തിരുവനന്തപുരം: ഒഎൻവി അവാർഡ് പ്രഖ്യാപനത്തിലെ വിവാദം പുതിയ തലങ്ങളിലേക്ക്. അവാർഡ് പ്രഖ്യാപനം പുനപരിശോധിക്കാനുള്ള അക്കാദമിയുടെയും ജൂറിയുടെയും തീരുമാനത്തിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി അവാർഡ് ജേതാവ് വൈരമുത്തു രംഗത്തെത്തി.ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചതെന്നും മൂന്നുവർഷമായിട്ടും കേസെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റം തെളിയുംവരെ ആരോപണവിധേയൻ നിരപരാധിയാണെന്ന് ജൂറി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

അവാർഡ് പ്രഖ്യാപനത്തിന് ശേഷം നിരവധിപേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.നടി റിമകല്ലിങ്കൽ, പാർവ്വതി തിരുവോത്ത്, സംവിധായിക അഞ്ജലി മേനോൻ, കെ ആർ മീര ഉൾപ്പടെ ഉള്ളവർ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടുന്ന ജുറിയുടെ തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.ഇതോടെയാണ് ജൂറി പുനപരിശോധനയ്ക്ക് തീരുമാനിച്ചത്.

വൈരമുത്തുവിനെതിരെ മീ ടു ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. പുരസ്‌കാരം നൽകിയതിനെതിരെ നിരവധി സാംസ്‌കാരിക, സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും കല ഒരിക്കലും പീഡനങ്ങൾക്കുള്ള മറയാകരുതെന്നും മലയാള സിനിമയിലെ സ്ത്രീശാക്തീകരണ സംഘടനയായ ഡബ്ല്യുസിസി അഭിപ്രായപ്പെട്ടിരുന്നു. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ സാഹിത്യ പുരസ്‌കാരത്തിനായി വൈരമുത്തുവിനെ തിരഞ്ഞെടുത്തതിനെ വിമർശിച്ച ഡബ്ല്യുസിസി തീരുമാനത്തെ അപലപിക്കുകയും ചെയ്തു.

നടി പാർവ്വതി തിരുവോത്ത്, എഴുത്തുകാരി കെ ആർ മീര, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപാദ തുടങ്ങി നിരവധി പേർ മി ടൂ ആരോപണം ഉന്നയിക്കപ്പെട്ടയാൾക്ക് ഒഎൻവി പുരസ്‌കാരം നൽകാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. 'പതിനേഴ് സ്ത്രീകൾ അവരുടെ കഥ വെളിപ്പെടുത്തിയിരുന്നു. എത്രപേർക്ക് അന്യായം സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. അന്യായം ചെയ്യപ്പെടുന്നവരോട് തെറ്റ് ചെയ്യുന്നത് തുടരുകയാണ്.

അധികാരത്തിലിരിക്കുന്നവരുടെ പ്രശസ്തി ഉയർത്തിപ്പിടിക്കാൻ മാത്രം. മാനവികതയേക്കാൾ പ്രാധാന്യമൊന്നുമില്ല. ആർട്ട് വേഴ്സസ് ആർട്ടിസ്റ്റ് ചർച്ചയുമായി നിങ്ങൾ എന്നെ സമീപിക്കുകയാണെങ്കിൽ, കലയെ സൃഷ്ടിക്കുന്ന വ്യക്തിയുടെ മാനവികത മാത്രമാണ് ഞാൻ തെരഞ്ഞെടുക്കുകയെന്ന് പറയട്ടെ പൊള്ളയായവരുടെ 'കല' ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയും. ഇതിനെ എങ്ങനെ ന്യായീകരിക്കും അടൂർ ഗോപാലകൃഷ്ണനും ജൂറിയും വൈരമുത്തുവിനെ അവാർഡിന് തെരഞ്ഞെടുത്തതിനെ.' എന്നായിരുന്നു പാർവ്വതി തിരുവോത്ത് പ്രതികരിച്ചത്. പഭാവർമ, ആലങ്കോട് ലീലാകൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ ജൂറിയായിരുന്നു പുരസ്‌കാരം തീരുമാനിച്ചത്.

തമിഴ് കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി എന്നിങ്ങനെ തമിഴകത്തു നിന്നും വിമർശനങ്ങളുയർന്നു. 17 സ്ത്രീകൾ വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സഹപ്രവർത്തകരെ അതിക്രമങ്ങൾക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമൻ ഇൻ സിനിമ കലക്ടീവ് വിമർശിച്ചത്. ഇതെതുടർന്നാണ് പുരസ്‌കാരം പുനപരിശോധിക്കാൻ തീരുമാനിച്ചത്.

ഒ.എൻ.വി.കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണനാണ് വാർത്താക്കുറിപ്പ് വഴി തീരുമാനമറിയിച്ചത്. എന്തുകൊണ്ട് പുനഃപരിശോധിക്കുന്നു എന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. പുരസ്‌കാരനിർണയവുമായി ബന്ധപ്പെട്ട തുടർനടപടികളെങ്ങനെയെന്ന് പിന്നീട് തീരുമാനിക്കും. എം ടി.വാസുദേവൻനായർ, സുഗതകുമാരി, അക്കിത്തം, പ്രൊഫ.എം.ലീലാവതി എന്നിവർക്കായിരുന്നു മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.