കോലഞ്ചേരി: കുന്നത്തുനാട്ടിലെ നാല് ഗ്രാമപഞ്ചായത്തുകൾക്ക് പുറമെ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണവും ഇനി ട്വന്റി 20യുടെ കൈകളിൽ. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ട്വന്റി-20 പിടിച്ചെടുത്തു. ട്വന്റി-20 യുടെ റസീന പരീതിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. വടവുകോട് ബ്ലോക്കിലെ വെമ്പിള്ളി ഡിവിഷൻ അംഗമാണ് റസീന.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. റസീന പരീത് 5 വോട്ടുകൾ നേടിയപ്പോൾ എതിരായി മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി അനു അച്ചുവിന് 4 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജൂബിൾ ജോർജിന് 3 വോട്ടും ലഭിച്ചു.

കോൺഗ്രസിലെ വി.ആർ. അശോകനായിരുന്നു ഇവിടെ പ്രസിഡന്റ്. ഇദ്ദേഹം മരണപ്പെട്ടതിനെ തുടർന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ നാല് ഗ്രാമപഞ്ചായത്തുകളുടെ ഭരണവും ട്വന്റി-20 ക്കാണ്.