വഡോഡര: പഴയ പോലെ മീശ പിരിക്കുന്നവർ മാത്രമല്ല പൊലീസുകാർ.രസികന്മാർ വന്നതോടെ അൽപം രസികത്തമൊക്കെ പൊലീസിനുമാകാമെന്നാണ് പുതിയ ട്രെൻഡ്. വഡോഡര ട്രാഫിക് ലംഘനങ്ങൾക്ക് കുപ്രസിദ്ധമാണ്. എങ്ങനെയെങ്കിലും ഇതൊന്ന് അവസാനിപ്പിക്കണം എന്ന് കരുതിയിരിക്കുമ്പോഴാണ് അവർ പ്രിയ വാരിയരുടെ പ്രസിദ്ധമായ കണ്ണിറുക്കൽ വീഡിയോ കണ്ടത്. സുരക്ഷിതമായ ഡ്രൈവിങ്ങ് എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് പ്രിയ വാര്യരെ വഡോഡര പൊലീസ് പോസ്‌ററർ ഗേളാക്കിയത്.

തങ്ങളുടെ പ്രചാരണം യുവാക്കളുടെ ശ്രദ്ധയിൽ എത്തിക്കാൻ പ്രിയയേക്കാൾ സമൂഹമാധ്യമ ശ്രദ്ധ കിട്ടിയ ആൾ വേറെയില്ലെന്നാണ് വഡോദര പൊലീസ് വിശദമാക്കുന്നത്.

താരത്തിന്റെ കണ്ണിറുക്കലും പുരികക്കൊടിയും തന്നെയാണ് വഡോദര പൊലീസ് ഉപയോഗിച്ചിരിക്കുന്നത്. ട്രാഫിക് ഒരു സംസ്‌കാരമാണ് എന്നാണ് സമൂഹ മാധ്യമങ്ങളിലെ ബോധവത്കരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ശ്രദ്ധ തെറ്റാതെ വാഹനം ഓടിക്കൂ എന്നും കണ്ണിറുക്കുന്ന സമയത്തിനുള്ളിൽ അപകടം സംഭവിക്കാമെന്നും വഡോദര പൊലീസിന്റെ ക്യാംപയിൽ വിശദമാക്കുന്നു.

മുംബൈ പൊലീസിന്റെയും ബംഗളുരു പൊലീസിന്റെയും പാതയിലാണ് വഡോദര പൊലീസും. യുവജനതയ്ക്കിടയിൽ സർക്കാർ സേവനങ്ങളുടെ ബോധവൽക്കരണ സന്ദേശങ്ങൾ എത്തിക്കുകയെന്ന സമീപനമാണ് മുംബൈ, ബംഗളുരു പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഒറ്റ പാട്ടിലൂടെയാണ് പ്രിയ വാര്യർ തരംഗമായി മാറിയത്.