ഫുട്‌ബോൾ ടീമുകൾ കളത്തിലേക്ക് കുട്ടികളുടെ കൈപിടിച്ച് നടന്നുവരുന്നത് കണ്ടിരിക്കും. വാലന്റൈൻ ദിനത്തിൽ കളിക്കാനിറങ്ങിയപ്പോൾ ഹോളണ്ടിലെ ആർകെസി വാൽവിക് ടീം ആ ശീലമൊന്നുമാറ്റി. വാലന്റൈൻ ദിനത്തിൽ അടിവസ്ത്രം മാത്രം ധരിച്ച യുവതികളുടെ കൈപിടിച്ചാണ് കളിക്കാർ ഗ്രൗണ്ടിലേക്ക് എത്തിയത്.

അൽപവസ്ത്രധാരികളായ യുവതികളെക്കണ്ട് കാണികൾ ആവേശഭരിതരായെങ്കിലും ടീമിന്റെ കളി മാത്രം ഉണർന്നില്ല. മത്സരത്തിൽ അവർ 1-0ന് തോറ്റു. ഡച്ച് സെക്കൻഡ് ഡിവിഷന്റെ ഏറ്റവും താഴെയാണ് വാൽവിക്ക് ഇപ്പോൾ. ആരാധകരെ പിടിച്ചുനിർത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ക്ലബ്ബുടമകൾ യുവതികളെ ഇറക്കിയത്. മത്സരത്തിനുപയോഗിക്കുന്ന പന്ത് സാധാരണ റഫറിയാണ് കളിക്കളത്തിലേക്ക് കൊണ്ടുവരുന്നത്. ഇക്കുറി അതും ഒരു യുവതിയാണ് ഗ്രൗണ്ടിലെത്തിച്ചത്.

കളിയുടെ ചിത്രങ്ങൾ പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാർക്കും അത് തിരക്കുപിടിച്ച ദിവസമായിരുന്നു. കളിക്കാർക്കൊപ്പവും ക്ലബ്ബ് ഭാരവാഹികൾക്കൊപ്പയും യുവതികൾ നിൽക്കുന്ന ചിത്രം പകർത്തുന്നതിലായിരുന്നു അവർക്ക് താത്പര്യം. മത്സരത്തിന് രണ്ടുദിവസം മുമ്പെ സുന്ദരികളുടെ വീഡിയോകൾ ക്ലബ്ബ് വെബ്‌സൈറ്റിലും ഫേസ്‌ബുക്ക് പേജിലും വന്നിരുന്നു.

എഫ്.സി.എമ്മനുമായുള്ള മത്സരത്തിലാണ് സുന്ദരികളെ ഇറക്കി ക്ലബ് ആരാധകരെ ആവേശം കൊള്ളിച്ചത്. സീസണിൽ 24 കളികൾ പൂർത്തിയായപ്പോൾ വെറും 18 പോയന്റുമാത്രമാണ് വാൽവിക്കിനുള്ളത്. ടീമിന്റെ ദയനീയ പ്രകടനം ആരാധകരെ അരിശം കൊള്ളിക്കുന്നതിനിടെ സുന്ദരികളെ ഇറക്കി അവരെ ആശ്വസിപ്പിക്കാനുള്ള ശ്രമമാണ് ക്ലബ്ബുടമകൾ നടത്തിയത്.