- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളുപ്പിന് നടതുറക്കാനെത്തിയ മേൽശാന്തി ചവിട്ടിയത് അണലിയുടെ മുകളിൽ; വൈക്കം ക്ഷേത്രത്തിലെ മേൽശാന്തി രക്ഷപെട്ടത് അത്ഭുതകരമായി
വൈക്കം: കുളക്കടവിൽ കിടന്ന അണലിയെ ചവിട്ടിയിട്ടും കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ട് മേൽശാന്തി. വൈക്കം മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തി തരണി ശ്രീധരൻ നമ്പൂതിരിയാണ് അണലിയെ ചവിട്ടിയിട്ടും അത്ഭുതകരമായി രക്ഷപെട്ടത്. ഇന്നലെ വെളുപ്പിന് നാല് മണിയോടെയാണ് സംഭവം. എകദേശം മൂന്നര കിലോഗ്രം തൂക്കവും ആറടി നീളവുമുള്ള അണലിയെ ആണ് കണ്ടത്.
മേൽശാന്തി തരണി ശ്രീധരൻ നമ്പൂതിരി കിഴക്കേ ക്ഷേത്രകുളത്തിൽ കുളി കഴിഞ്ഞ് നട തുറക്കാനായി ശ്രീകോവിലിലേക്ക് നടന്നപ്പോൾ കുളപ്പടവിന് കുറകെ കിടന്ന പാമ്പിന്റെ വാൽ ഭാഗത്ത് ചവിട്ടി. പെട്ടെന്ന് തന്നെ പിന്നിലേക്ക് മാറിയതിനാൽ കടിയേറ്റില്ല. ഇവിടെ വേണ്ടത്ര വെളിച്ചം ഉണ്ടായിരുന്നില്ല. ദേവസ്വം ജീവനക്കാർ ഓടിയെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷം വനം വകുപ്പു ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ആറുമണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. അണലിയെ പിന്നീട് വനമേഖലയിൽ തുറന്നുവിട്ടു.
200 മില്ലി വരെ വിഷം കയറ്റുന്ന അണലിയുടെ കടിയേറ്റാൽ 15 മിനിറ്റിനകം മരണം സംഭാവിക്കാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം നിയന്ത്രണമേർപ്പെടുത്തിയിരുന്നതിനാൽ ക്ഷേത്രത്തിൽ ഭക്തർ കുറവായിരുന്നു. വൈക്കത്തഷ്ടമി പടിവാതിൽക്കലെത്തിയിട്ടും ക്ഷേത്രവും പരിസരവും വൃത്തിയാക്കാൻ നടപടിയില്ലെന്ന് ഭക്തർക്ക് പരാതിയുണ്ട്.
ക്ഷേത്രമതിൽ കെട്ടിനുള്ളിലും കലാമണ്ഡപത്തിന് പുറകുവശവും വൈക്കം സമൂഹത്തോട് ചേർന്ന ഭാഗത്തും, കിഴക്കേനടയും വടക്കേ നടയുമായി ബന്ധിപ്പിക്കുന്ന റോഡിലും പാർക്കിങ് ഗ്രൗണ്ടിലും പച്ചിലക്കാടുകൾ പടർന്നു കയറിയിട്ടുണ്ട്. വൈക്കം സമൂഹത്തിനോട് ചേർന്നാണ് കിഴക്ക് ഭാഗത്തെ ക്ഷേത്രക്കുളം. ഇവിടെയാണ് അണലിയെ കണ്ടത്. ഹോമപ്പുര റോഡിൽ ക്ഷേത്രത്തിലെ അറ്റകുറ്റപണികൾ നടത്തിയതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്നതും മാറ്റിയിട്ടില്ല.
മറുനാടന് ഡെസ്ക്