- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവെള്ളെമഴൈ എഴുതി ആസ്വാദകരെ സൃഷ്ടിച്ച പ്രതിഭ; ആദരങ്ങൾക്കൊപ്പം വിവാദവും സമ്പന്നമാക്കിയ ജീവിതം; ജീവിതത്തിലെ കറുത്ത അദ്ധ്യായമായി മീ ടു എത്തുന്നത് മൂന്നുവർഷം മുൻപ്; കെട്ടിടങ്ങിയെന്ന ചിന്തിച്ച വിവാദം ഒഎൻവി പുരസ്‌കാര നിർണ്ണയത്തോടെ വീണ്ടും സജീവമായി; വൈരമുത്തുവിനോട് മീ ടു ആരോപണം വൈരം തീർക്കുമ്പോൾ
ചെന്നൈ: വൈരമുത്തുവിന് ഒഎൻവി പുരസ്‌കാരം നൽകിയതും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളും ഒരു ഇടവേളക്ക് ശേഷം മീ ടു ആരോപണങ്ങൾക്ക് ജീവൻവെപ്പിക്കുകയാണ്. മൂന്നുവർഷം മുൻപ് ഗായിക ചിന്മയി ശ്രീപദയിലുടെയാണ് വൈരമുത്തുവിനെതിരെ ആരോപണം തുടങ്ങുന്നത്.തുടർന്ന് 17 ഓളം സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.വിവാദം ഉണ്ടായിട്ട് വർഷം മൂന്നുപിന്നിടുമ്പോഴും വൈരമുത്തുവിനെതിരെ ആരോപണം തെളിയിക്കാൻ സാധിക്കാത്തതിനാൽ തന്നെ അദ്ദേഹത്തിനെതിരെ നിയമനടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല.മാത്രമല്ല വിവാദം ഏതാണ്ട് കെട്ടടങ്ങുകയും ചെയ്തിരുന്നു.
എന്നാൽ ഒഎൻവി പുരസ്‌കാരം വൈരമുത്തുവിന് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിനെതിരെ വിവാദം വീണ്ടും തലപൊക്കിയിരിക്കുകയാണ്. റിമ കല്ലിങ്കൽ ആണ് പ്രതിഷേധവുമായി ആദ്യം രംഗത്ത് വന്നത്.ഡബ്ല്യു സിസിയുടെ നേതൃത്വത്തിൽ പുരസ്‌കാര നിർണ്ണയ കമ്മറ്റിക്ക് കത്ത് നൽകുകയും ചെയ്തു.ഇതോടെ മീ ടൂ ആരോപണം നേരിടുന്ന സാഹചര്യത്തിൽ പുരസ്‌ക്കാര പ്രഖ്യാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയായിൽ കാമ്പയിൻ ശക്തമായി.
എന്നാൽ കവിയുടെ സ്വഭാവവിശുദ്ധിക്കല്ല മറിച്ച് കവിതയുടെ മികവിനാണ് പുരസ്‌കാരമെന്ന് ഒ.എൻ.വി. ഫൗണ്ടേഷന്റേയും അവാർഡ് നിർണയ സമിതിയുടേയും അധ്യക്ഷനായ പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനും വ്യക്തമാക്കി. അതേസമയം അവാർഡ് നിർണയം പുനഃപരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് സമിതി.ഇ സാഹചര്യത്തിലാണ് പ്രതികരണവുമായി വൈരമുത്തു രംഗത്ത് എത്തിയത്. തനിക്കെതിരെ കുറ്റം തെളിഞ്ഞിട്ടില്ലെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നുമായിരുന്നു വൈരമുത്തു പ്രതികരിച്ചത്.
വിവാദങ്ങളുടെ കളിത്തോഴൻ
തമിഴ് ചലച്ചിത്രരംഗത്തെ പ്രശസ്്ത ഗാനരചയിതാവും കവിയുമാണ് വൈരമുത്തു രാമസാമി. എന്നാൽ വിവാദങ്ങൾ അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു.രചനകളിൽ തുടങ്ങി ഒടുവിൽ മീടുവരെ എത്തി നിൽക്കുന്ന കലുഷിതമായ യാത്രയാണ് വൈരമുത്തുവിന്റെത്.''കുമുദം'' മാസികയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കവിതകളിലൊന്ന് ''ഒരു നടിഗൈ മാപ്പിള്ളൈ തേടുഗിറാൽ'' 90കളിലെ നിരവധി വനിതാ അഭിനേതാക്കളുടെ രോഷം ആകർഷിച്ചു. 1986ൽ സംഗീതജ്ഞൻ ഇളയരാജയുമായുള്ള ബന്ധം വേർപെടുത്തിയതിന്റെ കാരണങ്ങൾ നിരവധി സിദ്ധാന്തങ്ങളെ കാരണങ്ങളായി ഉയർത്തിയിട്ടുണ്ട്. പക്ഷേ ഇത് തമിഴ് ചലച്ചിത്ര സംഗീതത്തിന് വലിയ നഷ്ടമായി കണക്കാക്കപ്പെടുന്നു.
ആണ്ടാളെ കുറിച്ചുള്ള 'തമിളാട്രൂപ്പടൈ' എന്ന പരമ്പരയ്ക്ക് കീഴിൽ 'ദിനമണി'യിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനങ്ങളിലൊന്ന് ആണ്ടാൾ ഒരു ദേവദാസി ആണെന്ന് അവകാശപ്പെടുന്ന ഒരു ഗവേഷണ ലേഖനം ഉദ്ധരിച്ചതിൽ കോലാഹലമുണ്ടായി.
തുടർന്നാണ് മീടു ആരോപണ വിധേയനാകുന്നത്.ഹോളിവുഡിലും പിന്നീട് ബോളിവുഡിലും രണ്ട് വർഷംമുമ്പ് ആഞ്ഞടിച്ച മീ ടു ആരോപണങ്ങളുടെ ചുവടുപിടിച്ചാണ് തമിഴിൽ വൈരമുത്തുവിനെതിരേയും ആരോപണമുയർന്നത്. ഗായിക ചിന്മയിയായിരുന്നു ആദ്യ വെടിപൊട്ടിച്ചത്. വർഷങ്ങൾക്ക് മുമ്പ് തമിഴകത്തിന് പുറത്ത് നടന്ന പരിപാടിക്കിടെ വൈരമുത്തു മുറിയിലേക്ക് ക്ഷണിച്ചെന്നും നിരസിച്ചതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. തുടർന്ന് ഗായികമാരടക്കം 17 പേർ മീടു ആരോപണമുന്നയിച്ച് രംഗത്തെത്തി. പൊലീസ് കേസെടുത്തെങ്കിലും ശിക്ഷാവിധിയുണ്ടായിട്ടില്ല.
ഒ എൻ വി പുരസ്‌കാരം നിർണ്ണയം
സ്വകാര്യ ട്രസ്റ്റിന്റെ നേതൃത്വത്തിലാണു വൈരമുത്തുവിന് അവാർഡ് പ്രഖ്യാപിച്ചത്്. അതിനാൽ വിവാദത്തിന്റെ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. മലയാളത്തിൽ നടി പാർവ്വതി തിരുവോത്തും സാഹിത്യകാരി കെ.ആർ മീരയുംഅടക്കമുള്ളവരാണ് പുരസ്‌ക്കാര നിർണയത്തിന് എതിരായ പ്രചാരണത്തിന്റെ മുൻനിരയിൽ. മീ ടൂ ആരോപണമായതിനാൽതന്നെ ഒ.എൻ.വിയെ പോലുള്ള മഹനീയ വ്യക്തിത്വത്തിന്റെ പേരിലുള്ള അവാർഡ് വൈരമുത്തുവിന് നൽകാൻ പാടില്ലെന്നാണ് ഇവരുടെ വാദം.
എന്നാൽ ഒട്ടേറെ പേർക്കെതിരേ അക്കാലത്ത് മീ ടൂ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും പലതും തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് എതിർവാദക്കാർ പറയുന്നു.മീ ടു കേസുകൾ നിയമപരമായി നീങ്ങുന്ന സാഹചര്യത്തിൽ ശിക്ഷാവിധി വരെ എല്ലാവരും കുറ്റാരോപിതർ മാത്രമാണ്. പൊതുമനസാക്ഷിക്ക് മുന്നിലല്ല നിയമത്തിന് മുന്നിലാണ് വാദങ്ങൾ തെളിയിക്കേണ്ടതെന്നും എതിർവാദക്കാർ ചൂണ്ടികാട്ടുന്നു. എന്നാൽ വൈരമുത്തുവെന്നത് വ്യക്തി മാത്രമല്ലെന്നും പ്രതീകമാണെന്നും സ്ത്രീത്വത്തെ ചൂഷണം ചെയുന്നവർക്ക് ഇതൊരു പാഠമാകണമെന്നുമാണ് കാമ്പയിനെ അനുകൂലിക്കുന്നവർ പറയുന്നത്.
പൂനർ നിർണ്ണയ തീരുമാനം
പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ ഒഎൻവി സാഹിത്യപുരസ്‌കാരം കവി വൈരമുത്തുവിന് നൽകിയത് പുനഃപരിശോധിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. പുരസ്‌കാര നിർണയ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പുനഃപരിശോധന. വൈരമുത്തുവിനെതിരെ മീ ടു ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. പുരസ്‌കാരം നൽകിയതിനെതിരെ നിരവധി സാംസ്‌കാരിക, സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും കല ഒരിക്കലും പീഡനങ്ങൾക്കുള്ള മറയാകരുതെന്നും മലയാള സിനിമയിലെ സ്ത്രീശാക്തീകരണ സംഘടനയായ ഡബ്ല്യുസിസി അഭിപ്രായപ്പെട്ടിരുന്നു. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ സാഹിത്യ പുരസ്‌കാരത്തിനായി വൈരമുത്തുവിനെ തിരഞ്ഞെടുത്തതിനെ വിമർശിച്ച ഡബ്ല്യുസിസി തീരുമാനത്തെ അപലപിക്കുകയും ചെയ്തു.
നടി പാർവ്വതി തിരുവോത്ത്, എഴുത്തുകാരി കെ ആർ മീര, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപാദ തുടങ്ങി നിരവധി പേർ മി ടൂ ആരോപണം ഉന്നയിക്കപ്പെട്ടയാൾക്ക് ഒഎൻവി പുരസ്‌കാരം നൽകാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. 'പതിനേഴ് സ്ത്രീകൾ അവരുടെ കഥ വെളിപ്പെടുത്തിയിരുന്നു. എത്രപേർക്ക് അന്യായം സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. അന്യായം ചെയ്യപ്പെടുന്നവരോട് തെറ്റ് ചെയ്യുന്നത് തുടരുകയാണ്.
അധികാരത്തിലിരിക്കുന്നവരുടെ പ്രശസ്തി ഉയർത്തിപ്പിടിക്കാൻ മാത്രം. മാനവികതയേക്കാൾ പ്രാധാന്യമൊന്നുമില്ല. ആർട്ട് വേഴ്സസ് ആർട്ടിസ്റ്റ് ചർച്ചയുമായി നിങ്ങൾ എന്നെ സമീപിക്കുകയാണെങ്കിൽ, കലയെ സൃഷ്ടിക്കുന്ന വ്യക്തിയുടെ മാനവികത മാത്രമാണ് ഞാൻ തെരഞ്ഞെടുക്കുകയെന്ന് പറയട്ടെ പൊള്ളയായവരുടെ 'കല' ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയും. ഇതിനെ എങ്ങനെ ന്യായീകരിക്കും അടൂർ ഗോപാലകൃഷ്ണനും ജൂറിയും വൈരമുത്തുവിനെ അവാർഡിന് തെരഞ്ഞെടുത്തതിനെ.' എന്നായിരുന്നു പാർവ്വതി തിരുവോത്ത് പ്രതികരിച്ചത്.
വിവാദങ്ങൾ കെട്ടിച്ചമച്ചത്.. തെളിയും വരെ ഞാൻ നിരപരാധി
അവാർഡ് നിർണ്ണയം പുനപരിശോധിക്കാൻ തിരുമാനിച്ചതോടെയാണ് പ്രതികരണവുമായി വൈരമുത്തു രംഗത്തെത്തിയത്.കത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് വൈരമുത്തു ഒ.എൻ.വി കൾച്ചറൽ അക്കാഡമിക്ക് ഇന്നലെ അയച്ച കത്തിൽ പറയുന്നു. കത്ത് ഇങ്ങനെ .' ഒ.എൻ.വി സാഹിത്യ പുരസ്‌കാരത്തിന് എന്നെ തിരഞ്ഞെടുത്തതിൽ നന്ദി അറിയിക്കട്ടെ. ചിലർ എനിക്കെതിരെ തെറ്റായ പ്രചാരണവുമായി രംഗത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനാൽ വിശദീകരണം നൽകേണ്ടത് എന്റെ കടമയാണെന്ന് കരുതുന്നു.എന്റെ പൊതുജീവിതവുമായോ പ്രൊഫഷണൽ ജീവിതവുമായോ ബന്ധപ്പെട്ട് കഴിഞ്ഞ 40 വർഷങ്ങൾക്കിടയിൽ യാതൊരു കറുത്തപാടും ഉണ്ടായിട്ടില്ല.
2018ൽ ഞാൻ എഴുതിയ ഒരു ഗവേഷണ പ്രബന്ധത്തിന്റെ പേരിൽ നിഷിപ്ത രാഷ്ട്രീയ താത്പ്പര്യമുള്ള ഒരു വിഭാഗം എന്നെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു.നുണകളായതിനാൽ അവഗണിക്കുകയാണ് ചെയ്തത്.സത്യത്തിന്റെ ഒരു കണികപോലും അതിലില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഒരൊറ്റ കേസുപോലും എനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടില്ല.രാജ്യത്തെ നിയമം കുറ്റക്കാരനെന്ന് വിധിക്കുന്നതുവരെ ഏതൊരാളും നിരപരാധിയാണെന്ന് ബഹുമാന്യ ജൂറിക്ക് നന്നായറിയുമെന്ന് എനിക്കുറപ്പുണ്ട്.ദുഃഖകരമെന്ന് പറയട്ടെ, ഇതൊക്കെ ജൂറിയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയെന്നത് എന്റെ നിസഹായതയും ഉത്തരവാദിത്വവുമായിരിക്കുന്നു.'
മറുനാടന് മലയാളി ബ്യൂറോ