മനാമ: പ്രമുഖ കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ വലയിൽ വീണ കിളികൾ എന്ന കവിതയുടെ 25-ാം വാർഷികം പ്രവാസ ഭൂമിയിൽ ആഘോഷിക്കാൻ അരങ്ങൊരുങ്ങുന്നു. ബഹള സംഗീതവും തമാശകളുമൊക്കെ അരങ്ങു വാഴുന്ന കാലത്ത് സംഗീതത്തെയും സംസ്‌കാരത്തെയും ഇഷ്ടപ്പെടുന്നവർക്ക് തുകച്ചും ഒരു വേറിട്ട അനുഭവമായിരിക്കും പരിപാടിയെന്ന് സംവിധായകൻ ബ്ലെസൻ ജോയ് പറഞ്ഞു.

മലയാള കവിതാ ഗാനരചനാ സരണികളിൽ സ്വന്തം പാത വെട്ടിത്തുറന്ന സർഗ്ഗാധനനായ എഴുത്തുകാരനാണ് അനിൽ പനച്ചൂരാൻ. നിയമബിരുദ ധാരിയായിട്ടും അക്ഷര പൂജകനായി മാറിയ അദ്ദേഹത്തെ ആദരിക്കുകയും ഒപ്പം ബഹ്നിലെ മലയാളി സമൂഹത്തിന് സംഗീതത്തിന്റെ വിരുന്നൊരുക്കുകയുമാണ് പരിപാടിയുടെ ഉദ്ദേശം.

മലയാള ചലച്ചിത്രരംഗത്തിന് പുതിയ ഭരതവാക്യം കുറിച്ച സംവിധായകൻ ഭരതന്റെ പുത്രനും നടനും സംവിധായകനുമായ സിദ്ധാർത്ഥനാണ് പരിപാടിയുടെ മറ്റൊരാകർഷണം.

എം മോഹന്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ മമ്മൂട്ടി, ശ്രീനിവാസൻ എന്നിവരഭിനയിച്ച കഥപറയുമ്പോൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല എന്ന പാട്ട് മലയാശക്കരയിൽ ആബാല വയോധികം ജനങ്ങൾക്കും സുപരിചിതമാണ്. ചിത്രത്തിൽ സലിം കുമാറിന്റെ കഥാപാത്രം ഈ പാട്ടു പാടിയിരിക്കുന്നത് പ്രദീപ് പള്ളുരുത്തിയുടെ ശബ്ദത്തിലാണ്. പരിപാടിയിൽ പാട്ടുപാടുന്നത് പ്രദീപ് പള്ളുരുത്തി തന്നെയാണ്.

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായ ശബ്ദവും രൂപവുമാണ് സുമി അരവിന്ദിന്റേത്. കഴിവു തെളിയിച്ച ഗായികയായ സുമിയുടെ സാന്നിദ്ധ്യവും വലയിൽ വീണ കിളികൾക്കുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഒപ്പം ബഹ്‌റിൻ ആസ്വാദക ലോകത്തിന് മുഖവുര വേണ്ടാത്ത പ്രശസ്ത ഗായിക ജെസ്സി കലാമും അനിൽ പനച്ചൂരാന്റെ കവിതകളും ഗാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയിൽ ഗാനങ്ങൾ ആലപിക്കും.

ഇവയ്‌ക്കൊപ്പം പനച്ചൂരാന്റെ രചനകളെ അടിസ്ഥാനമാക്കിയുള്ള രംഗാവിഷ്‌കാരവും അരങ്ങേറും.ഒക്ടേബർ 17 വെള്ളിയാഴ്ച ഏഴ് മണിക്ക് ബഹ്‌റിൻ ഇന്ത്യൻ ക്ലബിലാണ് പരിപാടി സംഘടിപ്പിച്ചിരുക്കുന്നത്.പരിപാടിയുടെ സംവിധായകരായ ബ്ലെസൻ ജോയ്, ഷാൽബിൻ ജോസഫ്, പ്രൊഡ്യൂസർ സതാഷ് ഉണ്ണിത്താൻ, ബഹ്‌റിൻ ബിസിനസ് ഫോറം സെക്രട്ടറി ബഷീർ അമ്പലായി, ട്രഷറർ റിയാസ് തരിപ്പായിൽ, ചോയ്‌സ് അഡൈ്വട്ടൈസിങ് ഡയറക്ടർ ഡോക്ടർ ജോർജ് മാത്യു തുടങ്ങിയവർ പരിപാടിയെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഈദ് മെഗാ ഇവന്റ് ഡയറക്ടർമാരായ മനോജ് മയന്നുർ, മുഹമ്മദ് പുഴക്കര തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 33524794,35373062 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക