ഇടുക്കി: കൊക്കയാറിൽ ഉരുൾപൊട്ടി ദുരന്തമുണ്ടായത് കേരളമാകെ കണ്ടപ്പോൾ അതേ പഞ്ചായത്തിനുള്ളിൽ ദുരന്തഭൂമിയിൽ നിന്നും നാല് കിലോമീറ്റർ മാത്രം മാറി വടക്കേമലയിൽ മലവെള്ളപെയ്ത്ത് ദുരന്തം വിതച്ചത് ആരും അറിഞ്ഞില്ല. ഉള്ളിലേയ്ക്ക് മാറിയുള്ള പ്രദേശമായതിനാലും ഇവിടേയ്ക്ക് പ്രവേശിക്കാനുള്ള പാലങ്ങളെല്ലാം തകർന്നതിനാൽ അവിടത്തെ വാർത്തകൾ പുറംലോകമറിയാൻ ഒരു ദിവസം കഴിയേണ്ടിവന്നു.

ശനിയാഴ്‌ച്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്ക് എണ്ണമറ്റ ഉരുൾപൊട്ടലുകളാണ് ഈ പ്രദേശത്ത് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. അഞ്ച് വീടുകൾ പൂർണമായും ഒലിച്ചുപോകുകയും ഇരുപതോളം വീടുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആ പ്രദേശത്തെ ജനങ്ങളുടെ വസ്ത്രങ്ങളടക്കം സകലസമ്പാദ്യങ്ങളും നശിച്ചുപോയി. ഏതാനുംപേർക്ക് പരിക്ക് പറ്റിയതൊഴിച്ചാൽ ആരും മണ്ണിനടിയിലായില്ല എന്നതുകൊണ്ട് മാത്രമാണ് പുറംലോകമറിയാൻ വൈകിയിട്ടും ജീവാപായം ഒന്നും സംഭവിക്കാത്തത്.

ദൂരെ നിന്നും ഉരുൾപൊട്ടിവരുന്നത് കണ്ടവർ മറ്റ് വീട്ടുകാർക്കും മുന്നറിയിപ്പ് നൽകി ഓടിമാറിയതുകൊണ്ടാണ് വലിയൊരു ദുരന്തം അകന്നുപോയതെന്ന് പ്രദേശവാസികൾ പറയുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ വീടിനുള്ളിൽ നിന്നിരുന്നവർക്കെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറാൻ സാധിച്ചു. എന്നാൽ ഉടുതുണിയല്ലാതെ മറ്റൊന്നും കയ്യിലെടുക്കാൻ സാധിക്കാത്തതിനാൽ ഇക്കാലമത്രയും സമ്പാദിച്ചതെല്ലാം കൺമുമ്പിൽ ഒലിച്ചുപോകുന്നത് നോക്കിനിൽക്കാനെ സാധിച്ചുള്ളു.

ഉരുൾപൊട്ടലിൽ പുറത്തേയ്ക്കുള്ള പാലങ്ങൾ തകർന്ന് യാത്രാമാർഗങ്ങൾ അടയുകയും വാർത്താവിനിമയമാർഗങ്ങൾ സ്തംഭിക്കുകയും ചെയ്തതോടെ വടക്കേമലയിലെ ജനങ്ങൾ പുറംലോകവുമായി ബന്ധങ്ങളില്ലാതെ, ഭക്ഷണവും കുടിവെള്ളവും തലചായ്ക്കാൻ ഇടവുമില്ലാതെ അക്ഷരാർത്ഥത്തിൽ ഒരുദിവസത്തോളം ഒറ്റപ്പെട്ടുപോകുകയായിരുന്നു. വടക്കൻ മലയിലേയ്ക്കുള്ള റോഡുകളെല്ലാം തടസപ്പെട്ടതിനാൽ രാവിലെ പരിക്കേറ്റവരെ രാത്രിയിൽ മാത്രമാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. വടക്കേമലയിലും ഉറുമ്പിക്കരയിലുമായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നലെയോടെ പ്രവർത്തനമാരംഭിച്ചു. വടക്കേമലിലെ ദുരിതാശ്വാസക്യാമ്പിൽ 260 കുടുംബങ്ങൾ ഉണ്ട്.

ഉരുൾപൊട്ടലിൽ ഈ പ്രദേശത്തെ പോസ്റ്റുകളും ട്രാൻസ്‌ഫോമറുകളും വ്യാപകമായി നശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് വൈദ്യുതി പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. പലരുടെയും ഫോണുകൾ ചാർജ് ചെയ്യാൻ പോലുമാകാതെ വേണ്ടപ്പെട്ടവരെ ബന്ധപ്പെടാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. അപകടവാർത്തയറിഞ്ഞ് ഇവരെ ബന്ധപ്പെടാൻ ശ്രമിക്കുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിവരങ്ങൾ അറിയാനും കഴിയുന്നില്ല. ഈ പ്രദേശത്ത് ഇപ്പോൾ രൂക്ഷമായ കുടിവെള്ളപ്രശ്‌നവും നിലനിൽക്കുന്നുണ്ട്.

ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, പീരുമേട് എംഎൽഎ വാഴൂർ സോമൻ, കളക്ടർ ഷീബാ ജോർജ് തുടങ്ങിയവർ വടക്കേമല സന്ദർശിക്കുകയും ദുരിതാശ്വാസ ക്യാമ്പിലേയ്ക്കുള്ള സൗകര്യങ്ങളെല്ലാം ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.