- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉതുപ്പ് വർഗീസ് ഇപ്പോഴും ദുബായിൽ തന്നെ; ചോദ്യം ചെയ്യാനുള്ള സിബിഐ നോട്ടീസിന് പ്രതികരണമില്ല; 20,000ത്തിന് പകരം 20 ലക്ഷം പിരിച്ച് 100 കോടി കീശയിലാക്കിയ കോട്ടയത്തെ തട്ടിപ്പുകാരനെതിരെ കേസ് എടുക്കാൻ കേരളാ പൊലീസിന് മടി
കൊച്ചി: അൽസറഫ എന്ന പേരിൽ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തി നഴ്‌സുമാരിൽ നിന്നും കോടികൾ കൊള്ളയടിച്ച ഉതുപ്പ് വർഗീസിനെ തൊടാൻ കേരളാ പൊലീസിന് പേടി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള വൻകിട തട്ടിപ്പുകാരനെ തൊടാൻ പോലും പൊലീസി മെനക്കെടുന്നില്ല. ചോദ്യം ചെയ്യാനായി സിബിഐ നോട്ടീസ് അയച്ചിട്ടും കേരളത്തിലെത്താതെ ദുബായിൽ ത
കൊച്ചി: അൽസറഫ എന്ന പേരിൽ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തി നഴ്‌സുമാരിൽ നിന്നും കോടികൾ കൊള്ളയടിച്ച ഉതുപ്പ് വർഗീസിനെ തൊടാൻ കേരളാ പൊലീസിന് പേടി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള വൻകിട തട്ടിപ്പുകാരനെ തൊടാൻ പോലും പൊലീസി മെനക്കെടുന്നില്ല. ചോദ്യം ചെയ്യാനായി സിബിഐ നോട്ടീസ് അയച്ചിട്ടും കേരളത്തിലെത്താതെ ദുബായിൽ തങ്ങുകയാണ് ഉതുപ്പ് വർഗീസ്. ഉദ്യോഗാർത്ഥികളിൽ നിന്നും ഏജൻസി ഫീസായി 20,000 രൂപ വാങ്ങേണ്ടുന്നതിന് പകരം 20 ലക്ഷം വാങ്ങി കോടികൾ കൊയ്ത ഉതുപ്പിനെ സഹായിച്ചിരുന്നത് പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്‌സ് (പിഒഐ) ആയിരുന്നു എന്ന് വ്യക്തമായിരുന്നു. ഇതിന്റെ തെളിവുകളും പൊലീസ് കോടതിയിൽ സമർപ്പിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തിയ കൊച്ചിയിലെ അൽസറാഫ ഏജൻസിയുമായി പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്‌സ് (പിഒഐ) അഡോൾഫസ് ലോറൻസിനുണ്ടായിരുന്ന വഴിവിട്ട ബന്ധത്തിന്റെ തെളിവുകൾ സിബിഐ കോടതിയിൽ സമർപ്പിച്ചു.
ആരോഗ്യ മന്ത്രാലയത്തിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ ഉപകരാർ എടുത്ത അൽസറാഫാ ഏജൻസി ഓരോ ഉദ്യോഗാർഥിയിൽനിന്നും 20 ലക്ഷം രൂപ വരെയാണ് ഈടാക്കിയത്. 19,500 രൂപ മാത്രമേ ഏജൻസി ഫീസായി വാങ്ങാൻ പാടുള്ളൂവെന്നായിരുന്നു വ്യവസ്ഥ. ഇത് തെറ്റിച്ചാണ് തട്ടിപ്പിനെ സംബന്ധിച്ച് അറിവു കിട്ടിയിട്ടും പ്രൊട്ടക്ടർ ജനറലിനെ അറിയിക്കാതിരുന്ന അഡോൾഫസ് ലോറൻസിന്റെ നടപടിയെ സിബിഐ കോടതിയിൽ തുറന്നുകാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തത്.
പ്രതിയെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പുറത്തു വിടാൻ കഴിയാത്ത ഒട്ടേറെ തെളിവുകൾ അടങ്ങുന്ന കേസ് ഡയറി സിബിഐ കോടതിയുടെ മാത്രം അറിവിലേക്കായി കൈമാറി. കേസുമായി ബന്ധപ്പെട്ട് അഡോൾഫസ് ലോറൻസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ബോധിപ്പിച്ചു. ഇതേസമയം കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഏജൻസി ഉടമ എം യു വർഗീസിനു സിബിഐ രണ്ടാമതും നോട്ടിസ് നൽകി. വർഗീസിന്റെ പുതുപ്പള്ളിയിലെ വിലാസത്തിൽ അയച്ച നോട്ടിസിനോടു പ്രതികരിക്കാതിരുന്നതിനാൽ ഏജൻസി ഓഫിസിലെ വിലാസത്തിലാണ് രണ്ടാമതു നോട്ടിസ് നൽകിയത്.
ഇമെയിൽ വഴിയും നോട്ടിസ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വർഗീസ് ദുബായിലാണെന്നാണ് വിവരം. ചോദ്യം ചെയ്യലിനു സ്വമേധയാ ഹാജരാകാതിരുന്നാൽ മറ്റു നിയമ നടപടികളിലേക്കു നീങ്ങാനാണ് സിബിഐ ഉദ്ദേശിക്കുന്നത്. അതേസമയം ഉതുപ്പിനെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേരളാ പൊലീസിനും നടപടിയെടുക്കാവുന്നതാണ്. എന്നാൽ അതിനുള്ള ശ്രമങ്ങളൊന്നും തന്നെ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. അതേസമയം, കേസിൽ ഒന്നാം പ്രതിയായ അഡോൾഫസിനെ 17നു ശേഷമേ ചോദ്യം ചെയ്യുകയുള്ളൂ. ഇദ്ദേഹം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ കോടതി അന്നു പരിഗണിക്കുന്നതിനാലാണ് ഇത്.
കേരളത്തിൽ രണ്ടിടത്തായി ശാഖകളുള്ള ബെസ്റ്റ് ബേക്കേഴ്‌സിന്റെ പാർട്ണർമാരിൽ ഒരാൾ കൂടിയാണ് വർഗീസ് ഉതുപ്പ്. ഇയാളുടെ പേരിൽ കോട്ടയം മണർകാട് പൊലീസ് സ്‌റ്റേഷനിൽ ഒര വധശ്രമക്കേസും നിലവിലുണ്ട്.2009 ൽ ബന്ധുവായ യുവാവിനെ വെടിവച്ചുകൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഉതുപ്പിന്റെ വഴി വിട്ട ബന്ധം ചോദ്യം ചെയ്ത ജോജി എന്ന യുവാവിനു നേർക്കാണ് അയാൾ അന്നു വെടിയുതിർത്തത്. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
ഉതുപ്പ് ഇപ്പോൾ കുവൈത്തിൽ ആണെന്നും ദുബായിലാണെന്നും രണ്ടുതരത്തിൽ വാർത്തകളുണ്ട്. ഇയാൾ നാട്ടിലെത്തിയാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്‌തേക്കും. ഗൾഫിലെ മറ്റ് റിക്രൂട്ടിങ്ങ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഇയാളുടെ ബന്ധങ്ങളും അന്വേഷണ പരിധിയിൽ വരും. കേന്ദ്ര ഏജൻസിയായതിനാൽ കേരളത്തിലെ രാഷ്ട്രീയ ഇടപെടൽ കൊണ്ടൊന്നും ഉതുപ്പിന് തല്ക്കാലം രക്ഷയുണ്ടാവില്ലെന്നാണ് പറയപ്പെടുന്നത്.