കൊച്ചി: കല്ലാണത്തിൽ നിന്ന് പിന്മാറാതിരിക്കാൻ ഭീഷണിയും ഉണ്ടായെന്ന് വൈക്കം വിജയലക്ഷ്മിയുടെ വെളിപ്പെടുത്തൽ. ഗൃഹലക്ഷമിയോടാണ് ഇക്കാര്യങ്ങൾ വിജയലക്ഷ്മി പറയുന്നത്.

അതൊന്നും അത്ര എളുപ്പമുള്ള തീരുമാനങ്ങളായിരുന്നില്ല. കല്ല്യാണത്തിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞപ്പോൾ ഭീഷണിയും വിരട്ടലുമെല്ലാം ഉണ്ടായെന്ന് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വിജയലക്ഷ്മി പറഞ്ഞു. പത്രത്തിലെ വൈവാഹിക പംക്തിയിൽ നിന്ന് ലഭിച്ച 600 അപേക്ഷകളിൽ നിന്നാണ് ഇയാളെ തിരഞ്ഞെടുത്തത്. എന്റെ സംഗീതത്തിനൊപ്പം നിൽക്കണമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചതാണ്. എന്നാൽ, നിശ്ചയം കഴിഞ്ഞതോടെ മട്ടുമാറി. അവരരുടെ വീട്ടിൽ നിൽക്കണമെന്നായി. പാട്ടുടീച്ചറായി ജോലി ചെയ്യണമെന്നായി. കാഴ്ചയില്ലാത്തതിന്റെ പേരിൽ കുത്തിനോവിച്ച് ആത്മവിശ്വാസം കെടുത്തിത്തുടങ്ങി. ഇതോടെയാണ് കല്ല്യാണത്തിൽ നിന്ന് മാറാൻ തീരുമാനിച്ചത്.

ആദ്യമൊക്കെ ദേഷ്യവും ഭീഷണിയും വിരട്ടലുമുണ്ടായി. അമ്മാവന്മാരൊക്കെ ഇടപെട്ടു. എല്ലാവരെയും കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിച്ചു. ഇപ്പോൾ ഒരുപാട് സമാധാനമുണ്ട്. സംഗീതമാണ് ഇതിനൊക്കെ എനിക്ക് ശക്തി തന്നത്-വിജയലക്ഷ്മി പറഞ്ഞു. വിവാഹത്തിൽ അടിച്ചമർത്തപ്പെടുകയാണെങ്കിൽ അതിന് നിന്നുകൊടുക്കരുതെന്നും പുരുഷൻ പറയുന്നത് കേട്ട് കീഴ്പ്പെടേണ്ട കാര്യമില്ലെന്നും അതിനുള്ള തന്റേടം കാണിക്കണമെന്നും വിജയലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു.