കൊച്ചി: പറവൂരിൽ വീടിനു തീപിടിച്ചു സഹോദരിമാരിൽ ഒരാൾ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തിൽ ദുരൂഹത നീക്കാനാകാതെ പൊലീസ്. തീപ്പൊള്ളലേറ്റു മരിച്ചത് മൂത്ത സഹോദരി വിസ്മയ(25) ആണെന്ന് പൊലീസ് ഏതാണ്ടു ഉറപ്പിച്ചിട്ടുണ്ട്. വീട്ടുകാരും ഇതു തറപ്പിച്ചു പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. മൃതദേഹത്തിലുണ്ടായിരുന്ന ലോക്കറ്റ് പരിശോധിച്ചാണ് മരിച്ചത് വിസ്മയ ആണെന്നു വീട്ടുകാർ പറയുന്നത്.

അതേസമയം കാണാതായ സഹോദരിയെ കണ്ടെത്താൻ വൈകുന്ന സാഹചര്യമുണ്ടായാൽ മരിച്ച പെൺകുട്ടിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ഇതിനായി വേണ്ട സാംപിളുകൾ ഇന്നലെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ കാണാതായെന്നു കരുതുന്ന സഹോദരി ജിത്തുവിന്റെ(22) കൈവശമുണ്ടെന്നു കരുതുന്ന മൊബൈൽ ഫോൺ വൈപ്പിൻ എടവനക്കാട് ലൊക്കേഷൻ കാണിച്ചിരുന്നു. തുടർന്ന് പൊലീസ് ആ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ഫോൺ ഓഫായതിനാൽ ഇവരെ കണ്ടെത്താനായില്ല.

മാനസികപ്രശ്നങ്ങൾക്കു ചികിത്സയിലായിരുന്ന ജിത്തുവിന്റെ കൈകൾ ചില സമയങ്ങളിൽ കെട്ടിയിടാറുണ്ട്. സംഭവ ദിവസം ശിവാനന്ദനും ഭാര്യ ജിജിയും വീട്ടിൽ ഇല്ലാതിരുന്നതിനാൽ ജിത്തുവിനെ കെട്ടിയിട്ടിരുന്നു. എന്തെങ്കിലും ആവശ്യത്തിനു കെട്ട് അഴിച്ചപ്പോഴാകാം സഹോദരിമാർ തമ്മിൽ വഴക്കുണ്ടായതെന്നാണ് വിലയിരുത്തൽ. ഇത് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നും കരുതുന്നു.

വിസ്മയയുടെ കാണാതായ മൊബൈൽ ഫോൺ സംഭവത്തിനുശേഷം എടവനക്കാട് ഭാഗത്തു ലൊക്കേഷൻ കാണിച്ചെങ്കിലും പിന്നീട് ഓഫ് ആയി. സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. വിസ്മയയുടെ മൃതദേഹം സംസ്‌കരിച്ചു. മാലയിലെ ലോക്കറ്റ് കണ്ട് മരിച്ചതു വിസ്മയയാണെന്നു മാതാപിതാക്കൾ മൊഴി നൽകിയിരുന്നെങ്കിലും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.

ഇവരുടെ വീട്ടിൽ നിന്നു നഗരത്തിലേക്ക് എത്തുന്ന പള്ളിത്താഴം സി.മാധവൻ റോഡിലൂടെ ചൊവ്വാഴ്ച സംഭവസമയത്ത് ഒരു പെൺകുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. ദൃശ്യങ്ങൾ വ്യക്തമല്ലെങ്കിലും അതിലെ പെൺകുട്ടി ജിത്തുവാണെന്നു മാതാപിതാക്കൾ മൊഴി നൽകി. പെൺകുട്ടി ധരിച്ചിരിക്കുന്ന തരത്തിലുള്ള വസ്ത്രം ജിത്തുവിനുണ്ടെന്ന് അവർ പൊലീസിനോടു പറഞ്ഞു.ഇതോടെയാണ് വിസ്മയയാകാം കൊല്ലപ്പെട്ടതെന്ന നിഗമനത്തിൽ എത്തുന്നത്.

22നും 30നും മധ്യേ പ്രായമുള്ള പെൺകുട്ടിയാണു മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. തീപിടിച്ചതു തന്നെയാണു മരണകാരണം. എന്നാൽ, വീട്ടിൽ രക്തപ്പാടുകൾ കണ്ടെത്തിയതിനാൽ തീപിടിക്കുന്നതിനു മുൻപു സഹോദരിമാർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നാണു പൊലീസിന്റെ അനുമാനം. പക്ഷേ, തീവച്ചശേഷം സഹോദരി കടന്നതാണെന്നു സ്ഥിരീകരിക്കാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.

ചൊവ്വ പകൽ മൂന്നോടെയാണ് പറവൂർ പെരുവാരം പനോരമ നഗറിൽ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെയും ജിജിയുടെയും പെൺമക്കളിൽ ഒരാളെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതും ഒരാളെ കാണാതാവുകയും ചെയ്തത്. ഇവരുടെ വീട്ടിൽനിന്ന് നഗരത്തിലേക്ക് എത്തുന്ന പള്ളിത്താഴം സി മാധവൻ റോഡിലൂടെ സംഭവസമയത്ത് ഒരു പെൺകുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ശിവാനന്ദന്റെ വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാർ കണ്ട സമയത്താണ് ഈ ദൃശ്യം സിസിടിവിയിൽ പതിഞ്ഞത്.

ധരിച്ചിരിക്കുന്ന വസ്ത്രം ജിത്തുവിനുണ്ടെന്ന് മാതാപിതാക്കൾ മൊഴി നൽകി. വീടിന്റെ പിന്നിലൂടെ സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പും തോടും കടന്നാൽ പനോരമ നഗറിലേക്കുള്ള പൊതുവഴിയിൽ എത്താം. ഇതുവഴി സി മാധവൻ റോഡിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് നിഗമനം. ഫയർഫോഴ്‌സ് എത്തിയപ്പോൾ ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞതിനാൽ മാലയിലെ ലോക്കറ്റ് നോക്കി, മരിച്ചത് വിസ്മയയാണെന്ന് മാതാപിതാക്കൾ മൊഴി നൽകിയിരുന്നു. വിസ്മയയുടെ സംസ്‌കാരം തോന്ന്യകാവ് ശ്മശാനത്തിൽ നടത്തി. തീപിടിച്ചതുതന്നെയാണ് മരണകാരണമെങ്കിലും വീട്ടിൽ രക്തപ്പാടുകൾ കണ്ടെത്തിയതിനാൽ സഹോദരിമാർ തമ്മിൽ തർക്കമുണ്ടായിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു.

കുറച്ചുദിവസംമുമ്പ് ശിവാനന്ദനെ മുറിയിൽ പൂട്ടിയിട്ട് ജിത്തു പോയിരുന്നു. സംഭവദിവസം ശിവാനന്ദനും ഭാര്യയും വീട്ടിൽ ഇല്ലായിരുന്നതിനാൽ ജിത്തുവിനെ കെട്ടിയിട്ടിരുന്നു. എന്തെങ്കിലും ആവശ്യത്തിന് കെട്ട് അഴിച്ചപ്പോൾ സഹോദരിമാർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. വൈപ്പിൻ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ജിത്തുവിനെ കിട്ടിയാലേ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകൂ.