തിരുവനന്തപുരം: കടബാധ്യതയിൽ നിന്ന് രക്ഷ നേടാൻ 13 കാരിയായ സ്വന്തം മകളെ കൊന്ന് കൊച്ചി മുട്ടാർ പുഴയിലെറിഞ്ഞ് രാജ്യം വിടാൻ ശ്രമിച്ച വൈഗാ കൊലക്കേസിൽ പ്രതിയായ പിതാവ് സനു മോഹന് പ്രൊഡക്ഷൻ വാറണ്ട് അയക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ രൂപീകരിച്ച എറണാകുളം സ്‌പെഷ്യൽ കോടതി ഉത്തരവിട്ടു. ജാമ്യം നിഷേധിക്കപ്പെട്ട് കാക്കനാട് ജില്ലാ ജയിലിൽ പാർപ്പിച്ചിട്ടുള്ള പ്രതിയെ ജനുവരി 3 നാണ് ജയിൽ സൂപ്രണ്ട് ഹാജരാക്കേണ്ടത്. വിചാരണക്ക് മുന്നോടിയായി കോടതി കുറ്റപത്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് കുറ്റപത്രത്തിൻ മേലുള്ള വാദം ജനുവരി 3 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു.

വിചാരണ തീരാതെ പ്രതി പുറം ലോകം കാണണ്ടന്ന് കോടതി ഉത്തരവുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട് 2021 ഏപ്രിൽ മുതൽ പ്രതി കൽ തുറുങ്കിൽ കഴിയുകയാണ്. സ്വന്തം മകളെ നിഷ്ഠൂരമായും ദാരുണമായും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിചാരണയിൽ മൊഴി തിരുത്തി പ്രതിഭാഗം ചേർക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്.

2021 ലാണ് കേരള , തമിഴ്‌നാട് , കർണ്ണാടക സംസ്ഥാനങ്ങളെ ഞെട്ടിക്കുകയും മൂന്നു സംസ്ഥാനങ്ങളിലെയും പൊലീസിനെ വട്ടം ചുറ്റിക്കുകയും ചെയ്ത വൈഗാ മിസിങ് കേസ് നടന്നത്. കടബാധ്യതയിൽ നിന്ന് മുക്തി നേടാൻ ഭാര്യയെ കായംകുളം വീട്ടിലാക്കി മകളെ ബന്ധുക്കളെ കാണിച്ച് വരാമെന്ന് പറഞ്ഞ് കാറിൽ സ്വന്തം കുഞ്ഞിനെ തന്റെ കങ്ങരപ്പടി ഫ്‌ളാറ്റിൽ എത്തിച്ച് ലഹരി ദ്രവ്യമായ മദ്യം നൽകി ശരീരത്തോട് ചേർത്ത് ആലിംഗനം ചെയ്ത് ശ്വാസം മുട്ടിച്ച് ചലനറ്റ വൈഗയെ പുതപ്പിൽ പൊതിഞ്ഞ് കാറിൽ കൊണ്ടു പോയി പുഴയിൽ തള്ളി കൊലപ്പെടുത്തി തെളിവ് നശിപ്പിച്ചുവെന്നും കുട്ടിയെ ഉപേക്ഷിച്ചുവെന്നുമാണ് കേസ്. മകൾക്കൊപ്പം ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീർത്ത് ആൾമാറാട്ടം നടത്തി സുകുമാരക്കുറുപ്പിനെപ്പോലെ ഒളിവിൽ കഴിയവേ 27-ാം നാൾ പിടിയിലാകുകയായിരുന്നു.

കാക്കനാട് മുട്ടാർപ്പുഴയിൽ മാർച്ച് 22 ന് മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹനെ കണ്ടെത്താൻ ഏപ്രിൽ 17 ന് കർണ്ണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്ര നഗരിയിൽ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. കർണ്ണാടക പൊലീസിന്റെ സഹായത്തോടെ 3 സംഘങ്ങളായാണ് പരിശോധന നടത്തിയത്. സിസിറ്റിവി പരിശോധിച്ച് പ്രതി തങ്ങിയ ഹോട്ടലിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പ്രതി താമസിച്ചിരുന്ന മുറി അരിച്ചു പെറുക്കിയെങ്കിലും ഉപയോഗപ്രദമായ തെളിവുകൾ ലഭിച്ചില്ല. ഏപ്രിൽ 10 മുതൽ 16 വരെയാണ് ഇയാൾ മൂകാംബികയിലെ ലോഡ്ജിൽ തങ്ങിയിരുന്നത്. 16 ന് ഉച്ചയ്ക്ക് വിമാന താവളത്തിലേക്ക് പോകാൻ ടാക്‌സി ആവശ്യപ്പെട്ടിരുന്നു. ടാക്‌സി വന്ന് വിളിക്കാൻ ചെന്നപ്പോൾ ആളെ കാണാനില്ലായിരുന്നു. ഇതോടെ ലോഡ്ജ് ബിൽ അടക്കാതെ മുക്കിയെന്ന് തിരിച്ചറിഞ്ഞത്.

മുട്ടാർ പുഴയിൽ വൈഗക്കൊപ്പം പിതാവ് സനു മോഹനും പുഴയിൽ വീണിരിക്കാം എന്ന് കരുതി 2 ദിവസം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. സനുവിന്റെ കാർ വാളയാർ കടക്കുന്നതായുള്ള സിസിറ്റിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ജീവനോടെയുണ്ടെന്ന സൂചന ലഭിച്ചത്. കേസന്വേഷണം തുടങ്ങി ഒരു മാസം ആയിട്ടും തൃക്കാക്കര പൊലീസിന് തുമ്പുണ്ടാക്കാൻ വഴിയില്ലാത്തതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യമുയർന്നിരുന്നു. ഹിന്ദി ഉൾപ്പെടെ 5 ഭാഷകളിൽ തിരച്ചിൽ നോട്ടീസും പൊലീസ് ഇറക്കി.

ഇതിനിടെയാണ് മൂകാംബികയിൽ നിന്ന് നിർണ്ണായക വിവരം എത്തിയത്. തന്റെ പക്കലുള്ള 9 ലക്ഷം രൂപയുമായി ഗോവ , പനജി എന്നിവിടങ്ങളിലെ ചൂതാട്ട കേന്ദ്രങ്ങളിൽ ആർഭാട ജീവിതം നയിച്ച് 9 ലക്ഷം രൂപയും തീർത്ത് തിര്യെ കാറിൽ വരവേ കോയമ്പത്തൂർ വച്ച് ലക്ഷ്വറി കാർ അമ്പതിനായിരം രൂപക്ക് വിറ്റു. ആ പണവുമായി മൂകാംബികയിലെ ലോഡ്ജിലെത്തി. ദിവസേന തന്നെയും മകളെയും കുറിച്ചുള്ള പത്ര വാർത്തകൾ വായിച്ച് പിടിയിലാകുമെന്ന് ഭയന്ന് അവിടെ നിന്നും മുങ്ങി. തുടർന്ന് ഉടുപ്പി അവിടെ നിന്ന് ബസിൽ കാർവാറിൽ എത്തി.
കാർവാർ ബീച്ചിൽ നിന്നും കേരള പൊലീസ് സനുവിനെ അറസ്റ്റ് ചെയ്യുന്നത്. 2017ൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് മഹാരാഷ്ട്ര പൊലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്നു സനു മോഹൻ.

കടബാധ്യതയാൽ നിൽക്കക്കള്ളിയില്ലാതെ മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും പലതവണ ശ്രമിച്ചിട്ടും ഭയത്താൽ സാധിച്ചില്ലെന്നും ഒടുവിൽ കാർവാർ ബീച്ചിൽ ആത്മഹത്യക്ക് ശ്രമിച്ച സമയമാണ് പൊലീസ് അറസ്റ്റു ചെയ്തതെന്നുമാണ് ഇയാൾ പൊലീസിന് നൽകിയതായി കോടതിയിൽ പൊലീസ് ഹാജരാക്കിയ ഇയാളുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം മുങ്ങിമരണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സനു ശ്വാസം മുട്ടിച്ച് മൃതപ്രായയാക്കിയെങ്കിലും വൈഗ മരിച്ചിരുന്നില്ല. പുഴയിൽ ഒഴുക്കിയപ്പോൾ ജീവന്റെ തുടിപ്പുകൾ ഉള്ളതിനാൽ ശ്വാസമെടുത്തപ്പോൾ ശ്വാസകോശത്തിലും മറ്റും വെള്ളം കയറി ശ്വാസം മുട്ടി മരിച്ചതിനാണ് പോസ്റ്റ്‌മോർട്ടത്തിൽ മുങ്ങിമരണമെന്ന് കണ്ടെത്തിയത്. വൈഗയുടെ ശരീരത്തിൽ 85% മദ്യത്തിന്റെ അംശമുണ്ടെന്നും കണ്ടെത്തി. 2021 ജൂലൈ 13 നാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം) , 328 (കുറ്റകൃത്യം ചെയ്യാനായി ലഹരിദ്രവ്യം നൽകി ദേഹോപദ്രവമേൽപ്പിക്കൽ) , 201( കുറ്റക്കാരനെ ശിക്ഷയിൽ നിന്ന് മറയ്ക്കാൻ തെളിവ് അപ്രത്യക്ഷമാക്കുകയോ കളവായ വിവരം നൽകുകയോ ചെയ്യൽ) , ബാലനീതി നിയമത്തിലെ 75 , 77 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കോടതി സെഷൻസ് കേസെടുത്തത്.