കൊച്ചി:'കാഴ്ച തീരെ ഇല്ലാതിരുന്ന എനിക്ക് ഇപ്പോൾ ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ തോന്നാൻ തുടങ്ങിയിട്ടുണ്ട്. കാഴ്ച തിരികെ കിട്ടിയെന്നു തെറ്റിദ്ധരിക്കരുത്. പ്രതീക്ഷയുണ്ട്' നേത്ര ചികിത്സയെക്കുറിച്ച് മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി പറഞ്ഞു തുടങ്ങുന്നു. വർഷങ്ങളോളം നീണ്ട ഇരുട്ടിൽ നിന്ന് പ്രകാശപൂരിതമായ ഒരു ലോകം വിജയലക്ഷ്മി സ്വപ്‌നം കണ്ടുതുടങ്ങിയിരിക്കുന്നു.ശസ്ത്രസക്രിയ കൂടാതെ മരുന്നു കൊണ്ടു തന്നെ രോഗം മാറ്റാൻ കഴിയുമെന്ന ഡോക്ടർമാരുടെ വാഗ്ദാനവും ഇവരുടെ പ്രതീക്ഷകൾക്ക് കരുത്തേകുന്നു.

കാഴ്ചശക്തി നൽകുന്ന ഞരമ്പുകൾ ജന്മനാ ചുരുങ്ങിപ്പോയതാണ് വിജയലക്ഷ്മിയുടെ അന്ധതയ്ക്കു കാരണം. ചെറുപ്പം മുതൽ ചികിത്സകൾ നടത്തിയങ്കിലും ഫലം കണ്ടില്ല.കാഴ്ചശക്തിക്കായി യുഎസിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തുന്നത്. എന്നാൽ കഴിഞ്ഞവർഷം യുഎസിൽ ഗാനമേളയ്ക്കു പോയപ്പോളാണ് ഇത്തരമൊരു ചികിത്സാ രീതിയെക്കുറിച്ചറിയുന്നത്. തുടർന്ന് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. എന്നാൽ കോവിഡ് ആയതിനാൽ തുടർചികിത്സ ഇപ്പോൾ പതുക്കെയാണ്. വൈക്കത്തെ വീട്ടിൽ താമസിച്ചാണ് ഇപ്പോഴത്തെ ചികിത്സ. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ സ്‌കാനിങ് നടത്തി. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർമാർ, മരുന്ന് ഫലിക്കുന്നതിന്റെ സൂചന വിലയിരുത്തി. ഇപ്പോൾ മരുന്നിന്റെ അളവ് കൂട്ടി. കോവിഡ് ഭീഷണി മാറിയാൽ തുടർചികിത്സയ്ക്കും പരിശോധനയ്ക്കുമായി ന്യൂയോർക്കിലേയ്ക്ക് വീണ്ടും പോകും.

ഇപ്പോഴത്തെ ചികിത്സയിൽ പ്രതീക്ഷയുണ്ടെന്ന് അമ്മ വിമല പറഞ്ഞു. ഉദയനാപുരം ഉഷാ നിവാസിൽ വി.മുരളീധരന്റെയും പി.പി.വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. മാതാപിതാക്കളോടൊപ്പം ഉദയാനാപുരത്താണ് താമസം.