തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്ക് വേണ്ടി വാക്‌സിൻ വാങ്ങാൻ 126 കോടി രൂപ സർക്കാർ അനുവദിച്ചതിന്റെ ഉത്തരവ് പുറത്ത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 20 ലക്ഷം കോവിഷീൽഡ് വാക്‌സിൻ വാങ്ങാനാണ് തുക അനുവദിക്കുക. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി വാക്‌സിൻ സംഭരിച്ച് വിതരണം ചെയ്യുക.

കേരള മെഡിക്കൽ സർവീസ് കോർപറേഷൻ 10 ലക്ഷം ഡോസ് വീതം രണ്ട് തവണയായി വാക്‌സിൻ സംഭരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് 126 കോടി രൂപ അനുവദിച്ചത്. സ്വകാര്യ ആശുപത്രികളിൽ നിന്ന് തത്യുല്യമായ തുക പിന്നീട് വാക്‌സിൻ വിതരണത്തിന് ശേഷം ശേഖരിച്ച് ഫണ്ടിലേക്ക് തിരിച്ചടയ്‌ക്കേണ്ട ചുമതലയും മെഡിക്കൽ സർവീസ് കോർപ്പറേഷനാണെന്ന് ഉത്തരവ് പറയുന്നു.

ഏഴാം ക്ലാസായി പറയുന്ന ഈ വാചകം അടിമുടി ദുരൂഹമാണ്. ദുരിതാശ്വാസനിധിയിൽ നിന്ന് കേരളാ മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് പലിശയില്ലാ വായ്പ അനുവദിക്കുന്നതിന് സമാനമാണ് പണം കൈമാറൽ. നേരത്തെ ഇതു സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നിൽ ദുരിതാശ്വാസ ഫണ്ട് സർക്കാർ ഇനത്തിലേക്ക് വകമാറ്റാനുള്ള തന്ത്രമാണെന്നും സൂചനകളുണ്ടായിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് ഈ ഉത്തരവും.

വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി സൗജന്യമായി പാവപ്പെട്ടവർക്ക് വാക്‌സിൻ നൽകാൻ മലയാളികൾ നൽകിയത് 775.48 കോടി രൂപയാണ്. ഇതിൽ ഭക്ഷ്യക്കിറ്റ് വിതരണത്തിനു ചെലവഴിച്ച 450 കോടിയും ആരോഗ്യ മേഖലയ്ക്കു ലഭിച്ച 36.36 കോടിയും ഉൾപ്പെടും. സൗജന്യ വാക്‌സിൻ വാങ്ങേണ്ടിയും വന്നിട്ടില്ല. ഈ സാഹചര്യത്തിൽ 126 കോടി വാക്‌സിൻ വിതരണത്തിന് നൽകിയെന്ന് വരുത്താനാണ് സർക്കാർ നീക്കമെന്നാണ് ഉയരുന്ന സംശയം.

സ്വകാര്യ ആശുപത്രികളിലേക്ക് വാക്‌സിൻ നൽകുന്ന നടപടിക്ക് സംസ്ഥാന ഹെൽത്ത് ഏജൻസിയും കോർപ്പറേഷനൊപ്പം സഹകരിക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. സംസ്ഥാന ഹെൽത്ത് ഏജൻസി സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചർച്ചകളിൽ 18.18 ലക്ഷം ഡോസ് വാക്‌സിന്റെ ആവശ്യകത ആശുപത്രികൾ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് സർക്കാർ വിശദീകരണം.



നിലവിൽ 630 രൂപയ്ക്കാണ് കോവീഷീൽഡ് സ്വകാര്യ ആശുപത്രികൾ നിന്ന് വാക്‌സിൻ നിർമ്മതാക്കളിൽ നിന്ന് വാങ്ങുന്നത്. ഇത് 150 രൂപ കൂട്ടി വിൽക്കുകയും ചെയ്യണം. പിണറായി സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് സംസ്ഥാന സർക്കാർ സംവിധാനം വാക്‌സിൻ വാങ്ങി 630 രൂപയ്ക്ക് തന്നെ നൽകുമെന്നായിരുന്നു മനോരമ വാർത്ത. ഇതിന് വാക്‌സിൻ ചലഞ്ചിലെ പണം ഉപയോഗിക്കും. ഇങ്ങനെ വാങ്ങുന്ന വാക്‌സിൻ സ്വകാര്യ ആശുപത്രികൾ പണം നൽകി വാങ്ങും. അപ്പോൾ ആ തുക എത്തുന്നത് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ അക്കൗണ്ടിലാകും എന്നാണ് മനോരമ വാർത്തയിൽ നിന്ന് മനസ്സിലായതും.

ഈ ഇടപാടിലൂടെ ഫലത്തിൽ വാക്‌സിൻ ചലഞ്ചിൽ കിടക്കുന്ന സൗജന്യമായി ആളുകൾ സംഭാവന ചെയ്ത 126 കോടി രൂപ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് സ്വന്തമാകും. വാക്‌സിൻ ചലഞ്ചിലെ തുക വാക്‌സിൻ വാങ്ങാൻ ചെലവിട്ടുവെന്ന തരത്തിൽ ചർച്ചയും കൈയടിയും സർക്കാരിന് സ്വന്തമാകുകയും ചെയ്യും. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്തുമ്പോൾ വെളിവാകുന്നത് വാക്‌സിൻ ചലഞ്ചിലെ പണം തട്ടൽ തന്ത്രമാണെന്ന ആരോപണം അതിശക്തമാണ്. സംസ്ഥാന സർക്കാർ വാക്‌സീൻ വാങ്ങിനൽകാമെന്ന ഉറപ്പിൽ സ്വകാര്യ ആശുപത്രികൾ നേരത്തെ 20 കോടി രൂപ ആരോഗ്യ വകുപ്പിനു കൈമാറിയിട്ടുണ്ട്. ഈ തുകയ്ക്കും വാക്‌സിൻ നൽകും. ഇതും വാക്‌സിൻ ചലഞ്ചിൽ നിന്നുള്ള പണം ഉപയോഗിച്ചാണ്. ഈ വാങ്ങലും കൊടുക്കലും കാരണം സർക്കാരിന്റെ 20 കോടിയുടെ കടവും തീരും.



ഭാവിയിൽ പണം തിരിച്ചടയ്ക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ മുഴുവൻ തുകയും അടയ്ക്കണോ എന്നും ഇങ്ങനെ എടുക്കുന്ന പണത്തിന് പലിശ നൽകണമോ എന്നൊന്നും വ്യക്തമില്ല. ഫലത്തിൽ സ്വകാര്യ ആശുപത്രികൾക്ക് പലിശയില്ലാ വായ്പ നൽകാനാണോ ഈ ഉത്തരവ് എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

സംസ്ഥാനങ്ങൾ വാക്‌സീൻ വില കൊടുത്തു വാങ്ങണമെന്നു നേരത്തേ കേന്ദ്രം പ്രഖ്യാപിച്ചത് വിവാദമായതിനു പിന്നാലെയാണു സൗജന്യമായി വാക്‌സീൻ വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തോടെ കേരളം വാക്‌സീൻ ചാലഞ്ച് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതിനു സംഭാവനകൾ സ്വീകരിച്ചു. ഈ തുക പ്രത്യേകമായി രേഖപ്പെടുത്താതെ ദുരിതാശ്വാസ നിധിയിലെ കോവിഡ് ഹെഡിലാണ് ഉൾപ്പെടുത്തിയത്. ഈ കോവിഡ് ഹെഡിൽ നിന്ന് പണം മാറുന്നതിന് ഈ ഇടപാട് കാരണമാകും. പിന്നീട് ദുരിതാശ്വാസ നിധിയിലേക്ക് പണം അടച്ചാലും അത് മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാനാകും.

അന്തരിച്ച സിപിഎം എംഎൽഎയുടെ കുടുംബത്തിനും ഇടതു നേതാവിന്റെ ആശ്രിതർക്കും വരെ ഈ ഫണ്ടിൽ നിന്ന് പണം അനുവദിച്ചത് വിവാദമായിരുന്നു.