- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഎൻവി പുരസ്‌കാരം വേണ്ടെന്ന് വൈരമുത്തു;തീരുമാനം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ; പുരസ്‌കാരത്തിന് പരിഗണിച്ചതിൽ നന്ദിയെന്നും പ്രതികരണം
ചെന്നൈ: ഒഎൻവി പുരസ്‌കാരം വേണ്ടെന്ന് കവി വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുരസ്‌കാരം വേണ്ടെന്നു വയ്ക്കുന്നതെന്നും പുരസ്‌കാരത്തിന് പരിഗണിച്ചതിൽ നന്ദിയെന്നും വൈരമുത്തു അറിയിച്ചു.
ലൈംഗിക പീഡന ആരോപണവിധേയനായ ആൾക്ക് പുരസ്‌കാരം നൽകാനുള്ള തീരുമാനം വൻ വിവാദമായ സാഹചര്യത്തിൽ പുരസ്‌കാര നിർണയം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.എന്നാൽ എന്തുകൊണ്ടാണ് പുനപരിശോധ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.
പ്രഖ്യാപിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമർശനമായിരുന്നു ഉയർന്നത്. വൈരമുത്തുവിനെതിരായ മീടൂ ആരോപണങ്ങൾ ചൂണ്ടിക്കാണിച്ച് നിരവധി സാഹിത്യ, സാംസ്‌കാരിക, കലാ പ്രവർത്തകരും വനിതാ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. 17 സ്ത്രീകൾ വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സഹപ്രവർത്തകരെ അതിക്രമങ്ങൾക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമൻ ഇൻ സിനിമ കലക്ടീവ് വിമർശിച്ചത്.
നടി പാർവ്വതി തിരുവോത്ത്, എഴുത്തുകാരി കെ ആർ മീര, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപാദ തുടങ്ങി നിരവധി പേർ മി ടൂ ആരോപണം ഉന്നയിക്കപ്പെട്ടയാൾക്ക് ഒഎൻവി പുരസ്‌കാരം നൽകാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. 'പതിനേഴ് സ്ത്രീകൾ അവരുടെ കഥ വെളിപ്പെടുത്തിയിരുന്നു. എത്രപേർക്ക് അന്യായം സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. അന്യായം ചെയ്യപ്പെടുന്നവരോട് തെറ്റ് ചെയ്യുന്നത് തുടരുകയാണ്.
അധികാരത്തിലിരിക്കുന്നവരുടെ പ്രശസ്തി ഉയർത്തിപ്പിടിക്കാൻ മാത്രം. മാനവികതയേക്കാൾ പ്രാധാന്യമൊന്നുമില്ല. ആർട്ട് വേഴ്‌സസ് ആർട്ടിസ്റ്റ് ചർച്ചയുമായി നിങ്ങൾ എന്നെ സമീപിക്കുകയാണെങ്കിൽ, കലയെ സൃഷ്ടിക്കുന്ന വ്യക്തിയുടെ മാനവികത മാത്രമാണ് ഞാൻ തെരഞ്ഞെടുക്കുകയെന്ന് പറയട്ടെ പൊള്ളയായവരുടെ 'കല' ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയും. ഇതിനെ എങ്ങനെ ന്യായീകരിക്കും അടൂർ ഗോപാലകൃഷ്ണനും ജൂറിയും വൈരമുത്തുവിനെ അവാർഡിന് തെരഞ്ഞെടുത്തതിനെ.' എന്നായിരുന്നു പാർവ്വതി തിരുവോത്ത് പ്രതികരിച്ചത്.
പ്രഭാവർമ, ആലങ്കോട് ലീലാകൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ ജൂറിയായിരുന്നു പുരസ്‌കാരം തീരുമാനിച്ചത്.
മറുനാടന് മലയാളി ബ്യൂറോ