കോഴിക്കോട്: കോവിഡ് മഹാമാരിയിൽ രാഷ്ട്രീയം കളിച്ച് ലീഗ് കൗൺസിലർ. കോവിഡ് പ്രതിരോധ വാക്‌സിൻ സൗകര്യം മുസ്ലിം ലീഗുകാർക്കു മാത്രം നൽകിയാണ് കൊയിലാണ്ടി നഗരസഭ കൗൺസിലർ രാഷ്ട്രീയം കളിച്ചത്. 42ാം വാർഡിലെ 60 വയസ്സിനു മുകളിലുള്ളവർക്കു നൽകാൻ അനുവദിച്ച ടോക്കനാണ് തന്റെ വാർഡിലും സമീപ വാർഡുകളിലുമുള്ള മുസ്ലിം ലീഗുകാർക്കു മാത്രം നൽകി വാക്‌സിൻ സ്വീകരിക്കാൻ സൗകര്യം ചെയ്തു കൊടുത്തത്.

ഇതു സംബന്ധിച്ച കൗൺസിലറുടെ വീരവാദമടങ്ങിയ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. 42ാം വാർഡ് കൗൺസിലർ കെ എം നജീബാണ് മഹാമാരിയിൽ രാഷ്ടീയം കളിച്ചത്. തന്റെ വാർഡിൽ കൊടുക്കാൻ നൽകിയ വാക്‌സിൻ താൻ അടുത്ത വാർഡുകളിലും നൽകിയിട്ടുണ്ട്. മുസ്ലിം ലീഗുകാരായതുകൊണ്ടു മാത്രം. എന്റെ വാർഡിൽ വാക്‌സിൻ അനുവദിച്ചുകിട്ടിയാൽ അത് നഗരസഭയിലെ മറ്റു വാർഡുകളിലെ മുസ്ലിം ലീഗുകാർക്കും നൽകും. താൻ മുസ്ലിം ലീഗിനാണു പ്രധാന്യം നൽകുന്നത്.

ഈ കൊടിയാണ് തന്നെ കൗൺസിലറാക്കിയത്. ലീഗിനു വേണ്ടി ഇങ്ങനെ ചെയ്തതിന് കൗൺസിലർ സ്ഥാനം പോയാലും തനിക്ക് സന്തോഷമേയുള്ളുവെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു. സംഭവം പുറത്തു വന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നു. നിരവധി പരാതികൾ നഗരസഭ അധികൃതർക്കു ലഭിച്ചു. പൊതു ജനങ്ങളും സംഘടനകളും പരാതികളുമായെത്തി. ഇടതു മുന്നണി 42ാം വാർഡിൽ ശനിയാഴ്ച പ്രതിഷേധ പരിപാടികൾ നടത്തും.

കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിൽ രാഷ്ട്രിയ പക്ഷപാതിത്വം കാണിച്ച നഗരസഭ 42ാം വാർഡ് കൗൺസിലർ കെ എം നജീബ് രാജിവെക്കണമെന്ന് സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പുറത്തു വന്ന, കൗൺസിലറുടെ ശബ്ദസന്ദേശം അതീവ ഗൗരവമുള്ളതാണ്. കൗൺസിലറുടെ പ്രവർത്തനങ്ങൾ സത്യപ്രതിജ്ഞ ലംഘനമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. വാക്‌സിൻ വിതരണം മാനദണ്ഡങ്ങൾ ലംഘിച്ച് സ്വന്തം പാർട്ടിക്കാർക്കു മാത്രമാക്കി മാറ്റിയ നഗരസഭ 42ാം വാർഡ് ലീഗ് കൗൺസിലർ കെ എം നജീബിനെ അയോഗ്യനാക്കണമെന്ന് സി പി എം, ഡി വൈ എഫ് ഐ, എ ഐ വൈ എഫ് സംഘടനകളും ആവശ്യപ്പെട്ടു.