- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളപട്ടണത്ത് മത്സരം കോൺഗ്രസും ലീഗും തമ്മിൽ; ആകെയുള്ള 13 വാർഡുകളിൽ മുഴുവൻ സീറ്റുകളിലേയും പ്രധാന എതിരാളികൾ യുഡിഎഫിലെ ഘടകക്ഷികൾ തന്നെ; വെൽഫയർ പാർട്ടിയുമായി ലീഗ് സഖ്യവും; അട്ടിമറി പ്രതീക്ഷയിൽ ഇടതു പക്ഷവും
കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ വളപട്ടണം ഗ്രാമപഞ്ചായത്ത്. കണ്ണൂർ നഗരത്തോട് ചേർന്ന് കിടക്കുന്ന വളപട്ടണം പഞ്ചായത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 6423 മാത്രമാണ്. മഹാഭൂരിഭാഗവും ഇസ്ലാം മതവിശ്വാസികൾ. സംസ്ഥാനത്തു തന്നെ മുസ്ലിംരാഷ്ട്രീയം ഉയർത്തിപിടിക്കുന്ന രണ്ട് പാർട്ടികൾ മാത്രം സഖ്യത്തിലേർപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന ഏക പഞ്ചായത്താണ് വളപട്ടം.
ഇവിടെ മുസ്ലിം ലീഗും വെൽഫയർപാർട്ടിയും ഒരുമിച്ച് സഖ്യമായി ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസ് സഖ്യത്തിന് പുറത്താണ്. ആകെയുള്ള 13 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് 11 ഇടത്തും വെൽഫയർപാർട്ടി രണ്ടിടത്തും മത്സരിക്കും. മുസ്ലിം ലീഗും വെൽഫയർപാർട്ടിയും ചേർന്ന സഖ്യവും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും എൽഡിഎഫും തെരഞ്ഞെടുപ്പ് ചിത്രത്തിൽ സജീവമല്ല. കഴിഞ്ഞ തവണ കേവലം രണ്ടിടത്ത് മാത്രമാണ് എൽഡിഎഫിന് ജയിക്കാനായത്.
കണ്ണൂർ ജില്ലയിലെ യുഡിഎഫിന്റെ ശക്തി കേന്ദ്രമായിരുന്ന വളപട്ടണത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പോടു കൂടിയാണ് യുഡിഎഫ് ബന്ധം വഷളായത്. കഴിഞ്ഞ തവണ യുഡിഎഫ് മുന്നണിയെന്ന നിലയിൽ ആറിടത്ത് കോൺഗ്രസും ഏഴിടത്ത് മുസ്ലിം ലീഗും മത്സരിച്ചു. എന്നാൽ കോൺഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും ജയിക്കുകയും മുസ്ലിം ലീഗ് മൂന്നിടങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. മുന്നണിയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയിൽ പ്രസിഡണ്ട് പദവി കോൺഗ്രസ് സ്വന്തമാക്കി.
അന്നു തുടങ്ങിയ പ്രശ്നങ്ങളാണ് വളപട്ടണത്തെ യുഡിഎഫ് സംവിധാനത്തിന്റെ തകർച്ചയിലേക്ക് എത്തിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസ് പലയിടങ്ങളിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു പ്രധാന ആരോപണം. പ്രസിഡണ്ട് സ്ഥാനം തട്ടിയെടുക്കാനായി കോൺഗ്രസ് മുസ്ലിം ലീഗിനെ കാലുവാരിയെന്ന് പ്രവർത്തകരും നേതാക്കളും ഒരു പോലെ വിശ്വസിക്കുന്നു. ഈ പ്രചരണത്തിന്റെ ഭാഗമായാണ് ഈ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും രണ്ട് ചേരിയായി നിന്ന് മത്സരിക്കുന്നത്.
ആകെയുള്ള 13 സീറ്റിൽ എല്ലാ സീറ്റിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. മുസ്ലിം ലീഗാവട്ടെ രണ്ട് സീറ്റ് വെൽഫയർപാർട്ടിക്ക് വിട്ടുനൽകി ബാക്കി വരുന്ന 11 സീറ്റുകളിൽ മത്സരിക്കുന്നു. ഇരു പാർട്ടികളുടെയും ജില്ല, സംസ്ഥാന തല നേതാക്കൾ പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥാനാർത്ഥി നിർണയത്തിന്റെ തുടക്കം മുതൽ പ്രാദേശിക നേതാക്കൾ മുന്നണി വേണ്ട എന്ന നിലപാടിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന നറൽ സെക്രട്ടറി കെപിഎ മജീദ്, കെഎം ഷാജി എംഎൽഎ, കെ സുധാകരൻ എംപി തുടങ്ങിയവരെല്ലാം പ്രശ്നപരിഹാരത്തിനായി ഇടപെട്ടിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
ഇരുപാർട്ടികളും സ്വന്തം നിലക്ക് സ്ഥാനാർത്ഥികളെ നിർത്തി പരസ്പരം പോരടിച്ച് പ്രചരണവും തുടങ്ങിയിട്ടുണ്ടെങ്കിലും വളപട്ടണത്ത് നടക്കുന്നത് സൗഹൃദ മത്സരമാണെന്നാണ് നേതാക്കൾ പറയുന്നത്. യുഡിഎഫിലെ രണ്ട് പ്രബല പാർട്ടികൾ തമ്മിൽ പരസ്പരം മത്സരിക്കുന്നത് പഞ്ചായത്തിൽ പ്രതീക്ഷിക്കാനൊന്നുമില്ലാത്ത എൽഡിഎഫിന് നേട്ടമാകുമോ എന്ന ആശങ്കയും ഇരുപാർട്ടികളുടെയും ജില്ല, സംസ്ഥാന നേതൃത്വങ്ങൾക്കുണ്ട്. മുസ്ലിം ലീഗും കോൺഗ്രസും പരസ്പരം മത്സരിക്കുന്നത് തങ്ങൾക്ക് നേട്ടമാകുമെന്ന വിശ്വാസത്തിലാണ് കഴിഞ്ഞ തവണ കേവലം രണ്ട് സീറ്റുകൾ മാത്രം ലഭിച്ച എൽഡിഎഫ്.