- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടവയറിനെ ആലില വയറാക്കുന്ന ലവണ തൈലം! വാർദ്ധക്യത്തെ പുളകം കൊള്ളിക്കാൻ വാജി തൈലവും; തട്ടിപ്പിന്റെ തൈലങ്ങൾ വാങ്ങിയവർക്ക് ധനനഷ്ടവും മാനഹാനിയും; ഇന്ദുലേഖ ഇപ്പോഴും വിപണിയിലെ ചന്ദ്രലേഖ: ആയുർവേദ തട്ടിപ്പിന്റെ കഥകൾ തുടരുന്നു
തിരുവനന്തപുരം: ആയുർവേദത്തിന്റെ പേരിലുള്ള തൈലങ്ങളാണ് വിപണിയിലെ മറ്റ് താരങ്ങൾ. ലവണ തൈലത്തിലൂടെ മലയാളികളെ പറ്റിച്ച് കോടികൾ നേടിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തെറാപ്പിസിന്റെ വളർച്ചയെ തുടർന്ന് കണ്ണ് മഞ്ഞളിച്ചു പോയ നൂറുകണക്കിന് മുറിവൈദ്യന്മാരാണ് വിവിധ തരം തൈലങ്ങളുമായി രംഗത്തെത്തിയത്. വിപണിയിൽ ഇറങ്ങിയ തൈലങ്ങൾ വാരി പൂശാൻ മലയാളിക
തിരുവനന്തപുരം: ആയുർവേദത്തിന്റെ പേരിലുള്ള തൈലങ്ങളാണ് വിപണിയിലെ മറ്റ് താരങ്ങൾ. ലവണ തൈലത്തിലൂടെ മലയാളികളെ പറ്റിച്ച് കോടികൾ നേടിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തെറാപ്പിസിന്റെ വളർച്ചയെ തുടർന്ന് കണ്ണ് മഞ്ഞളിച്ചു പോയ നൂറുകണക്കിന് മുറിവൈദ്യന്മാരാണ് വിവിധ തരം തൈലങ്ങളുമായി രംഗത്തെത്തിയത്. വിപണിയിൽ ഇറങ്ങിയ തൈലങ്ങൾ വാരി പൂശാൻ മലയാളികൾ മൽസരിച്ചതോടെ കമ്പനികളും പച്ചപിടിച്ചു. പുതിയതായി ഇറക്കുന്ന ഉൽപന്നം ആറുമാസം കൊണ്ട് വിപണിയിൽ നിന്ന് പിൻവലിച്ച് അതേ ഉൽപന്നം മറ്റൊരു പേരിൽ മലയാളിയുടെ മുന്നിലെത്തും. വയർ കുറയ്ക്കാൻ ലവണതൈലം ബോട്ടിലുകൾ കണക്ക് വാങ്ങി പരീക്ഷിച്ച പ്രശസ്ത ചലച്ചിത്ര നടി ഒടുവിൽ കമ്പനിയ്‌ക്കെതിരെ കോടതിയെ സമീപിക്കേണ്ടി വന്നതും കേരളത്തിലാണ്.
- ആസ്ത്മയ്ക്കുള്ള 'ഗംഭീര ഉൽപ്പന്ന'ത്തിനു മോഹൻലാലിന്റെ സാക്ഷ്യപത്രം! തട്ടിപ്പ് മരുന്നിന്റെ പരസ്യത്തിനു സൂപ്പർതാരം മോഡലായപ്പോൾ കോടികളുടെ വിറ്റുവരവും; വ്യാജ ഔഷധം വിപണിയിൽ ഇറക്കിയതിനു കോടതി ശിക്ഷിച്ച പങ്കജകസ്തൂരിക്കാരനു പത്മശ്രീ നൽകി രാജ്യത്തിന്റെ ആദരവും
- ഇടവേളയ്ക്കു ശേഷം ധാത്രിയുടെ പരസ്യം വീണ്ടും; പരസ്യം ചെയ്തു നോക്കി മറ്റു ചില ആയുർവേദ ഉൽപന്നങ്ങളും; പത്രങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കീശ വീർപ്പിച്ച തട്ടിപ്പ് ഉൽപ്പന്നങ്ങൾ വീണ്ടും മലയാളിയെ വിഴുങ്ങാൻ വരുമോ?
- സർക്കാർ വിലക്കിന് പുല്ലുവില! വിൽക്കരുതെന്ന് പറഞ്ഞിട്ടും ചൂടപ്പം പോലെ വിറ്റഴിയുന്ന മരുത്വ ഉൽപ്പന്നങ്ങൾ; അപ്സരസുകളുടെ അംഗലാവണ്യം സ്വപ്നം കണ്ടവരെ പറ്റിക്കാൻ പഞ്ചജീരകഗുഡവും: 'മരുത്വാ ഫാർമയുടെ മയക്കുവിദ്യകൾ' ഇങ്ങനെ
കേരളത്തിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഒരു ഉൽപന്നമാണ് 'ലവണതൈലം'. ആയുർവേദമരുന്ന് എന്ന് അവകാശവാദത്തോടെ തൃശൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസിസ്റ്റിയൂട്ട് ഓഫ് തെറാപ്പീസ് പുറത്തിറക്കിയതാണ് ഈ ഉൽപന്നം. തൈലം ഉപയോഗിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും 'മുന്നോട്ട് പോകുന്ന വയർ പിന്നോട്ടില്ലെന്ന' യാഥാർഥ്യം ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് മനസിലായതോടെ ലവണ തൈലം പിൻവലിച്ച് 'നവരതൈലം' പുറത്തിറക്കി. മാസങ്ങൾക്ക് ശേഷം നവര തൈലത്തിനു പകരം 'അഞ്ജന തൈലവും വാജിതൈലവും' വിപണി കീഴടക്കി. ഏറ്റവും ഒടുവിൽ 'മെഡിഹണി' എന്ന ഉൽപന്നമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തെറാപ്പീസ് പുറത്തിറക്കിയിരിക്കുന്നത്. ചെറുചൂടുവെള്ളത്തിൽ തേൻ കലർത്തി വെറുവയറ്റിൽ കഴിച്ചാൽ തടികുറയുമെന്നുള്ളത് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ആയുർവേദാചര്യന്മാർ കണ്ടെത്തിയതാണ്.
ഇതിന്റെ മറവിലാണ് മെഡിഹണി വിപണിയിലെത്തിയിരിക്കുന്നത്. വിധിപ്രകാരം ചെറുതേനാണ് ഔഷധ ഗുണം കൂടുതൽ. എന്നാൽ പതിനായിരക്കണക്കിന് ബോട്ടിലുകൾ നിർമ്മിക്കാനുള്ള തേൻ ഇവർക്ക് എവിടെ നിന്നും ലഭിക്കുമെന്നുള്ളത് ഇത് ഉപയോഗിക്കുന്ന ഉപഭോക്താക്കളും ചിന്തിക്കാറില്ല എന്നതാണ് സത്യം. ഇതുപോലെ ആയുർവേദ ആചാര്യന്മാർ കണ്ടെത്തിയ പല മരുന്നുകളും അവരുടേതായ രീതിയിൽ തയ്യാറാക്കിയാണ് ജനങ്ങളെ പറ്റിച്ച് കാശുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തരം വ്യാജന്മാർ പുറത്തിറക്കുന്ന മരുന്നുകൾക്ക് അൽപായുസ് മാത്രമാകുന്നത്. ആയുർവേദ ഔഷധചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ നിരവധി കേസുകളാണ് ഈ സ്ഥാപനത്തിനെതിരെ നിലനിൽക്കുന്നത്. ഇത് ഒരു ചെറിയ ഉദാഹരണം മാത്രം.
പത്ര-ദൃശ്യമാദ്ധ്യമങ്ങളിലൂടെ തഴച്ചു വളർന്ന്, മലയാളിയുടെ സൗന്ദര്യബോധത്തെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്ത സ്ഥാപനങ്ങളിലൊന്നാണ് തലശ്ശരി ആസ്ഥാനമായുള്ള മോൺസൺസ് എക്ട്രാക്ഷൻസ്. അവരുടെ ഉൽപന്നങ്ങളുടെ വർണനകൾ ശ്രദ്ധയിൽ പെടാത്ത ദിവസങ്ങൾ മലയാളികൾക്ക് ചുരുക്കം. 'ഇന്ദുലേഖ' എന്ന പേരിൽ മലയാളികൾക്ക് സുപരിചിതമായ ഉൽപന്നങ്ങൾക്കെതിരെ ഡ്രഗ് കൺട്രോളർ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം നൂറു കണക്കിനാണ്. തലമുടി വളരുന്നതിനും മുഖസൗന്ദര്യം വർധിക്കുന്നതിനുമായി വിപണിയിലെത്തിയ 'ഇന്ദുലേഖ 'ഉൽപന്നങ്ങളാണ് കോടതി കയറിയത്. ഒരിക്കൽ കേസിൽ പെട്ട സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനുള്ള തടസം മറികടക്കാൻ മറ്റൊരു കമ്പനി രൂപീകരിച്ച് അതേ ഉൽപന്നം മറ്റൊരു പേരിൽ വിപണിയിൽ എത്തും. ധാത്രി ആയുർവേദിക് പ്രൈവറ്റ് ലിമിറ്റഡ്, ആലപ്പുഴ എന്ന സ്ഥാപനം പുറത്തിറക്കിയ 'ധാത്രി ഫെയർ സ്‌കിൻ ക്രീമി'നെതിരെ ഡ്രഗ്‌സ് കൺ്‌ട്രോൾ വിഭാഗം കേസ് രജിസ്റ്റർ ചെയ്തപ്പോൾ തൊട്ടടുത്ത മാസം വാരിയേഴ്‌സ് ഹോസ്പിറ്റൽ ആൻഡ് പഞ്ചകർമ്മ സെന്റർ, കായംകുളം എന്ന സ്ഥാപനം ഇതേ ഉൽപന്നം പുറത്തിറക്കി കോടികൾ ഒഴുകുന്ന വിപണിയുടെ തനിനിറം കാട്ടി.
ഇതുപോലെ ആയുർവേദ ഔഷധനിർമ്മാതാക്കാളാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളം. ഒരു കുപ്പിയിൽ വെള്ളം നിറക്കുക. അതിൽ നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും ആയുർവേദ ഔഷധങ്ങൾ ചേർത്ത് നിറം മാറ്റി ഇഷ്ടമുള്ള പേര് കൊടുക്കുക. ഒരു ആയുർവേദ ഡോക്‌റെയും കൊണ്ട് നേരെ തിരുവനന്തപുരത്ത് എത്തുക. അവിടെ കേരള സംസ്ഥാന ഡെപ്യൂട്ടി ഡ്രഗ്‌സ് കൺ്‌ട്രോളർ (ആയുർവദം ) ഓഫീസറെ കാണുക. നിങ്ങളുടെ ഔഷധം കഴിച്ചാൽ എന്താണ് പ്രയോജനമെന്ന് അറിയിച്ച് കഴിഞ്ഞാൽ കൂടെയുള്ള ഡോക്ടറുടെ പേരിൽ ലൈസൻസ് അനുവദിക്കും. പിന്നെ മാർക്കറ്റിങ്. അത് നിങ്ങളുടെ യുക്തി പോലെ. മലയാളികളുടെ 'വീക്ക്‌നെസ്' ആയ മുഖസൗന്ദര്യം, കഷണ്ടി, ലൈംഗിക സംബന്ധമായ കാര്യങ്ങളെ മുൻനിർത്തിയുള്ള പരസ്യങ്ങളാണ് ഇറക്കുന്നതെങ്കിൽ വിജയം സുനിശ്ചിതം. അത്യാർത്തി കൊണ്ട് ശരീരത്തിന് ദോഷം സംഭവിക്കുന്നതോ, മരണത്തിന് കാരണമാകുകയോ ചെയ്യുന്ന രാസവസ്തുക്കൾ ചേർക്കാതിരുന്നാൽ ഈ 'പച്ചവെള്ള ഔഷധം' കൊണ്ട് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ കോടിപതിയാകാം.
സംസ്ഥാനത്ത് ആയുർവേദ ഔഷധനിർമ്മാണത്തിനുള്ള ലൈസൻസ് നേടുന്നത് തട്ടുകടയ്ക്ക് ലൈസൻസ് ലഭിക്കുന്നതിനേക്കാൾ എളുപ്പമാണെന്നാണ് രത്‌നചുരുക്കം. ബി.എ.എം.എസ് ബിരുദധാരികളുടെ പേരിൽ എടുക്കുന്ന ലൈസൻസ് ഉപയോഗിച്ച് മരുന്നുകൾ നിർമ്മിക്കുന്നതും വിൽപന നടത്തുന്നതും ആരാണെന്നു പോലും ഇവർക്കറിയില്ല എന്നതാണ് യാഥാർഥ്യം. അലോപ്പതി മരുന്നുകളുടെ നിർമ്മാണത്തിനും വിൽപനയ്ക്കും മാനദണ്ഡങ്ങൾ ഏറെക്കുറെ പാലിക്കുമ്പോൾ ഇതൊന്നും ആയുർവേദത്തിന് ബാധകമല്ല. ആയുർവേദ മരുന്നുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്ന ഘടകങ്ങളുടെ അളവുകളോ, അവ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഇന്ത്യയിൽ ഇല്ല എന്നതാണ് ആയുർവേദ 'മുറിവൈദ്യന്മാരുടെ' നേട്ടം.
ആയുർവേദ മരുന്നുകൾ പ്രധാനമായും രണ്ടു വിഭാഗത്തിലുള്ളതാണ്. ജെനറിക് ഉൽപന്നങ്ങളും ( ഉദാ : അഭയാരിഷ്ടം, ദശമൂലാരിഷ്ട്ം) പേറ്റന്റ് ഉൽപന്നങ്ങളും ( പത്ര-ദൃശ്യ മാദ്ധ്യമ പരസ്യങ്ങളിലെ ആയുർവേദ ഉൽപന്നങ്ങൾ ). ജെനറിക് മരുന്നുകളുടെ നിർമ്മാണരീതിയും അവയിൽ ഉപയോഗിക്കേണ്ട ഘടകങ്ങളും ആയുർവേദഗ്രന്ഥങ്ങളായ ചരക, സുശ്രുത സംഹിതകളിൽ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ പേറ്റന്റ് മരുന്നുകളുടെ നിർമ്മാണവും അവയിൽ ഉപയോഗിക്കുന്ന ഘടകങ്ങളും നിർമ്മാതാക്കളുടെ ഇഷ്ടത്തിനനുസരിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. അതിന്റെ ഫോർമുലയും ഉപയോഗക്രമവും നിശ്ചയിക്കുന്നതും ഈ മുറിവൈദ്യന്മാരാണ്. ആയുർവേദ മരുന്നുകളെ കുറിച്ചും അവയുടെ നിർമ്മാണ, ഉപയോഗ രീതികളെ കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിലൊന്നും ഇത്തരം മരുന്നുകളുണ്ടാവില്ല. പൊതുജനങ്ങളുടെ ഈ അറിവില്ലായ്മ കുറിച്ചറിയാവുന്നവരാണ് ആയുർവേദത്തിന്റെ മറവിൽ ആഴ്ചകൾ തോറും പുതിയ പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.
(തുടരും)