- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികാരം വിളിച്ച് വരുത്തുന്ന വിധമുള്ള വസ്ത്രധാരണം ലൈംഗികാധിക്രമം ക്ഷണിച്ച് വരുത്തുന്നതിന് കാരണമാകുന്നു എന്നത് ഒരു പരമാർത്ഥം! ഔറത്ത് മറയ്ക്കാൻ കോടതി എന്ന തലക്കെട്ടിൽ കോടതി വിധിയെ പൂർണമായും സ്വാഗതം ചെയ്ത് വടശേരി ഹസൻ മുസലിയാർ; സിവിക് ചന്ദ്രന് പിന്തുണയുമായി കാന്തപുരം നേതാവ്; അത് നാണവും മാനവും ഉളുപ്പുമുള്ളവർക്ക് അഭിമാനിക്കാവുന്ന വിധിയോ?
കോഴിക്കോട് : പരാതിക്കാരി ലൈംഗിക പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമ പരാതി നിലനിൽക്കില്ലെന്ന് പരാമർശിച്ച് എഴുത്തുകാരൻ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി കൃഷ്ണകുമാറിന്റെ നടപടിക്കെതിരെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിത രംഗത്തുള്ളവർക്ക് രംഗത്തെത്തിയതിന് പിന്നാലെ കോടതിയുടെ പരാമർശനം ശരിയെന്ന് കാന്തപുരം സു്ന്നി വിഭാഗം.
വികാരം വിളിച്ച് വരുത്തുന്ന വിധമുള്ള വസ്ത്രധാരണം ലൈംഗികാധിക്രമം ക്ഷണിച്ച് വരുത്തുന്നതിന് കാരണമാകുന്നു എന്നത് ഒരു പരമാർത്ഥമാണെന്നാണ് കാന്തപുരം സുന്നി വിഭാഗം നേതാവും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷനുമായ വടശേരി ഹസൻ മുസിയാർ രംഗത്തെത്തിയത്. ഔറത്ത് മറയ്ക്കാൻ കോടതി എന്ന തലക്കെട്ടിലാണ് കോടതി വിധിയെ പൂർണമായും സ്വാഗതം ചെയ്ത ഹസൻ മുസലിയാർ ഫേസ് ബുക്ക് പോസ്റ്റിട്ടത്.
ചില സ്ത്രീകളുടെ നാണം കെട്ട വസ്ത്രധാരണ രീതിക്കെതിരെ കടുത്ത പരാമർശം നടത്തിയിരിക്കുന്നു. എഴുത്തുകാരൻ സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസിന്റെ വിധിയിലാണ് ജഡ്ജി കൃഷ്ണകുമാറിന്റെ പരാമർശമുള്ളത്. ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വിധം വസ്ത്രധാരണം നടത്തുന്നവരുടെ ലൈംഗികാതിക്രമ പരാതി നിലനിൽക്കില്ലന്നാണ് കോടതി വ്യക്തമാക്കിയത്. ജാമ്യാപേക്ഷയിൽ സമർപ്പിച്ച ഫോട്ടോകളിൽ ഇരയുടെ വാസ്ത്രധാരണ രീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വിധമാണെന്ന് കോടതി ചൂണ്ടികാട്ടി. നാണവും മാനവും ഉളുപ്പുമുള്ളവർക്ക് അഭിമാനിക്കാവുന്ന വിധിയാണിത്. കോടതിക്കും ഇതൊക്കെ മനസ്സിലാകുന്നു എന്നത് നല്ല കാര്യമാണെന്നും മുസലിയാർ പറയുന്നു. അതേസമയം മുസ്ലിലാരുടെ വാക്കുകൾക്കെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ടും ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സെഷൻസ് കോടതി സിവിക് ചന്ദ്രന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ശാരീരിക അവശതകളുള്ള പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു എന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. 354 എ പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതയ്ക്കും അന്തസിനും ഭംഗം വരുത്തിയെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നും കോടതി വ്യക്തമാക്കി. 2020 ഫെബ്രുവരിയിൽ നന്തി ബീച്ചിൽ നടന്ന ക്യാമ്പിൽ യുവ എഴുത്തുകാരിയായ യുവതിയോട് പ്രതി സിവിക് ചന്ദ്രൻ ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നും അന്തസിന് ഭംഗം വരുത്താൻ ശ്രമിച്ചെന്നുമാണ് കേസ്.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും വടശ്ശേരി ഹസൻ മുസ്ലിയാർ രൂക്ഷമായ പരാമർശവുമായി രംഗത്തെത്തിയിരുന്നു. പിണറായി ഗവൺമെന്റിന്റെ രണ്ടാം വരവ് എല്ലാ കണക്ക് കൂട്ടലുകളും പ്രതീക്ഷകളും തകിടം മറിക്കുകയാണ്. വികസന തുടർച്ചക്ക് തുടർ ഭരണം തുണയാകുമെന്ന ധാരണ തിരുത്തേണ്ടിവരുമെന്ന് കൂടുതൽ ഉറപ്പാവുകയാണ്.
ഇരയോടല്ല, മറിച്ച് പിണറായി ഗവൺമെന്റിന് പ്രതിബദ്ധത വേട്ടക്കാരനോടാണ്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിക്കാനുള്ള തിടുക്കം ഇതിന്റെ തെളിവാണ്. ഒരു പാവം പത്രപ്രവർത്തകനെ മദ്യപിച്ച് തെമ്മാടിത്തരത്തിൽ കൊലപ്പെടുത്തിയവനെ ആറ് മാസത്തിനപ്പുറം പുറത്ത് നിർത്താൻ പിണറായിയുടെ കൃപ സമ്മതിച്ചില്ല. ആരോഗ്യ രംഗത്തെ ഉയർന്ന പദവിയിലൂടെ പിടിച്ചുയർത്തിയ ടിയാനെ ജില്ലാ കളക്ടറാക്കി. ദയാദാക്ഷിണ്യമുള്ളവരെല്ലാം ഈ ഹീനശ്രമത്തെ ശക്തമായി എതിർത്തിട്ടും മറ്റു പലതിലെന്നപോലെ മിണ്ടാപ്രാണിക്കളി തുടരുകയാണ് മുഖ്യമന്ത്രിയെന്നും ഹസൻ മുസ്ലിയാർ ആരോപിച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങളെ തുടർന്ന് ശ്രീറാമിലെ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കുകയും ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്