- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാൽസംഗത്തിനും ദൈവശാസ്ത്രമോ?
'അയാൾ എന്നെ ബലാൽക്കാരം ചെയ്തശേഷം നിസ്സഹയായിക്കിടന്ന എന്റെ സമീപത്ത് മുട്ടുമടക്കി നിസ്‌ക്കാരം ചെയ്യുന്നതാണ് കണ്ടത്. എനിക്ക് വേദനിക്കുന്നു എന്നു നിലവിളിച്ചപ്പോഴും അയാൾ പറഞ്ഞു, അയാളുടെ മതവിശ്വാസപ്രകാരം അവിശ്വാസിയെ ബലാൽസംഗം ചെയ്യണമെന്നാണ്. ഇങ്ങനെ ചെയ്യുന്നതോടുകൂടി അയാൾ ദൈവത്തിലേക്ക് കൂടുതൽ അടുക്കുകയാണത്രേ'. അയാൾ എന്നെ പീഡിപ്പിക
'അയാൾ എന്നെ ബലാൽക്കാരം ചെയ്തശേഷം നിസ്സഹയായിക്കിടന്ന എന്റെ സമീപത്ത് മുട്ടുമടക്കി നിസ്‌ക്കാരം ചെയ്യുന്നതാണ് കണ്ടത്. എനിക്ക് വേദനിക്കുന്നു എന്നു നിലവിളിച്ചപ്പോഴും അയാൾ പറഞ്ഞു, അയാളുടെ മതവിശ്വാസപ്രകാരം അവിശ്വാസിയെ ബലാൽസംഗം ചെയ്യണമെന്നാണ്. ഇങ്ങനെ ചെയ്യുന്നതോടുകൂടി അയാൾ ദൈവത്തിലേക്ക് കൂടുതൽ അടുക്കുകയാണത്രേ'. അയാൾ എന്നെ പീഡിപ്പിക്കാൻ തുടങ്ങുന്നതിനു മുമ്പ് എന്നെ അയാളുടെ മതത്തിലേക്ക് ചേരുന്നതിന് പ്രേരിപ്പിച്ചു. 12 വയസ്സുള്ള ഒരു 'യെസ്സിദി' പെൺകുട്ടി, ഇറാക്കിലെ ഐസസ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് നിസ്സംഗമമായ ഒരു ലോകത്തോടായിരിക്കാം.
പഴയ മെസെപ്പൊട്ടാമിയയിലെ ഏറ്റവും പ്രധാന പട്ടണങ്ങളിൽ ഒന്നായിരുന്ന നിനവേ നഗരം, ഇപ്പോൾ വടക്കേ ഇറാക്കിലുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനത്തിലാണ്. അവിടെയാണ് 'യെസ്സിദി' എന്ന സംസ്‌ക്കാരം അതിപുരാതനകാലം മുതൽക്കേ നിലനിൽക്കുന്നത്. ഏതാണ്ട് 15 ലക്ഷത്തിലധികം മാത്രം വരുന്ന യെസ്സിദികൾ, ഇറാക്ക്, അർമേനിയ, ടർക്കി, സിറിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ ചിതറിക്കിടക്കുകയാണ്.
ഇസ്ലാംമതം പ്രചരിക്കുന്നതിനു മുമ്പ് മദ്ധ്യപൂർവ്വ ഏഷ്യയിലെ ഏറ്റവും സാംസ്കാരിക പ്രാമുഖ്യമുള്ള സമൂഹമായിരുന്നു യെസ്സിദികൾ. ഹീബ്രു ബൈബിളിലെ ചെറിയ പ്രവാചകന്മാരിൽ ഒരാളായ നാഹൂമിന്റെ നിനവയെക്കുറിച്ചുള്ള പ്രവചനം (ബിസി 700) 'അവൾ അനാവൃതയായി, ബന്ധയായി പ്രവാസത്തിലേക്ക് പോകേണ്ടി വരും' എന്നായിരുന്നു. ഇവർ ഏകദൈവ വിശ്വാസികളാണെങ്കിലും, ദൈവം ആദ്യമായി ഏഴ് മാലാഖമാരെ സൃഷ്ടിച്ചു; ലോകത്തിന്റെ ഗതിവിധികൾ അവരെ ഏൽപ്പിച്ചിരിക്കുകയാണ് എന്നാണ് ഇവർ വിശ്വസിക്കുന്നത്. ഈ മാലാഖമാരിൽ പ്രമുഖനായ 'പീക്കോക്ക് ഏഞ്ചലി'ന്റെ ആത്മാവിൽ ഷെയിക്ക് ആഡി എഴുതിയ 'വെളിപാടുകളുടെ പുസ്തകം' ആണ് ഇവരുടെ വിശുദ്ധ ഗ്രന്ഥം. ഇത് കടുത്ത പൈശാചിക വിശ്വാസമാണെന്ന പേരിലാണ് ഈ വർഗ്ഗം കാലാകാലങ്ങളായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏതാണ്ട് 73 മനുഷ്യ കുരുതികളാണ് ഇവർക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.
2014 ൽ ഇസ്ലാമിക് സ്റ്റേറ്റ് ഇറാക്കിലെ സിൻജർ പ്രവിശ്യ പിടിച്ചെടുത്തപ്പോൾ 50000 ലധികം യസ്സിദികളാണ് മലമുകളിലേക്ക് ആട്ടിപ്പായിക്കപ്പെട്ടത്. താഴെയിറങ്ങിയാൽ വെട്ടിക്കൊല്ലുമെന്ന് ഉറപ്പുള്ളതിനാൽ മലമുകളിൽ കുടുങ്ങിപ്പോയവർ അമേരിക്കൻ വിമാനം ഇട്ടുകൊടുത്ത ഭക്ഷണപ്പൊതികൾ കൊണ്ടാണ് ജീവൻ പിടിച്ചു നിർത്തിയത്. ഇവിടെയുള്ള സിൻജാർ മലയിലാണ് ബൈബിളിലെ വലിയ പ്രളയത്തിനുശേഷം നോഹയുെട പെട്ടകം തറച്ചു നിന്നിരുന്നത്.
നീലക്കണ്ണുള്ള സുന്ദരികളായ യെസ്സിദി പെൺകിടാങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികൾക്ക് ദൈവം അനുവദിച്ചുകൊടുത്ത സമ്മാനമാണെന്നാണ് ഭീകരരുടെ വിശ്വാസം. 5000 ലധികം യെസ്സിദി പെൺകുട്ടികളെ കഴിഞ്ഞ വർഷം ഇവർ പിടിച്ചുകൊണ്ടുപോയി. 3000 ലധികം സ്ത്രീകൾ ഇപ്പോഴും തടവിലുണ്ട്. ഇവരെ കടുത്ത പീഡനങ്ങൾക്ക് വിധേയരാക്കുകയും ഇംഗിതത്തിനു വഴങ്ങാത്തവരെ ജീവനോടെ ചുട്ടുകൊല്ലുകയുമാണ് ചെയ്യുന്നത്. സഹികെട്ട് കുറെ യസ്സിദി പെൺകുട്ടികൾ മരണം വരിച്ചു. കന്നുകാലികളെപ്പോലെയാണ് ഇവരെ ക്രയവിക്രയം ചെയ്യുന്നത്. ചങ്ങലക്കിട്ട്, നമ്പർ കഴുത്തിൽ കെട്ടി, നഗരത്തിൽ പൊതുവായി ലേലം ചെയ്താണ് ഇവർ വിൽക്കപ്പെടുന്നത്. ആറോ ഏഴോ പേർ മാറി മാറി കച്ചവടം ചെയ്താൽ ചെറുപ്പക്കാരിയായ യെസ്സിദി പെൺകുട്ടി ഇവർക്ക് കൂടുതൽ പണമുണ്ടാക്കാൻ സഹായിക്കും. എല്ലാം നിയമപരമാണ്. കൃത്യമായ നികുതി ഇസ്ലാമിക് സ്റ്റേറ്റ് ഈടാക്കുകയും ചെയ്യും.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഫത്വ അനുസരിച്ച് യെസ്സിദി പെൺകുട്ടികളെ എങ്ങനെ ഉപയോഗിക്കണമെന്ന വ്യക്തമായ നിർദ്ദേശം കൊടുത്തിരിക്കുകയാണ്. അവിശ്വാസിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെങ്കിൽ എത്രയുംപെട്ടെന്ന് ബലാൽസംഗം ചെയ്യണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു. രക്ഷപ്പെട്ടു വരുന്ന പെൺകുട്ടികളിൽ നിന്നും ലഭിക്കുന്ന വിവരം ഞെട്ടിക്കുന്നതാണ്.
എന്നിരുന്നാലും മലമുകളിൽ യെസ്സിദികൾ വളരെ പ്രതീക്ഷയോടെ ഒരു ദേവാലയം പടുത്തുയർത്തുകയാണ്. പെൺകുട്ടികളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി ഇവിടെയെത്തിക്കാൻ ഇവർ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.
കലാപവും പ്രവാസവും മനുഷ്യക്കുരുതികളും ചരിത്രത്തിൽ ഏറെയുണ്ടായിട്ടുണ്ട്. അതിർവരമ്പില്ലാത്ത സഹിഷ്ണുതയും നീതിയും കരുണയും പ്രഖ്യാപിക്കുന്ന ആധുനിക മതങ്ങൾ, സാംസ്കാരിക സമൂഹങ്ങളൊക്കെ ഈ കൊടുംക്രൂരതയിൽ മരവിച്ചു നിൽക്കുകയാണ്. ലോകത്തിലെന്തു സംഭവിച്ചാലും തങ്ങളുടെ ലാഭത്തിന് കുറവു വരരുത് എന്ന ലക്ഷ്യത്തിൽ ലോകം നയിക്കുന്ന ഭീമൻ സാമ്രാജ്യങ്ങൾ, പട്ടുപോയ ഈ ജീവിതങ്ങൾക്കും രോദനങ്ങൾക്കും നേരെ കണ്ണടച്ചാൽ കനത്ത വില നൽകേണ്ടി വരില്ലേയെന്ന് വെറുതേ തോന്നിപ്പോകും. അഭയാർത്ഥിക്കുനേരെ വാതിലടയ്ക്കുന്ന കപട നിഷ്പക്ഷതയ്ക്ക് കാലം ഒരിക്കലും മാപ്പുകൊടുക്കില്ല.