വ്യത്യസ്തമായ ശബ്ദത്തിലൂടെ മലയാളസിനിമാഗാനലോകത്തിൽ ഇടംകണ്ടെത്തിയ വൈക്കം വിജയലക്ഷ്മിയും പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ അനൂപുമായുള്ള വിവാഹ നിശ്ചയം ഇന്നലെ നടന്നു. വൈക്കം ഉദയനാപുരത്തുള്ള വിജയലക്ഷ്മിയുടെ വസതിയായ ഉഷാ നിവാസിൽ നടന്ന ചടങ്ങുകൾക്ക് ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് സാക്ഷ്യം വഹിച്ചത്.

ഒക്ടോബർ 22-ന് വൈക്കം മഹാദേവ ക്ഷേത്ര സന്നിധിയിലാണ് മിന്നുകെട്ട്. ഉഷാ നിവാസിൽ മുരളീധരന്റേയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായർ - ലൈലാ കുമാരി ദമ്പതികളുടെ മകനാണ് അനൂപ്.

പാല പുലിയൂർ സ്വദേശിയായ അനൂപ് രണ്ട് വർഷം മുൻപാണ് വിവാഹാലോചനയുമായി വിജയലക്ഷ്മിയുടെ വീട്ടിലെത്തുന്നത്. വിജയലക്ഷ്മിയും വിവാഹത്തിന് സമ്മതിച്ചതോടെ വിവാഹത്തിലേക്കെത്തുകയായിരുന്നു. മിമിക്രി കലാകാരൻ കൂടിയായ അനൂപ് ഇന്റീരിയർ ഡിസൈനിങ് രംഗത്ത് പ്രവർത്തിക്കുന്നു

ഒക്ടോബർ 22-ന് നടക്കുന്ന വിവാഹ ചടങ്ങുകളിൽ സിനിമാ-സംഗീത കലാരംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുക്കും.സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ മലയാളസിനിമ രംഗത്തെത്തിയ വിജയലക്ഷ്മി ഇതിനകം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടി. മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും കരസ്ഥമാക്കി..