- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ തൃപ്പുണ്ണിത്തുറയിൽ താമസിക്കുന്ന കൊൽക്കത്തക്കാരി; മലയാളം നന്നായി സംസാരിക്കാൻ അറിയാത്തത് പൊലീസ് തെറ്റിധാരണയ്ക്ക് കാരണമായി; ജനുവരിയിൽ കോഴിക്കോട്ടുകാരനുമായി വിവാഹം; പഠിക്കുന്നത് ബിടെക്കിന്; വാഗമണ്ണിലേക്ക് കൂട്ടുകാരുമായി നടത്തിയത് വിനോദയാത്ര; ബ്രിസ്റ്റി ബിശ്വാസിന്റെ ജാമ്യാപേക്ഷയെ എതിർക്കാൻ പൊലീസും
കൊച്ചി: വാഗമൺ റിസോർട്ടിൽ ലഹരി നിശാപാർട്ടി നടന്നതുമായി ബന്ധപ്പെട്ടു പിടിയിലായ നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസിന്റെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിലെ വാദം നിർണ്ണായകമാകും. തൃപ്പൂണിത്തുറയിലാണു താമസിക്കുന്നതെങ്കിലും കൊൽക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാൻ അറിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനു താൻ പറഞ്ഞതു മനസ്സിലാകാതെ പോയതിനാലാണു പ്രതിയാക്കിയതെന്നും ഹർജിക്കാരി പറയുന്നു. ജാമ്യത്തിൽ പൊലീസ് നൽകുന്ന വിശദീകരണം നിർണ്ണായകമാകും. സിനിമാ മേഖലയിലേക്ക് അന്വേഷണം നീളുമ്പോഴാണ് ബ്രിസ്റ്റി ജാമ്യാപേക്ഷയുമായി എത്തുന്നത്.
ഡിസംബർ 19നാണു ബ്രിസ്റ്റിയും കൂട്ടുകാരും വാഗമണിലേക്കു വിനോദയാത്ര പോയത്. റിസോർട്ടിലെ 3 കെട്ടിടങ്ങളിൽ ഒന്നിലാണു താമസിച്ചതെന്നും അവിടുത്തെ ഡിജെ പാർട്ടിയെക്കുറിച്ചോ മറ്റു താമസക്കാരെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ബിടെക് വിദ്യാർത്ഥിയാണ്. കോഴിക്കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ്, ജനുവരിയിൽ ചടങ്ങുകൾ നടക്കാനിരിക്കെയാണ് അറസ്റ്റിലായത് തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കുന്നു. ഈ ജാമ്യാപേക്ഷയെ പൊലീസ് അതിശക്തമായി എതിർക്കും. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
9ാം പ്രതിയായ ഹർജിക്കാരി ഡിസംബർ 21 മുതൽ റിമാൻഡിലാണ്. ബ്രിസ്റ്റിയുടെ കയ്യിൽ നിന്ന് 6.45 ഗ്രാം കഞ്ചാവു പിടികൂടിയെന്നാണു കേസ്. എന്നാൽ അത്രയും കഞ്ചാവ് താനും കൂട്ടുകാരും താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് ആകെ പിടികൂടിയതാണെന്നു ഹർജിയിൽ പറയുന്നു. അതിൽ തനിക്ക് പങ്കില്ലെന്നാണ് മോഡൽ കൂടിയായ നടിയുടെ നിലപാട്. നേരത്തെ നടിയെ രക്ഷിക്കാൻ ഒരു നടൻ ശ്രമിച്ചതായി വാർത്തയുണ്ടായിരുന്നു. ഇതിന് പിന്നാലെ അന്വേഷണം പൊലീസ് ക്രൈംബ്രാഞ്ചിന് വിട്ടു.
ഒരു സംവിധായകനും രണ്ട് നടിമാരും അടക്കമുള്ളവർ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുമാണ്. വാഗമണ്ണിൽ എൻസിബി ഇടപെടൽ നടത്തുമെന്നും സൂചനയുണ്ട്. കേസിൽ സെലബ്രിറ്റികൾക്ക് ബന്ധമുണ്ടെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനും കൈമാറിയത്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്‌പി പി.കെ.മധുവിനാണ് അന്വേഷണ ചുമതല. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപിയുടെ നടപടി. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ലഹരിസംഘങ്ങളുമായി വാഗമൺ പാർട്ടി സംഘാടകർക്കുള്ള ബന്ധം വിശദമായി പരിശോധിക്കും. കേസിൽ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനിയായ നടി ബ്രിസ്റ്റി ബിശ്വാസിന്റെ ലഹരി മാഫിയാ ബന്ധങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ഏഴു തരം ലഹരിവസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ സ്വദേശി അജ്മൽ സക്കീറാണ് ലഹരിവസ്തുക്കൾ പാർട്ടിക്കായി എത്തിച്ചത്. ഇയാൾക്ക് സംസ്ഥാനാന്തര ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്. ഒപ്പം കേസിലെ രണ്ടും മൂന്നും പ്രതികളായ മെഹറിനും, നബിലിനുമുള്ള ബന്ധങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. രണ്ട്, മൂന്ന് സ്ഥാനത്തുള്ള പ്രതികൾ മെഹറിൻ, നബിൽ എന്നിവർക്കുള്ള കേസിലെ ബന്ധവും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കേസിലെ മറ്റ് പ്രധാനപ്രതികളായ തൊടുപുഴ സ്വദേശി അജ്മൽ സക്കീർ,കോഴിക്കോട് സ്വദേശി സൽമാൻ എന്നിവരുമായി നടിക്ക് ഏറെനാളായി അടുപ്പമുണ്ടെന്ന് കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സ്ഥിരീകരിച്ചു.നടിയെ മറയാക്കി കോവിഡ് ലോക്ഡൗൺ കാലത്ത് നടി സഞ്ചരിച്ചിരുന്ന ആഡംബര കാറിൽ നിരവധി തവണ ലഹരിമരുന്ന് കടത്തി. ബംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നുമാണ് ഇവ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ അന്വേഷണത്തിൽ നിന്നും ഒഴിവാക്കിയിരുന്നത് ലഹരികടത്ത് സംഘം ഉപയോഗപ്പെടുത്തി.
ഓണക്കാലത്തും, ദീപാവലിക്കും ദസറയ്ക്കും ലഹരി സംഘം തമിഴ്‌നാട്, കർണാടക അതിർത്തി വരുന്നയിടങ്ങളിൽ ലഹരി പാർട്ടി നടത്തി. കൊച്ചി നഗരത്തിലും, കണ്ണൂർ,കോഴിക്കോട്,മൂന്നാർ, മാഹി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ നടന്ന പാർട്ടികളിൽ ബ്രിസ്റ്റി പങ്കെടുത്തെന്നാണ് പൊലീസ് അന്വേഷണത്തിൽ മനസിലായത്.ബർത്ത്ഡേ പാർട്ടി എന്ന പേരിൽ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെയാണ് സംഘം ലഹരിപാർട്ടികൾ സംഘടിപ്പിച്ചിരുന്നത്. ഇതിൽ നടി സജീവമായി പങ്കെടുത്തു. പ്രതികളായ അജ്മലിന്റെ സംഘത്തിൽ നിന്ന് ഇടയ്ക്ക് ചെറിയ അളവിൽ ലഹരി ഉപയോഗിച്ച് ശീലിച്ച നടി പിന്നീട് ഇവരുടെ ഇടപാടുകളുടെ മുഖ്യ നടത്തിപ്പുകാരിയായി.വാഗമണിലെ പാർട്ടിയിൽ 6.45 ഗ്രാം ഉണങ്ങിയ കഞ്ചാവും അത് ചുരുട്ടി ഉപയോഗിക്കുന്ന ഹെർബ് റോളിങ് പേപ്പറുമായാണ് നടിയെപൊലീസ് പിടികൂടിയത്.
സിനിമയിലെ ഒരു സ്റ്റണ്ട് താരവും കൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇടപെട്ടതോടെ പക്ഷെ നടി രക്ഷപ്പെട്ടു. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ നടിക്ക് ലഹരികടത്തിൽ വലിയ പങ്കുണ്ടെന്ന് മനസിലായതോടെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നടന്ന ലഹരി പാർട്ടികളെ കുറിച്ച് ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നെങ്കിലും എതിർചേരിയിലുള്ളവരുടെ ലഹരി ബന്ധം പൊലീസിനെ അറിയിച്ചിരുന്ന ഇൻഫോർമറായി നടി പ്രവർത്തിച്ചിരുന്നതിനാൽ പിടിക്കപ്പെട്ടിരുന്നില്ല.
ക്രിസ്മസിനും പുതുവർഷത്തിനും നടക്കുന്ന ആഘോഷങ്ങളിൽ വലിയ ലഹരിമരുന്ന് പാർട്ടികൾ നടക്കാമെന്ന സൈബർ പൊലീസിന്റെ നിരീക്ഷണമാണ് സംഘത്തെ പിടികൂടാൻ കാരണമായത്. കേസിൽ ഇതുവരെ അറസ്റ്റിലായ ഒൻപത് പ്രതികളുടെയും വാഹനങ്ങളിൽ നിന്നും ബാഗുകളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. പാർട്ടികളിൽ ഇവ എത്തിച്ചത് ഒന്നാംപ്രതി അജ്മൽ സക്കീറാണ്.ബ്രിസ്റ്റി ബിശ്വാസ് പങ്കെടുക്കുന്ന പാർട്ടികളുടെ പേരിൽ ലഹരിസംഘം വലിയ നിരക്കാണ് പാർട്ടികൾക്ക് ഏർപ്പെടുത്തിയത്. ഇവരോടൊപ്പം സമയം ചിലവഴിക്കാൻ എഞ്ചിനീയർമാരും ഐ.ടി വിദഗ്ദ്ധരും ഡോക്ടർമാരും വരെ എത്തിയിരുന്നു. ഇതിലൂടെ ലക്ഷങ്ങൾ പ്രതിമാസം നടി പ്രതിഫലമായി പറ്റിയിരുന്നു. ഇതുസംബന്ധിച്ച വിശദ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുക.
മറുനാടന് മലയാളി ബ്യൂറോ