വിയന്ന: ആർത്തവകാലത്ത് നാപ്കിന്നുകൾക്കു പകരം യുവതികൾ ഉപയോഗിക്കുന്ന ടാംപൂൺ മൂലം ഉണ്ടാകുന്ന ടോക്‌സിക് ഷോക്ക് സിൻഡ്രത്തിന് ലോകത്ത് ആദ്യമായി വാക്‌സിൻ കണ്ടുപിടിച്ച് വിയന്ന യൂണിവേഴ്‌സിറ്റി ഗവേഷകർ ചരിത്രം കുറിച്ചു. ശരീരത്തിനുള്ളിൽ വയ്ക്കുന്ന ടാംപൂണുകളിൽ നിന്ന് വിഷാംശം ശരീരത്തിൽ പടരുന്നതിനെ തുടർന്ന് അവയവങ്ങളുടേയും രക്തധമനികളുടേയും പ്രവർത്തനം സ്തംഭിക്കാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന ടോക്‌സിക് ഷോക്ക് സിൻഡ്രത്തിന് ഇതുവരെ ആരും മരുന്ന് കണ്ടെത്തിയിട്ടില്ലായിരുന്നു.

വിയന്ന യൂണിവേഴ്‌സിറ്റി ഗവേഷകർ വികസിപ്പിച്ചെടുത്ത വാക്‌സിൻ ടെസ്റ്റ് നടത്തിയ 46 പേരിൽ ഇതു ഫലപ്രദമാണെന്നു കണ്ടെത്തി. വിയന്ന യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്ലിനിക്കൽ ഫാർമക്കോളജി ഗവേഷകരാണ് വാക്‌സിൻ വികസിപ്പിച്ചെടുത്തത്. സാധാരണയായി ചില പ്രത്യേക തരത്തിലുള്ള ടാംപൂണുകളുടെ ഉപയോഗത്തെ തുടർന്ന് ഉണ്ടാകുന്ന രോഗമാണെന്നതിനാൽ ഈ രോഗാവസ്ഥയെ ടാംപൂൺ ഡിസീസ് എന്നും അറിയപ്പെടുന്നു.

ടോക്‌സിക് ഷോക്ക് സിൻഡ്രം പിടിപെടുന്ന അമ്പതു ശതമാനത്തോളം പേർ ആർത്തവമുള്ള ചെറുപ്പക്കാരായ സ്ത്രീകളാണെങ്കിലും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷം കുറഞ്ഞിരിക്കുന്ന ഡയാലിസിസ് രോഗികൾ, ഹൃദയശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നവർ എന്നിവർക്കൊക്കെ ഈ രോഗം പിടിപെടാറുണ്ട്.

ആദ്യമായി ടാംപൂൺ ഉപയോഗിച്ചതിനെ തുടർന്ന്  ടോക്‌സിക് ഷോക്ക് സിൻഡ്രം പിടിപെട്ട് യുകെയിലുള്ള പതിനാലുകാരി മരിച്ചതോടെ 2013-ൽ ഇതിനെതിരേ വൻ കാമ്പയിനുകൾ ആരംഭിച്ചിരുന്നു. അസുഖബാധിതയായ നടാഷ സ്‌കോട്ട് ഫാൽബർ അഞ്ചാം ദിവസം മരിച്ചത് ടോക്‌സിക് ഷോക്ക് സിൻഡ്രം മൂലമാണെന്ന് പിന്നീടാണ് വ്യക്തമായത്.