തിരുവനന്തപുരം: കോവിഡിൽ കോളടിക്കുന്നത് സ്വകാര്യ ആശുപത്രികൾക്ക് തന്നെ. ഒരു രൂപ പോലും ചെലവാക്കാതെ കോടികളുണ്ടാക്കാനുള്ള അവസരമാണ് സ്വകാര്യ ആശുപത്രികൾക്ക് പിണറായി സർക്കാർ നൽകുന്നത്. കോവിഡ് വാക്‌സിൻ വാങ്ങാൻ പലിശ രഹിത വായ്പ! കോവീഷീൽഡ് വാക്‌സിൻ കുത്തിവച്ച് നേട്ടമുണ്ടാക്കാനാണ് ഈ ഇടപെടൽ.

അതായത് പത്ത് ലക്ഷം കോവിഡ് വാക്‌സിനുകൾ സ്വകാര്യ ആശുപത്രികൾക്കായി കേരളാ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വാങ്ങി നൽകും. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് സർക്കാർ കൊടുക്കും. ഈ തുക ഉപയോഗിച്ച് വാക്‌സിന് മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വാങ്ങും. അതിന് ശേഷം സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ കൈമാറും. അവർ വാക്‌സിൻ കുത്തിവയ്ക്കണം. അതിന് ശേഷം പണം തിരികെ നൽകണം. ഫലത്തിൽ പലിശ രഹിത വായ്പയാണ് കോവിഡുകാലത്ത് സ്വകാര്യ ആശുപത്രികൾക്കായി സർക്കാർ നൽകുന്നത്.

നിലവിൽ സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നേരിട്ട് കമ്പനികളിൽ നിന്ന് വാങ്ങാം. അങ്ങനെ വരുമ്പോൾ പണം അവർ മുൻകൂറായി വാക്‌സിൻ കമ്പനികൾക്ക് നൽകണം. പത്ത് ലക്ഷം ഡോസിന് ചെലവാകുന്നത് 63 കോടി രൂപ. പുതിയ സർക്കാർ ഉത്തരവ് പ്രകാരം മുൻകൂട്ടി സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ ചെലവുണ്ടാകില്ല. ഈ തുക സർക്കാർ നൽകും. ഇങ്ങനെ സർക്കാർ നൽകുന്ന വാക്‌സിൻ 150 രൂപ സർവ്വീസ് ചാർജ്ജ് ഈടാക്കി സ്വകാര്യ കമ്പനികൾക്ക് ആവശ്യക്കാർക്ക് നൽകാം. അതായത് കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും കൂടി മുടൽ മുടക്കില്ലാതെ 15 കോടിയുടെ ലാഭമുണ്ടാക്കുന്ന ഇടപാടാണ് സർക്കാരിന്റേത്.

നേരത്തെ 20 ലക്ഷം ഡോസ് സ്വകാര്യ ആശുപത്രികൾക്ക് വാങ്ങി നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന് ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കുന്നതിലെ പ്രശ്‌നങ്ങൾ മറുനാടൻ അടക്കം ചർച്ചയാക്കി. 18ന് പുറത്തിറങ്ങിയ ഉത്തരവിലാണ് 10 ഡോസ് വാങ്ങാനും ഇതിന് 63 കോടി രൂപ ദുരിതാശ്വാസ നിധിയിൽ നിന്നും ഈടാക്കാനും നിർദ്ദേശിക്കുന്നത്. ഈ തുക മെഡിക്കൽ സർവ്വീസ് കോപ്പറേഷൻ അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് ഉത്തരവിലെ നിർദ്ദേശം. വാക്‌സിന്റെ വില സ്വകാര്യ ആശുപത്രികളിൽ നിന്ന് ഈടാക്കി തിരിച്ചടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഇതിൽ നിന്നാണ് പലിശ രഹിത വായ്പയായി കോവിഡ് വാക്‌സിൻ വാങ്ങാനുള്ള പണം സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നതെന്ന് വ്യക്തമാകുന്നത്. ഇങ്ങനൊരു തീരുമാനം സർക്കാർ എടുത്തതിന് പിന്നിലെ കാരണം വ്യക്തവുമല്ല. കോവിഡ് വാക്‌സിൻ കേന്ദ്രം സൗജന്യമായി നൽകില്ലെന്ന മുൻ തീരുമാനം വന്നതിന് പിന്നാലെ സംസ്ഥാന സർക്കാർ വാക്‌സിൻ ചലഞ്ച് തുടങ്ങി. കോടിക്കണക്കിന് രൂപ ഒഴുകിയെത്തുകയും ചെയ്തു.

സൗജന്യമായി എല്ലാവർക്കും കോവിഡ് വാക്‌സിൻ വാങ്ങി നൽകാനാണ് ഇങ്ങനെ സർക്കാർ പണം പിരിച്ചത്. ഈ പണം സ്വകാര്യ ആശുപത്രികളുടെ നേട്ടത്തിന് വേണ്ടി വക മാറ്റുകയാണ് സർക്കാർ. ഈ പണം ഉപയോഗിച്ച് കോവിഡ് വാക്‌സിൻ വാങ്ങി സൗജന്യമായി സർക്കാരിന് മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിലൂടെ നൽകാം. അങ്ങനെ വന്നാൽ അത് സാധാരണക്കാർക്ക് ഗുണം ചെയ്യും. സ്വകാര്യ ആശുപത്രികൾ വാക്‌സിൻ കമ്പനികളിൽ നിന്ന് നേരിട്ടും വാങ്ങും. ഇത് കോവിഡ് വാക്‌സിൻ വിതരണം വേഗത്തിലുമാക്കും.

വാക്‌സിൻ ചലഞ്ചിലൂടെ കിട്ടിയ തുക ആ ആവശ്യത്തിന് ചെലവാകുകയും ചെയ്യും. എന്നാൽ ഇതിന് മുതിരായെ വാക്‌സിൻ ചലഞ്ചിന് കിട്ടിയ പണം സ്വകാര്യ ആശുപത്രികൾക്ക് കൊള്ളലാഭത്തിന് നൽകുകയാണ് സർക്കാർ. കേന്ദ്ര മാർഗ്ഗ നിർദ്ദേശം അനുസരിച്ച് 630 രൂപ മുൻകൂറായി നൽകി വാക്‌സിൻ എടുക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് 150 രൂപ സർവ്വീസ് ചാർജ്ജ് ഈടാക്കി പൊതു ജനങ്ങൾക്ക് 780 രൂപയ്ക്ക് വാക്‌സിൻ നൽകാം എന്നാണ്.

എന്നാൽ കേരള സർക്കാരിന്റെ വിചിത്ര ഉത്തരവ് കാരണം വെറുതെ കിട്ടുന്ന വാക്‌സിൻ 150 രൂപ സർവ്വീസ് ചാർജ്ജ് അടക്കം 780 രൂപ ഈടാക്കി പൊതുജനങ്ങൾക്ക് സ്വകാര്യ ആശുപത്രികൾക്ക് നൽകാം. അതിനു ശേഷം കിട്ടിയ 780 രൂപയിൽ നിന്ന് 150 രൂപ കുറച്ച് 630 രൂപ മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് സ്വകാര്യ ആശുപത്രികൾ തിരിച്ചു നൽകണം. അത് എത്രകാലത്തിനുള്ളിൽ തിരിച്ചടയ്ക്കണമെന്ന് സർക്കാർ ഉത്തരവിൽ ഇല്ല. അതുകൊണ്ട് തന്നെ ഈ പണം പതിയെ ഖജനാവിലേക്ക് സ്വകാര്യ ആശുപത്രികൾക്ക് തിരിച്ചടയ്ക്കാനാകും. അതായത് 63 കോടിയുടെ ലോൺ.

സംസ്ഥാന സർക്കാർ വാക്‌സീൻ വാങ്ങിനൽകാമെന്ന ഉറപ്പിൽ സ്വകാര്യ ആശുപത്രികൾ നേരത്തെ 20 കോടി രൂപ ആരോഗ്യ വകുപ്പിനു കൈമാറിയിട്ടുണ്ട്. ഈ തുകയ്ക്കും വാക്‌സിൻ നൽകും. ഇതും വാക്‌സിൻ ചലഞ്ചിൽ നിന്നുള്ള പണം ഉപയോഗിച്ചാണ്. ഈ വാങ്ങലും കൊടുക്കലും കാരണം സർക്കാരിന്റെ 20 കോടിയുടെ കടവും തീരും.

സംസ്ഥാനങ്ങൾ വാക്‌സീൻ വില കൊടുത്തു വാങ്ങണമെന്നു നേരത്തേ കേന്ദ്രം പ്രഖ്യാപിച്ചത് വിവാദമായതിനു പിന്നാലെയാണു സൗജന്യമായി വാക്‌സീൻ വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തോടെ കേരളം വാക്‌സീൻ ചാലഞ്ച് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതിനു സംഭാവനകൾ സ്വീകരിച്ചു. ഈ തുക പ്രത്യേകമായി രേഖപ്പെടുത്താതെ ദുരിതാശ്വാസ നിധിയിലെ കോവിഡ് ഹെഡിലാണ് ഉൾപ്പെടുത്തിയത്.

ഇതിനകം 775.48 കോടി രൂപ ലഭിച്ചു. ഭക്ഷ്യക്കിറ്റ് വിതരണത്തിനു ചെലവഴിച്ച 450 കോടിയും ആരോഗ്യ മേഖലയ്ക്കു ലഭിച്ച 36.36 കോടിയും ഉൾപ്പെടെ 878.07 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ സ്വകാര്യ ആശുപത്രികൾ വഴി സൗജന്യമായാണു വാക്‌സീൻ നൽകുന്നത്. ഇങ്ങനെ വാക്‌സിൻ ചലഞ്ചിലൂടെ വാങ്ങുന്ന വാക്‌സിൻ സ്വകാര്യ ആശുപത്രികൾ വഴി സൗജന്യമായി കൊടുക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ശക്തമാണ്.