- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ഭീതിക്ക് ശേഷം റിസോർട്ടുകൾ തുറന്നതോടെ വാഗമണിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; നിശാപാർട്ടി കൊഴുപ്പിക്കാൻ ലഹരി ഒഴുക്കി; ഉന്നതർക്ക് ലഹരി നുരയാൻ കരുതിവെച്ചത് എൽ.എസ്.ഡി, ഹെറോയ്ൻ, കഞ്ചാവ് ഗം തുടങ്ങിയവ; പിടിയിലായവരിൽ സീരിയൽ രംഗത്തുള്ളവരുമെന്ന് സൂചന; റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവരും
തൊടുപുഴ: ഇടുക്കിയിലെ വാഗമണിൽ നടത്തി നിശാപാർട്ടിയിൽ പൊലീസ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ ലഹരി മരുന്നു വേട്ട. കോവിഡ് ഭീതിക്ക് ശേഷം റിസോർട്ടുകൾ തുറന്നതോടെ വാഗമണ്ണിലേക്ക് അടക്കം സഞ്ചാരികളുടെ ഒഴുക്കാണ്. ഈ സഞ്ചാരികൾക്ക് ഇഷ്ടമുള്ളത് ഒരുക്കി കൊടുത്തു കച്ചവടം നടത്താൻ റിസോർട്ടുകാരും ശ്രമിക്കുന്നു. അതുകൊണ്ട് തന്നെയാണ് ലഹരിയുടെ ഒഴുക്കും ഇവിടെ ഉണ്ടായിരിക്കുന്നത്. പൊലീസിന് രഹസ്യമായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകൾ ഖമ്ടെത്തിയത്.
അറുപതോളം പേർ പിടിയിലായി. ഇതിൽ 25 പേർ സ്ത്രീകളാണ്. എൽ.എസ്.ഡിയും മറ്റ് ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. വട്ടത്താലിലെ ക്ലിഫ് ഇൻ റിസോർട്ടിലായിരുന്നു നിശാപാർട്ടി നടന്നത്. ഞായറാഴ്ച വാഗമണ്ണിലെ ഒരു റിസോർട്ടിൽ ലഹരിമരുന്നു നിശാപാർട്ടി നടക്കുമെന്ന് രണ്ടുദിവസം മുൻപ് ഇടുക്കി എസ്പി. അടക്കമുള്ളവർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ റിസോർട്ട് കഴിഞ്ഞ രണ്ടുദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
റിസോർട്ടിൽ ഞായറാഴ്ച വൈകുന്നേരം മുതൽ പാർട്ടി നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസും നർക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. കഞ്ചാവ്, എൽ.എസ്.ഡി., ഹെറോയ്ൻ, കഞ്ചാവ് ഗം തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ഇന്നലെ രാത്രി വൈകിയും റെയ്ഡ് നടന്നിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിവിധ സ്റ്റേഷനുകളിലെ പൊലീസിനെ ഏകോപിപ്പിച്ച് പഴുതടച്ചായിരുന്നു നീക്കം. പൊലീസ് റിസോർട്ട് വളഞ്ഞതോടെ അകത്തുള്ളവർ കുടുങ്ങുകയായിരുന്നു. മറ്റ് ജില്ലകളിൽ നിന്നും ഡി.ജെ.പാർട്ടിക്കായും മയക്കുമരുന്ന് ഉപയോഗിക്കാനും നിരവധി പേർ വാഗമണ്ണിൽ എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്ന് ഇടുക്കി എ.എസ്പി സുരേഷ് കുമാർ പറഞ്ഞു. സ്വകാര്യവ്യക്തികളുടെ നേതൃത്വത്തിലാണ് നിശാപാർട്ടി സംഘടിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിനുശേഷം മയക്കുമരുന്ന് എത്തിച്ച സംഘത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. റിസോർട്ട് ജീവനക്കാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കും.
ഒപ്പം കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിശാപാർട്ടി സംഘടിപ്പിച്ചതിനെ കുറിച്ചും അന്വേഷിക്കും. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി പൊലീസ് ജില്ലയിൽ പരിശോധന കര്ശനമാക്കിയിട്ടുണ്ട്. സംഘത്തിൽ സിനിമ സീരിയൽ മേഖലകളിൽ ഉള്ളവർ ഉൾപ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്. പുലർച്ചയോടെയാണ് പരിശോധനകൾ അവസാനിച്ചത്. ചേദ്യം ചെയ്യൽ തുടരുകയാണ്. വിശദമായ ചോദ്യം ചെയ്യലിനും, അറസ്റ്റ് രേഖപ്പെടുത്തിയതിനും ശേഷം ഇടുക്കി എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ