സമർപ്പിതമായ സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു. ഓണം കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. അതിനാൽ തന്നെ ഏതു സാഹചര്യം നേരിടാനും ആശുപത്രികൾ സജ്ജമാക്കേണ്ടതാണ്. രോഗ തീവ്രത കുറയുന്നുണ്ടെങ്കിലും മരണ നിരക്ക് പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഹോം ഐസൊലേഷനിലുള്ളവർ കൃത്യമായി മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഹോം ഐസൊലേഷനിലുള്ള ഗുരുതര രോഗമുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം.
കോവിഡ് പരിശോധന പരമാവധി വർധിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. പൊതുചടങ്ങുകളിൽ പങ്കെടുത്തവരിൽ ആർക്കെങ്കിലും രോഗം വന്നാൽ മുഴുവൻ പേരേയും പരിശോധിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങളുള്ളവരും സമ്പർക്കത്തിലുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ല.
മൂന്നാം തരംഗം മുന്നിൽ കണ്ട് ആശുപത്രികളിൽ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങൾ യോഗം വിലയിരുത്തി. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുൻകൂട്ടി കണ്ട് ഓരോ ജില്ലകളും ആശുപത്രി കിടക്കകൾ, ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ, ഐ.സി.യു.കൾ, വെന്റിലേറ്ററുകൾ എന്നിവ സജ്ജമാക്കി വരുന്നു. പീഡിയാട്രിക് വാർഡുകളും ഐ.സി.യു.വും സജ്ജമാക്കി കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. നോൺ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നൽകുന്നതാണ്.
ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എം.ഡി. ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ, ആർ.സി.എച്ച്. ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.