- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുമതിയില്ലാതെ പിടിച്ച തുക തിരികെ നൽകണം; ആവർത്തിക്കില്ലെന്ന് എഴുതി നൽകണം; വാക്സിൻ ചലഞ്ചിന് നിർബന്ധിത പിരിവ് വേണ്ടെന്ന് ഹൈക്കോടതി; വിധി കെഎസ്ഇബിയിലെ രണ്ട് മുൻ ജീവനക്കാരുടെ പെൻഷനിൽ നിന്ന് പണം പിടിച്ച സംഭവത്തിൽ; വാക്സിൻ ചലഞ്ചിലെ പണവിനിയോഗം വ്യക്തമാക്കാതെ സിഎംഡിആർഎഫും
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വാക്സിൻ ചലഞ്ചിന് നിർബന്ധിത പിരിവ് പാടില്ലെന്ന് കേരളാ ഹൈക്കോടതി. കെഎസ്ഇബിയിലെ രണ്ട് മുൻ ജീവനക്കാരുടെ പെൻഷനിൽ നിന്ന് അനുമതിയില്ലാതെ പിടിച്ച തുക തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഒരുദിവസത്തെ പെൻഷൻ തുക പിടിച്ചതിന് എതിരെ കെഎസ്ഇബി മുൻ ജീവനക്കാരുടെ ഹർജിയിലാണ് കോടതി ഇടപെടൽ.
രണ്ടാഴ്ചയ്ക്കകം തുക തിരികെ നൽകണം. ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്നും കോടതി വ്യക്തമാക്കി. ഇവരുടെ അസോസിയേഷന്റെ അനുമതിയോടെയാണ് പണം പിടിച്ചത് എന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ പെൻഷൻ വിഹിതം നിർബന്ധമായി ഈടാക്കിയ നടപടിക്ക് നിയമ പിൻബലമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം വാക്‌സിൻ ചലഞ്ചിൽ ലഭിച്ച സംഭാവനയുടെ കണക്കും അതിന്റെ വിനിയോഗവും സിഎംഡിആർഎഫ് വ്യക്തമാക്കിയിരുന്നില്ല. കോവിഡ് 19ന്റെ ഭാഗമായി 2020 മാർച്ച് 20 മുതൽ ഇതുവരെ ലഭിച്ച തുകയും വിനിയോഗവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സൈറ്റിലുള്ളത്. 696 കോടി കോവിഡ് ഫണ്ടായി സമാഹരിച്ചപ്പോൾ ഭക്ഷ്യ കിറ്റിനടക്കം ഈ തുക വിനിയോഗിച്ചതായാണ് സിഎംഡിആർഎഫ് കണക്ക്.
എപ്രിൽ മാസം കോവിഡ് വാക്‌സിൻ പണം കൊടുത്ത് വാങ്ങാൻ കേന്ദ്രം നിർദ്ദേശിച്ചതോടെ, വാക്‌സിൻ ചലഞ്ചുമായി ജനങ്ങളുടെ സഹായം ആവശ്യപ്പെട്ടത് സിഎംഡിആർഎഫിൽ. മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ലഭിച്ചത് വലിയ പിന്തുണയും. വലിയ സഹായമൊഴുകിയപ്പോഴും ചലഞ്ചിന് ദുരിതാശ്വാസ നിധിയിൽ പ്രത്യേക ഹെഡ് ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ വർഷം കോവിഡ് 19 പ്രവർത്തനങ്ങൾക്കായി സിഎംഡിആർഎഫിൽ തുടങ്ങിയ ഹെഡിലാണ് വാക്‌സിന് ചലഞ്ചിൽ എത്തിയ തുകയും ഉൾപ്പെടുത്തിയത്. ഇതോടെ കോവിഡ് സഹായവും വാക്‌സിൻ ചലഞ്ചും കൂടി മറിഞ്ഞു. കണക്കിൽ ഇതുവരെ 696കോടി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലഭിച്ചെങ്കിലും വാക്‌സിൻ ചലഞ്ചിൽ മാത്രം എത്ര എത്തി എന്ന് വ്യക്തമല്ല.
ആദ്യഘട്ടത്തിൽ കേരളം വാക്‌സിൻ വാങ്ങിയെങ്കിലും പിന്നീട് കേന്ദ്രം വാക്‌സിൻ സൗജന്യമാക്കിയത് സർക്കാറിന് ആശ്വസമായിരുന്നു. ഇനിയുള്ള ചെലവ് ഒഴിഞ്ഞെങ്കിലും കേന്ദ്ര തീരുമാനം വരുന്നതിന് മുമ്പ് വാക്‌സിനായി എത്ര തുക ചെലവഴിച്ചു എന്നും വ്യക്തമാക്കിയിട്ടില്ല. സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നതിനടക്കം കോവിഡ് 19 ഹെഡിൽ ജനങ്ങൾ സംഭാവന നൽകിയ തുക ചെലവഴിച്ചതായി സൈറ്റിൽ വ്യക്തമാക്കുന്നു. കിറ്റിനായി മാത്രം 450കോടിയാണ് ഇതിൽ നിന്നും ചെലവഴിച്ചത്.
മറുനാടന് ഡെസ്ക്