- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ പ്രതിദിന വിതരണത്തിൽ റെക്കോർഡിടുമ്പോഴും ദേശീയ തലത്തിൽ കേരളത്തന് തിരിച്ചടി; വാക്സിൻ വിതരണത്തിൽ ദേശീയ തലത്തിൽ കേരളത്തിന് പതിനൊന്നാം സ്ഥാനം; സ്പോട്ട് രജിസ്ട്രേഷൻ കുടി ആരംഭിച്ചതോടെ വിതരണം താറുമാറായെന്നും ആക്ഷേപം.
തിരുവനന്തപുരം: പ്രതിദിന വാക്സിൻ വിതരണത്തിന്റെ കണക്കിൽ സംസ്ഥാനം ഊറ്റം കൊള്ളുമ്പോഴും ദേശീയ തലത്തിൽ സംസ്ഥാനത്തിന്റെ സ്ഥാനം പിന്നിൽ.പുതിയ കണക്കനുസരിച്ച് ദേശീയ തലത്തിൽ വാക്സിൻ വിതരണത്തിന്റെ കാര്യത്തിൽ പതിനൊന്നാം സ്ഥാനമാണ് കേരളത്തിന്. കേരളത്തെക്കാൾ ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് മുന്നിൽ അധികവും എന്നതും ശ്രദ്ധേയമാണ്.സ്പോട്ട് രജിസ്ട്രേഷന് ഊന്നൽ നൽകിയതോടെ വിതരണവും താറുമാറായതായും ആക്ഷേപം ഉയർന്നുകഴിഞ്ഞു.സ്ലോട്ട് കിട്ടുന്നതുൾപ്പടെയുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെ മിക്കവരും ഇപ്പോൾ സ്പോട്ട് രജിസ്ട്രേഷനെയാണ് ആശ്രയിക്കുന്നത്.
കോവിൻ പോർട്ടൽ വഴി മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ഭാഗികമായി മാത്രമാണ് ഇപ്പോൾ നടക്കുന്നത്.സമയക്രമമില്ലാതെ ആളുകൾ വിതരണകേന്ദ്രങ്ങളിൽ എത്തുന്നത് പലയിടത്തും ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്.രണ്ടാം ഡോസിന് സമയമായെങ്കിലും യഥാസമയം വാക്സിൻ ലഭിക്കുന്നില്ലെന്ന പരാതികളാണ് ഏറെയും. ഇതുസംബന്ധിച്ച പോർട്ടലിൽനിന്നുള്ള മെസേജുമായി വിതരണകേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നവരുടെ മുന്നിൽ ആരോഗ്യപ്രവർത്തകരും കൈമലർത്തുകയാണ്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതലുള്ള സർക്കാർ കേന്ദ്രങ്ങളിൽ പൂർണമായും ബുക്കുചെയ്തുവെന്ന വിവരമാണ് തുടക്കത്തിൽത്തന്നെ കോവിൻ പോർട്ടലിൽ ദൃശ്യമാവുന്നതെന്നും വിതരണകേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നവർ പരാതിപ്പെടുന്നു.അതിനുപുറമെ സർക്കാർ വിതരണകേന്ദ്രങ്ങളിലെത്തുന്ന വാക്സിനിൽ ഭൂരിഭാഗവും തദ്ദേശസ്ഥാപനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും വീതംവെച്ചെടുക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
18-ന് മുകളിൽ സ്കൂൾ അദ്ധ്യാപകരും കോളേജ് വിദ്യാർത്ഥികളും അടക്കം അറുപതിലധികം വിഭാഗങ്ങൾക്ക് മുൻഗണന നൽകി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പോർട്ടലിൽ ഇതിനുള്ള സൗകര്യമൊന്നും ഏർപ്പെടുത്തിയിട്ടില്ല. ദേശീയ തലത്തിൽ ഉത്തർപ്രദേശാണ് രാജ്യത്ത് ഏറ്റവും അധികം വിതരണം ചെയ്തത്. 3.61 കോടിയാളുകൾക്ക് ആദ്യ ഡോസും 70 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകി.
മറുനാടന് മലയാളി ബ്യൂറോ