ന്യൂഡൽഹി: ഇന്ത്യയിൽ ഇതാദ്യമായി 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും കോവിഡ് വാക്‌സീൻ നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തതോടെ വാക്‌സിൻ നൽകാനുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറങ്ങും. നിലവിൽ 18 വയസ്സിനു മുകളിലുള്ളവർക്കു നൽകുന്ന 'കോവാക്‌സിൻ', 218 പ്രായക്കാർക്കു കൂടി നൽകാനാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു (ഡിസിജിഐ) കീഴിലെ സമിതിയുടെ ശുപാർശ. 12 വയസ്സിനു മുകളിലുള്ളവർക്ക് സൈഡസ് കാഡിലയുടെ സൈകോവ്ഡി വാക്‌സീൻ നൽകാൻ നേരത്തേ അനുമതിയായിരുന്നു. എന്നാൽ, ഈ വാക്‌സീൻ ലഭ്യമായിത്തുടങ്ങിയിട്ടില്ല. കുട്ടികൾക്ക് ഈ മാസം വാക്‌സീൻ നൽകിത്തുടങ്ങാനാണ് ശ്രമം. കോവാക്‌സിൻ ആവശ്യത്തിന് ഉറപ്പാക്കിയാക്കും നീക്കം.

ഇന്ത്യയിൽ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കെല്ലാം നൽകാൻ 60 കോടിയിൽപരം ഡോസ് വേണ്ടി വരും. 18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം ഡിസംബറിനകം പൂർണ ഡോസ് വാക്‌സീൻ എന്ന ലക്ഷ്യം ഇനിയും അകലെയാണ്. നിലവിൽ 68 കോടി പേർക്കാണ് ഒരു ഡോസ് വാക്‌സീൻ ലഭിച്ചത്. ഇതിൽ 27.35 കോടി പേർക്ക് 2 ഡോസും ലഭിച്ചു. കേരളത്തിൽ വാക്സീൻ എടുക്കേണ്ട ജനസംഖ്യയുടെ 93.64% പേർക്ക് (2,50,11,209) ആദ്യ ഡോസും 44.50% പേർക്ക് (1,18,84,300) രണ്ട് ഡോസും നൽകി.

കോവിഡ് വാക്‌സീൻ കുട്ടികൾക്കു നൽകിത്തുടങ്ങുമ്പോൾ ഗുരുതര രോഗമുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കുമാകും മുൻഗണന. മുൻഗണനാ ക്രമം നിശ്ചയിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടും. ഉടൻ തീരുമാനവും വരും. വാക്‌സീനെടുക്കാൻ കുട്ടികൾ ഏറെ ദൂരം സഞ്ചരിക്കേണ്ട സാഹചര്യവും ഒഴിവാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. ഒരു മാസം മുൻപ് ഉപയോഗാനുമതി നൽകിയ സൈകോവ്ഡിയുടെ വിതരണവും ഈ മാസം തുടങ്ങാൻ ആലോചിച്ചിരുന്നു. വില സംബന്ധിച്ചു സർക്കാരും ഉൽപാദകരും തമ്മിൽ ഭിന്നത നിലനിൽക്കുന്നതു കൊണ്ട് അതു നടന്നില്ല. ഇതിനിടെയാണ് കോവാക്‌സിന് അനുമതി.

കുട്ടികളിൽ കോവാക്‌സിൻ ഉപയോഗാനുമതി നൽകുമ്പോൾ ചില ഉപാധികൾ വയ്ക്കണമെന്നു ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു (ഡിസിജിഐ) കീഴിലെ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ട്രയലും പഠനവും തുടരണം. പുതുക്കിയ വിവരങ്ങൾ സമിതിക്കു നൽകണം. ആദ്യ 2 മാസം, ഓരോ 15 ദിവസം കൂടുമ്പോഴും വാക്‌സീന്റെ വിപരീത ഫലങ്ങളെക്കുറിച്ച് ഉൾപ്പെടെ സുരക്ഷാ വിവരങ്ങളും ലഭ്യമാക്കണം. തുടർന്ന്, മാസത്തിൽ ഒരിക്കൽ നൽകണം.

കോവാക്‌സിൻ മുതിർന്നവരിൽ ഉപയോഗിച്ച അതേ ഡോസേജ്, 2 ഡോസ് 28 ദിവസത്തെ ഇടവേളയിൽ, ആണ് കുട്ടികൾക്കും പരീക്ഷണാടിസ്ഥാനത്തിൽ നൽകിയത്. ട്രയൽ വിവരം പരസ്യമാക്കിയില്ലെങ്കിലും ഫലപ്രാപ്തിയിൽ വരുന്നത് ശുഭ സൂചനകളാണ്. 218 പ്രായക്കാരായ കുട്ടികൾക്കായി വാക്‌സീൻ വിപണിയിൽ ലഭ്യമാക്കുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. സീറം ഇൻസ്റ്റിറ്റ്യൂട്ടും യുഎസ് കമ്പനിയായ നോവവാക്‌സും ചേർന്നു വികസിപ്പിച്ച കോവോവാക്‌സ്, ഹൈദരാബാദിലെ ബയോളജിക്കൽഇ വികസിപ്പിച്ച കോർബെവാക്‌സ് എന്നിവയും കുട്ടികളിലെ പരീക്ഷണം തുടരുകയാണ്.

12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു ശുപാർശ ചെയ്യപ്പെട്ടത് ഇന്ത്യയുടെ തദ്ദേശീയ വാക്‌സീനായ കോവാക്‌സിന്റെ ഭാവി വിപണനത്തിലും നിർണായകമാകും. ഫൈസർ, മൊഡേണ തുടങ്ങിയ കമ്പനികളുടെ വാക്‌സീൻ പോലും 12 വയസ്സിനു താഴെയുള്ളവർക്കു കുത്തിവയ്ക്കാൻ തുടങ്ങിയിട്ടില്ല. കുട്ടികളിലെ വാക്‌സിനേഷൻ ഇന്ത്യയിൽ ഫലപ്രദമായാൽ കോവാക്‌സിനു കൂടുതൽ ആവശ്യക്കാർ വരും. ലോകാരോഗ്യ സംഘടന ഇതുവരെ കോവാക്‌സി ന് അനുമതി നൽകിയിട്ടില്ല. ഇതു സംബന്ധിച്ച തീരുമാനം വരുംദിവസങ്ങളിൽ തന്നെയുണ്ടാകും.

2 വയസ്സിനു മുകളിലുള്ളവർക്കെല്ലാം വാക്‌സീൻ നൽകാൻ ആദ്യം അനുമതി നൽകിയ രാജ്യം ക്യൂബയാണ്. തദ്ദേശീയമായി വികസിപ്പിച്ച വാക്‌സീനാണ് ക്യൂബ ഉപയോഗിക്കുന്നത്. ട്രയൽ ഡേറ്റ ഇപ്പോഴും രഹസ്യമാക്കിയിരിക്കുന്ന ക്യൂബ ലോകാരോഗ്യ സംഘടനയുടെ അനുമതി തേടുമെന്ന് വ്യക്തമാക്കിയിരുന്നു.സിനോഫാം: വുഹാനിലെ സിനോഫാം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സീൻ 317 പ്രായക്കാരിൽ ഉപയോഗിക്കാൻ ചൈനയും അർജന്റീനയും അനുമതി നൽകിയിട്ടുണ്ട്. യുഎഇയിൽ 3 വയസ്സിനു മുകളിലുള്ളവർക്ക് ഉപയോഗാനുമതിയുണ്ടെങ്കിലും നിർബന്ധമല്ല.