- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്റ്റിയെ രക്ഷപ്പെടുത്താൻ ഇടപെട്ടത് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങൾ ഉൾപ്പെടെ ചെയ്തിട്ടുള്ള നടൻ; ഇൻഫോർമർ ചമഞ്ഞ് ശത്രുക്കളെ കുടുക്കാൻ മോഡൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായും ചങ്ങാത്തമുണ്ടാക്കി; കൂട്ടുകാരിയെ രക്ഷിക്കാൻ പൊലീസ് ഉന്നതനും കളിച്ചു; വാഗമണ്ണിൽ കണ്ടത് ബാബുരാജ് അന്ന് പറഞ്ഞത് കേൾക്കാത്തതിന്റെ ഫലമോ?
കൊച്ചി: ഷെയിൻ നിഗം വിവാദ സമയത്ത് സിനിമാ മേഖലയിലെ പുതിയ തലമുറയിലെ ലഹരി ഉപയോഗം ശരിവച്ച് അമ്മ എക്സിക്യൂട്ടിവ് അംഗം ബാബുരാജ് രംഗത്തു വന്നിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമാസംഘങ്ങളുണ്ട്. നടിമാരിൽ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് മനോരമ ന്യൂസിനോട് അന്ന് പറഞ്ഞിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ പലരും 'അമ്മ'യിൽ അംഗങ്ങളല്ല. അവർക്ക് താൽപര്യവുമില്ലെന്നും ബാബുരാജ് വിശദീകരിച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങളുണ്ടെന്നും വെളിപ്പെടുത്തി. എന്നാൽ ബാബുരാജിന്റെ ഈ വാക്കുകളുടെ വഴിക്ക് ആരും അന്വേഷണം നടത്തിയില്ല. വാഗമണ്ണിലെ ലഹരിയിലും സിനിമാ ബന്ധങ്ങളുണ്ടെന്നാണ് സൂചന. ഇതോടെ ബാബുരാജിന്റെ വെളിപ്പെടുത്തലും ചർച്ചയാകുകയാണ്.
വാഗമണ്ണിൽ ലഹരി വിരുന്നിനെത്തി പിടിയിലായ മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ കൊച്ചിയിൽനിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും മലയാളത്തിലെ പ്രമുഖ സിനിമാനടന്റെയും ഇടപെടൽ ഉണ്ടായെന്നും സൂചനകൾ എത്തുന്നു. ഇവർ ഇടപെട്ടതിനെ തുടർന്ന് ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണം ശക്തമായതോടെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യുകയായിരുന്നു. ബാബുരാജിന്റെ വാക്കുകൾ ശരിവയ്ക്കുന്നതാണ് ഈ റിപ്പോർട്ടും. മനോരമയാണ് ഇത് പുറത്തു വിട്ടത്.
നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങൾ ഉൾപ്പെടെ ചെയ്തിട്ടുള്ള നടൻ, സംഭവ സമയത്ത് വാഗമണ്ണിൽ മറ്റൊരു റിസോർട്ടിലുണ്ടായിരുന്നു. ബ്രിസ്റ്റിയുമായി അടുത്തബന്ധം പുലർത്തുന്ന ഇദ്ദേഹം തന്റെ പൊലീസ് ബന്ധങ്ങൾ ഉപയോഗിച്ച് രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. ഇതിനിടെ കൊച്ചിയിലെ പൊലീസുകാരിൽ ഒരാളും ഇവർക്കായി ഇടപെടൽ നടത്തി-ഇതാണ് മനോരമ പറയുന്നത്. നേരത്തെ ബാബുരാജിന്റെ വാക്കുകൾ വിശ്വാസത്തിലെടുത്ത് പൊലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിൽ ഇത്തരക്കാരെല്ലാം പിടിയിലാകുമായിരുന്നുവെന്നതാണ് വസ്തുത.
ബ്രിസ്റ്റിക്ക് വേണ്ടി ബുദ്ധിപരമായ ഇടപെടലാണ് വില്ലൻ നടൻ നടത്തിയത്. നടിയുടെ കൈവശം വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കണ്ടെത്തിയില്ല എന്ന ന്യായം പറഞ്ഞായിരുന്നു വിട്ടയച്ചത്. അതേസമയം കേസിൽ എക്സൈസ് ഇന്റലിജൻസും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം അന്വേഷണം ശക്തമാക്കുകയും ഇവരുടെ പങ്ക് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയിൽ എടുത്തത് എന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്താൽ സിനിമയിലെ മയക്കുമരുന്ന് ഗ്യാങിൽ വ്യക്തത വരും.
കൊച്ചിയിലെ ലഹരി ഇടപാടു സംഘവുമായി ഇവർക്കു ബന്ധമുണ്ടെന്ന് ഇടപെടൽ നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് അറിയാമായിരുന്നു. പൊലീസിന്റെ ഇൻഫോർമർ ചമഞ്ഞ് ഈ ഉദ്യോഗസ്ഥനുമായി ഇവർ അടുത്തബന്ധം പുലർത്തിയിരുന്നു. ചില ലഹരി കേസുകൾ പിടികൂടിയതിൽ പൊലീസിന് ഇവരുടെ സഹായം ലഭിച്ചെന്നും പറയുന്നു. പൊലീസ് ബന്ധം ഉപയോഗിച്ച് എതിരാളികളെ കുടുക്കുകയായിരുന്നു ലക്ഷ്യം. ഈ സാഹചര്യത്തിലാണ് പൊലീസുകാരൻ ഇടപെട്ടത്.
കൊച്ചി പനമ്പള്ളി നഗറിലെ ഷോപ്പിങ് സെന്റർ പരിസരം കേന്ദ്രീകരിച്ചു ലഹരി ഉപയോഗിച്ചിരുന്ന സംഘത്തിലെ കണ്ണികളുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. വാഗമണ്ണിൽ ബർത്ത്ഡേ പാർട്ടി നടത്താനെത്തിയ സംഘത്തിലെ അംഗങ്ങളിൽ ഏതാനും പേരിൽനിന്നു മാത്രമാണ് ലഹരി പിടികൂടാനായത്. നേരിട്ട് കേസ് ചാർജ് ചെയ്യാൻ സാധിക്കാത്തവരെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ സാംപിൾ പരിശോധന നടത്തിയിട്ടുണ്ട്.
ഫലം പോസിറ്റീവാകുന്നവരെ വിളിപ്പിക്കുമെന്നും ഹാജരാകണമെന്നും ആവശ്യപ്പെട്ടാണ് തിരിച്ചയിച്ചിട്ടുള്ളത്. ലഹരി വിരുന്ന് ആരംഭിക്കുന്നതിനു മുമ്പ് പൊലീസ് സ്ഥലത്തെത്തി എന്നതിനാൽ പാർട്ടിക്ക് എത്തിയവരിൽ നല്ലൊരു പങ്ക് ആളുകളും ലഹരി ഉപയോഗിച്ചിരുന്നില്ല. ലഹരി പിടിച്ചെടുത്തത് സംഘാംഗങ്ങളിൽ ചിലരുടെ കാറുകളിൽ നിന്നായിരുന്നു എന്നതിനാൽ റിസോർട്ട് ഉടമയും കേസിൽനിന്ന് ഒഴിവായി.
മറുനാടന് മലയാളി ബ്യൂറോ