ചെന്നൈ: മോദിസർക്കാരിനെ വിമർശിച്ച് എംഡിഎംകെ നേതാവ് വൈക്കോ രംഗത്തെത്തി. ശ്രീലങ്കൻ സർക്കാരിനോട് മോദി സർക്കാർ മൃദുസമീപനം പുലർത്തുന്നെന്ന് വൈക്കോ ആരോപിച്ചു. തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യത്തിലുള്ള പാർട്ടിയാണ് എംഡിഎംകെ. ശ്രീലങ്കൻ പ്രസിഡന്റ് രാജപക്‌സെയ്ക്ക് ഭാരതരത്‌നം നൽകണമെന്നുള്ള ബിജെപി നേതാവ് സുബ്രമണ്യ സ്വാമിയുടെ വാക്കുകളാണ് വൈക്കോയെ പ്രകോപിപ്പിച്ചത്. ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷങ്ങളെ മറന്ന് രാജപക്‌സെയോട് ബിജെപി ആഭിമുഖ്യം പുലർത്തുകയാണെന്നും വൈക്കോ പറഞ്ഞു. ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നും 2016 ൽ തമിഴ് നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും വൈക്കോ ബിജെപിക്ക് മുന്നറിയിപ്പ് നൽകി.