ളിയാക്കൽ എന്നാൽ ഒരുകാലത്ത് രൂക്ഷമായ വിമർശനത്തിനുള്ള പാതയായിരുന്നു. എന്നാൽ ഒരുഘട്ടം കഴിഞ്ഞപ്പോൾ അതിരുകളില്ലാത്ത കളിയാക്കലുകൾ വ്യക്തിഹത്യയുടെയും മാനക്കേടിന്റെയും പരാതിക്കൂമ്പാരത്തിന് വഴിതുറന്നു. ദൃശ്യമാദ്ധ്യമലോകം വിശാലമായ ആകാശത്ത് വ്യത്യസ്തമായ വഴി തേടുന്നതിന്റെ ഭാഗമായാണ് ന്യൂസ് ചാനലുകളിൽ ആക്ഷേപഹാസ്യപരിപാടികൾ രൂപപ്പെട്ടത്. നാടകമേ ഉലകം എന്ന പ്രതിവാര ആക്ഷേപഹാസ്യപരിപാടിയോടെ ഇത്തരത്തിലുള്ള വഴിക്ക് മലയാളം ടെലിവിഷൻ ചാനൽ തുടക്കമിട്ടു. പിന്നീട് എല്ലാവരും ഈ വഴി പിന്തുടർന്നുവെങ്കിലും ന്യൂസ് ചാനൽ വിഭവങ്ങളിൽ സൂപ്പർതാരമായി വിളങ്ങിയത് നിത്യേനയുള്ള ഒമ്പത് മണിച്ചർച്ച തന്നെയാണ്.

മലയാളത്തിൽ വ്യത്യസ്തമായ വാർത്താ ചാനൽസംസ്‌കാരത്തിന് തന്നെ തുടക്കമിട്ട എം വി നികേഷ്‌കുമാർ ഇന്ത്യാ വിഷൻ വിട്ട് റിപ്പോർട്ടർ ടിവി ആരംഭിച്ചപ്പോൾ ആക്ഷേപഹാസ്യപരിപാടിക്കും വ്യത്യസ്തത വരുത്തി. പ്രതിദിന ആക്ഷേപഹാസ്യപരിപാടിയെന്ന നിലയിൽ ഡെമോക്രെയ്‌സിക്ക് തുടക്കമിട്ടു. ഇതോടെ ഒമ്പത് മണിയെന്നതുപോലെ തന്നെ പത്ത് മണിയെന്ന പ്രൈംടൈമും ന്യൂസ് ചാനലുകളിൽ പ്രധാനപ്പെട്ടതായി. ഡെമോക്രെയ്‌സിക്ക് പിന്നാലെ വാർത്താ ചാനലുകളെല്ലാം പ്രതിദിന ആക്ഷേപഹാസ്യപരിപാടികളുമായി രംഗത്തെത്തുകയാണ്. ഏഷ്യാനെറ്റ് ന്യൂസിൽ ചിത്രംവിചിത്രവും പീപ്പിൾ ചാനലിൽ കോക് ടെയ്‌ലും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഏറ്റവും ഒടുവിൽ മാതൃഭൂമി ന്യൂസിൽ വക്രദൃഷ്ടിയും ആരംഭിച്ചിരിക്കുന്നു.

പ്രതിവാര പരിപാടിയായ ജോർജ്ജ് പുളിക്കന്റെ ധിംതരികിട തോം കൂടാതെയാണ് തിങ്കൾമുതൽ വ്യാഴംവരെ മാതൃഭൂമി വക്രദൃഷ്ടി കൂടി ആരംഭിച്ചിരിക്കുന്നത്. രാത്രി 9.30ന് സംപ്രേഷണം ചെയ്യുന്ന വക്രദൃഷ്ടി സീനിയർ ന്യൂസ് എഡിറ്റർ ഡി പ്രമേഷ് കുമാറാണ് അവതരിപ്പിക്കുന്നത്. ദിനം തോറും ഉണ്ടാകുന്ന രാഷ്ട്രീയസംഭവവികാസങ്ങളെ ചിരിയുടെ മാലയിൽ പൊതിഞ്ഞാണ് വക്രദൃഷ്ടി അവതരിപ്പിക്കുന്നത്. മാതൃഭൂമിയ്‌ക്കൊപ്പം വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന നർമഭൂമിയിൽ പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ ഹരികുമാർ കൈകാര്യം ചെയ്തിരുന്ന കോളത്തിന്റെ പേരാണിത്. പേരിനെ ഓർമിപ്പിക്കും വിധം എല്ലാദിവസവും ചൂടേറിയ വാർത്താ ചർച്ചകൾക്കൊടുവിൽ ചിരിയുടെ രസക്കൂട്ട് സമ്മാനിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്. പിസി ജോർജ്ജിന്റെ പുറത്താകൽ മുതൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കോർപ്പറേഷൻ തർക്കങ്ങൾ വരെ ദിവസങ്ങൾക്കുള്ളിൽ തന്നെ വക്രദൃഷ്ടി കൈകാര്യം ചെയ്തുകഴിഞ്ഞു.

വക്രദൃഷ്ടിയുമായി കടുത്ത മൽസരത്തിനുള്ള മറ്റൊരു പരിപാടി ഏഷ്യാനെറ്റ് ന്യൂസിൽ 9.30ന് സംപ്രേഷണം ചെയ്യുന്ന ചിത്രം വിചിത്രമാണ്. ലല്ലു, ഗോപീകൃഷ്ണൻ എന്നിവരാണ് ചിത്രംവിചിത്രത്തിന്റെ അവതരാകർ. ഗോപീകൃഷ്ണൻ അവതരിപ്പിച്ചിരുന്ന വികടകവി അവസാനിപ്പിച്ചിട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ചിത്രം വിചിത്രം ആരംഭിച്ചത്. ആക്ഷേപഹാസ്യ പരിപാടിയുടെ കണ്ണടച്ചുള്ള കളിയാക്കൽ ചിത്രം വിചിത്രം അന്വർത്ഥമാക്കുന്നു. ഏറ്റവും ഒടുവിലായി വി എം സുധീരനെ കൈമെയ് മറന്ന് കൈകാര്യം ചെയ്ത ആറാംതമ്പുരാൻ എപ്പിസോഡിൽ സമകാലിക രാഷ്ട്രീയത്തിൽ ഒരു ആദർശവ്യക്തിത്വം നിർമ്മിക്കുന്നതെങ്ങനെയന്നതുമുതൽ അഴിമതിക്കാരുടെ വളർച്ച വരെ ചിത്രീകരിക്കുന്നു.

ഏറ്റവും ഒടുവിൽ വാർത്താ സമ്മേളനത്തോടൊപ്പം കൊടിക്കുന്നിൽ സുരേഷ് ചിത്രം വിചിത്രത്തെ കുറിച്ച് പരാമർശിച്ചത് എടുത്തിട്ട് കീറിയൊട്ടിക്കുകയും ചെയ്തു ലല്ലു. വാർത്തയായി തന്നെ കൊടുക്കണേ, ചിത്രം വിചിത്രത്തിൽ കഴിഞ്ഞ തവണ കൊടുത്തതുപോലെയായിരിക്കും ഇതെല്ലാം വരികയെന്ന് എനിക്കറിയാമെന്ന് കൂടി കൊടുക്കുന്നിൽ സുരേഷ് പറയുന്നു. പരിപാടിയിൽ ഈ ബൈറ്റ് തന്നെ ആവർത്തിച്ചിട്ട് കൊടിക്കുന്നിലിനെ കളിയാക്കുകയായിരുന്നു ലല്ലു. ഇതൊക്കെ കാണുമ്പോൾ ചില നേതാക്കളൊക്കെ ആക്ഷേപഹാസ്യ പരിപാടിയിൽ വരുന്നതിന് വേണ്ടി മനപ്പൂർവ്വം ചില കളികളൊക്കെ കളിക്കുകയാണോ എന്ന്‌പ്രേക്ഷകന് തോന്നിയാലും കുറ്റം പറയാൻ കഴിയില്ല. ദേ ഡെമോക്രെയ്‌സിയിൽ അഭിനയിക്കുന്ന ചേട്ടൻ എന്ന് അമ്മയോട് ഒരു കുട്ടി വിളിച്ചുപറഞ്ഞതായി ഉഴവൂർ വിജയൻ പൊതുവേദിയിൽ പ്രസംഗിച്ചതുകൂടി ഇതിനോട് ചേർത്ത് വായിക്കണം. എന്തായാലും ഉമ്മൻ ചാണ്ടി മുതൽ ചെന്നിത്തല വരെയുള്ള കോൺഗ്രസ്സുകാരും പിണറായി മുതൽ കോടിയേരി വരെയുള്ള സിപിഐഎമ്മുകാരും സുരേഷ്‌ഗോപിയടക്കമുള്ള സിനിമാക്കാരും ജിജി തോംസൺ മുതൽ തച്ചങ്കരിവരെയുള്ള സിവിൽ സർവ്വീസുകാരും ആക്ഷേപഹാസ്യത്തിന് ഒരുപോലെ ഇരയാകുന്നു എന്നതാണ ഏറെ ശ്രദ്ധേയം.

മലയാള മനോരമ തിരുവാ എതിർവാ എന്ന പ്രതിവാര ആക്ഷേപഹാസ്യപരിപാടി ഇപ്പോഴും തുടരുന്നുമുണ്ട്. അവർ പറയാതെ വയ്യ എന്ന പ്രതിദിന വിശകലന പരിപാടി തുടങ്ങിയതുകൊണ്ട് സറ്റയർ പരിപാടി ഇനി പ്രത്യേകം ആരംഭിക്കേണ്ടതില്ല. ഈ ചാനലുകളിൽ നിന്നെല്ലാം വ്യത്യസ്തമായി മലയാളത്തിലെ ആദ്യത്തെ പ്രതിദിന സറ്റയർ പരിപാടിയായ ഡെമോക്രെയ്‌സി റിപ്പോർട്ടർ ടിവിയിൽ 10 മണിക്കാണ സംപ്രഷണം ചെയ്യുന്നത്. കെവി മധുവാണ് ഡെമോക്രെയ്‌സിയുടെ അവതാരകൻ. നേതാക്കളെയും സെലിബ്രിറ്റികളെയും കടുത്ത ആക്രമണത്തിന് വിധേയമാക്കുന്ന നിലപാട് ഡെമോക്രെയ്‌സിയും തുടരുന്നുണ്ട്. മറ്റുപരിപാടികളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയക്കാരെ മാത്രമല്ല, സിനിമാപ്രവർത്തകരും സാഹിത്യകാരന്മാരുമടക്കമുള്ള മറ്റുമേഖലകളിലെ സെലിബ്രിറ്റികളെയും കണക്കറ്റ് പ്രഹരിക്കുന്നുണ്ട് എന്നതാണ് ഡെമോക്രെയ്‌സിയുടെ പ്രത്യേകത. ബിജെപി ബാന്ധവത്തിൽ സുരേഷ്‌ഗോപി വഞ്ചിക്കപ്പെട്ടതും ബാലചന്ദ്രമേനോന്റെ മമ്മൂട്ടി വാഴ്‌ത്തുകളുമാണ് സമീപദിവസങ്ങളിൽ ഇത്തരത്തിൽ ശ്രദ്ധേയമായത്. സിപിഐഎം നേതാവ് കൂടിയായ ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി തനിക്ക് സ്വന്തമായി വീടില്ലെന്ന് പ്രസംഗിച്ച് കരഞ്ഞുപോയതും ജി സുധാകരനടക്കമുള്ള നേതാക്കൾ ദുഃഖത്തോടെ കണ്ടുനിൽക്കുന്നതും രാഷ്ട്രീയത്തിലെ വ്യത്യസ്തമായ കൗതുകമായി കഴിഞ്ഞ ദിവസം ഡെമോക്രെയ്‌സിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ആക്ഷേപഹാസ്യപരിപാടികൾ വിമർശന വിധേയമാക്കാത്ത നേതാക്കളില്ല, സെലിബ്രിറ്റികളില്ല. എന്നാൽ എല്ലാപരിപാടികളും പലപ്പോഴും ഹീറോയായി കാണുകയും വാഴ്‌ത്തുകയും ചെയ്യുന്ന നേതാവ് ഒരാൾ മാത്രമണ്. അത് സാക്ഷാൽ വി എസ് അച്യുതാനന്ദൻ തന്നെ. ബാല്യാവസ്ഥയിലുള്ള വക്രദൃഷ്ടിയായിക്കോടെ, ചിത്രം വിചിത്രമായിക്കോട്ടെ, ഡെമോക്രെയ്‌സിയായിക്കോട്ടെ, വി എസ് എല്ലാവർക്കും ഒരുപോലെ പ്രിയങ്കരനാണ്. വി എസ് എപ്പോഴെങ്കിലും ചെറിയ ചലനങ്ങളുണ്ടാക്കിയാൽ കളിയാക്കൽ പരിപാടികൾ അദ്ദേഹത്തെ, സിങ്കമായും പോക്കിരിരാജായായും ആറാംതമ്പുരാനായും സൂപ്പർഹീറോയായും ഒക്കെ അവതരിപ്പിക്കും. മൂന്നാർ സമരസമയത്ത് വിഎസിന്റെ വരവുണ്ടാക്കിയ ചലനങ്ങളെ സറ്റയർ പരിപാടികൾ ആവിഷ്‌കരിച്ചതെങ്ങെയെന്ന് മാത്രം നോക്കിയാൽ മതി. എന്തായാലും മലയാളം വാർത്താ ചാനൽ രംഗത്ത് ചൂടേറിയ ചർച്ചാപരിപാടികളെ മറികടന്ന് സറ്റയർ പരിപാടികൾ മേൽക്കൈ നേടുന്നതാണ് സമീപകാലത്തായി കാണുന്നത്.

പ്രേക്ഷകർ ഒരിവാർത്ത ദിവസം ചിരിച്ചുകൊണ്ട് അവസാനിപ്പിക്കാൻ കാത്തിരിക്കുന്നു എന്ന് വേണം കരുതാൻ. സോഷ്യൽ മീഡിയകളിലടക്കം സറ്റയർ പരിപാടികൾ മുന്നോട്ട് വയ്ക്കുന്ന നിലപാടുകൾ സ്വീകരിച്ച് ചർച്ചകൾ ആരംഭിക്കുന്നതും കാണുന്നു. അതുകൊണ്ടൊക്കെ തന്നെ പ്രതിദിന സറ്റയർ പ്രോഗ്രാമുകളെ ഏറെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ചാനലുകളും വീക്ഷിച്ചുതുടങ്ങിയിരിക്കുന്നു. അതേ സമയം സറ്റയർ പരിപാടികളുടെ അവതാരകർ വളിച്ച ഹാസ്യം വ്യക്തിഅധിക്ഷേപം എന്ന ആരോപണം നിലനിൽക്കുന്നു എന്ന് ഓർമിക്കുകയും വേണം.