- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ പെട്ടുപോയിടാ': മരണദിവസം വലിയശാല രമേശ് സുഹൃത്തുക്കളോട് പറഞ്ഞത് ഇങ്ങനെ; മരണശേഷം മകൻ ഗോകുലിനെ നുണ പറഞ്ഞ് കുടുക്കാൻ രണ്ടാം ഭാര്യ ശ്രമിച്ചു; വെളിപ്പെടുത്തലുകളുമായി സുഹൃത്തുക്കൾ
തിരുവനന്തപുരം: മലയാളികളുടെ പ്രിയനടൻ വലിയശാല രമേശിന്റെ അകാലത്തിലുള്ള മരണം ഏറെ ദുരൂഹതകൾ സൃഷ്ടിക്കുന്നതായിരുന്നു. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സുഹൃത്തുക്കളോട് കളിച്ചുചിരിച്ചും മകനോട് ഫോണിൽ സന്തോഷത്തോടെയും സംസാരിച്ചും വീട്ടിലേയ്ക്ക് കയറിപ്പോയ രമേശ് അന്ന് രാത്രി ആത്മഹത്യ ചെയ്തു എന്നത് അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിശ്വസിക്കാൻ പോലുമാകുന്നില്ല.
സിനിമയിൽ പുതിയ പ്രോജക്ടുകൾ തന്നെ തേടിവരുന്നതിൽ സന്തോഷിച്ചിരുന്ന അദ്ദേഹം, 55 വയസിന് ശേഷമാകാം തനിക്ക് ഭാഗ്യമുണ്ടാകുന്നതെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അങ്ങനെയുള്ള രമേശ് ആത്മഹത്യ ചെയ്യണമെങ്കിൽ അദ്ദേഹത്തിന് താങ്ങാനാകാത്ത അത്രയും വലിയ ആഘാതങ്ങൾ എന്തെങ്കിലും ആ രാത്രിയിൽ ഉണ്ടായിട്ടുണ്ടെന്നും അവർ വിശ്വസിക്കുന്നു. തൂങ്ങിനിന്ന നിലയിൽ കണ്ട രമേശിനെ ആശുപത്രിയിലെത്തിക്കാൻ അയൽക്കാരുടെ സഹായം തേടാതെ ദൂരെനിന്നും ടാക്സി വിളിച്ചതിലും ദുരൂഹതകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് അയൽക്കാർ ഉന്നയിച്ച ചില സംശയങ്ങൾ മറുനാടൻ പ്രസിദ്ധീകരിച്ചിരുന്നു.
വലിയശാല രമേശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ആരോപണങ്ങളും ഇന്ന് അന്തരീക്ഷത്തിലുണ്ട്. അദ്ദേഹത്തിന്റെ ആദ്യഭാര്യയുടെ വീട്ടുകാർക്കും മകന്റെ ഭാര്യവീട്ടുകാർക്കുമെതിരെ രണ്ടാംഭാര്യയുടെ മകൾ ഫേസ്‌ബുക്കിലിട്ട പോസ്റ്റും വിവാദങ്ങൾക്ക് തിരികൊളുത്തി. എന്നാൽ അതിന് അവർ കൂട്ടുപിടിച്ച രമേശിന്റെ സഹോദരന് വർഷങ്ങളായി രമേശുമായി യാതൊരു ബന്ധവുമില്ലായിരുന്നെന്നും മരിച്ചപ്പോൾ പോലും അനിയനെ കാണാൻ അദ്ദേഹം വന്നില്ലെന്നും ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനാണ്.
ഈ മരണത്തെ ചൂഴ്ന്നുനിൽക്കുന്ന ദുരൂഹതകളെ പറ്റി മറുനാടൻ പുറത്തുവിട്ട വാർത്തകളെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് വലിയശാല രമേശിന്റെ ആത്മമിത്രവും മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹത്തെ വാഹനത്തിൽ വീട്ടിലെത്തിക്കുകയും ചെയ്ത രാഹുലും, അദ്ദേഹം അവസാനം അഭിനയിച്ചുകൊണ്ടിരുന്ന വെബ് സീരിസിന്റെ സംവിധായകൻ അഭിലാഷും.
'രമേശേട്ടൻ ആത്മഹത്യ ചെയ്ത ദിവസം പകൽ മുഴുവൻ ഞങ്ങൾക്കൊപ്പമായിരുന്നു. പുതിയ സിനിമാ പ്രോജക്ടുകൾ വരുന്നതിൽ അതീവ സന്തോഷത്തിലായിരുന്നു അദ്ദേഹം. 55 വയസ് കഴിഞ്ഞിട്ടാകും ഞാൻ സിനിമയിൽ രക്ഷപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കളിച്ചുചിരിച്ച് അവിടെ നിന്നും പോയ അദ്ദേഹം അന്ന് ആത്മഹത്യ ചെയ്തെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല.' വലിയശാല രമേശ് ഒടുവിൽ അഭിനയിച്ചുകൊണ്ടിരുന്ന വെബ് സീരിസിന്റെ സംവിധായകൻ അഭിലാഷ് പറയുന്നു. അദ്ദേഹത്തിന് കുടുംബത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അദ്ദേഹം ഞങ്ങളോട് പലപ്പോഴും പറയാറുണ്ടായിരുന്നു. നമ്മുടെ മനസിനെ അത്രയും വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് ഞാൻ അദ്ദേഹത്തെ ഉപദേശിക്കാറുണ്ടായിരുന്നു. എന്നാൽ ഞാൻ പെട്ടുനിൽക്കുകയാണടാ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും അഭിലാഷ് മറുനാടനോട് പറഞ്ഞു.
അന്ന് അവിടെന്ന് ഇറങ്ങിയപ്പോൾ പിറ്റേന്ന് കൃത്യസമയത്ത് തന്നെ വണ്ടി വിടണമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിലേയ്ക്ക് പോയത്. നടന്നുപോകാമെന്ന് പറഞ്ഞെങ്കിലും രാഹുലിന്റെ വാഹനത്തിലാണ് അദ്ദേഹത്തെ വീട്ടിൽ വിട്ടത്. അപ്പോഴൊക്കെ നാളെ കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് അദ്ദേഹം വീട്ടിലേയ്ക്ക് കയറി പോയത്. അഭിലാഷ് പറയുന്നു.
രണ്ടാംവിവാഹത്തിൽ അദ്ദേഹം വളരെയധികം പശ്ചാത്തപിച്ചിരുന്നുവെന്ന് രമേശ് വലിയശാലയുടെ സുഹൃത്തായ രാഹുൽ പറയുന്നു. അദ്ദേഹത്തെ അവസാനമായി വീട്ടിൽ കൊണ്ടുവിട്ടത് ഞാനാണ്. നാളെ വാഹനം വരാൻ വൈകിയാൽ എന്റെ കയ്യിൽ നിന്നും നീ വാങ്ങുമെന്ന് തമാശ പറഞ്ഞാണ് അദ്ദേഹം വീട്ടിലേയ്ക്ക് കയറിപ്പോയത്. എന്നോട് വളരെയധികം സ്നേഹവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ പ്രശ്നങ്ങളൊക്കെ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.
രമേശേട്ടൻ മരിച്ച ശേഷം അദ്ദേഹത്തിന്റെ ഭാര്യ എന്നെ വിളിച്ച് രമേശേട്ടൻ വല്ലതും പറഞ്ഞോ എന്ന് ചോദിച്ചു. ചേച്ചിയുമായുള്ള പ്രശ്നങ്ങളെ പറ്റി പറഞ്ഞിരുന്നു, ഞാനത് പൊലീസിന് മൊഴി നൽകും എന്ന് പറഞ്ഞപ്പോൾ അയ്യോ രാഹുലേ, രമേശേട്ടന് ഞാനുമായിട്ടായിരുന്നില്ല, മകനുമായിട്ടായിരുന്നു പ്രശ്നം എന്നാണ് അവർ പറഞ്ഞത്. രമേശേട്ടനും മകനുമായിട്ട് അച്ഛനും മകനും എന്നതിനപ്പുറം നല്ല സുഹൃത്തുക്കളാണെന്ന് എനിക്കറിയാം.
ഞങ്ങൾ ഒരുമിച്ച് ഇരുന്നപ്പോഴും ഗോകുൽ രമേശേട്ടനെ വിളിച്ചിരുന്നു. അവർ തമ്മിൽ സ്നേഹത്തോടെ സംസാരിച്ചതും ഞാൻ കേട്ടതാണ്. പിന്നെന്തിനാണ് നുണ പറഞ്ഞ് ഗോകുലിനെ കുടുക്കാൻ ഇവർ നോക്കുന്നത്? എനിക്ക് അവരെ സംശയം തോന്നിതുടങ്ങുന്നത് അപ്പോഴാണ്. പിന്നീട് അന്വേഷിച്ചപ്പോൾ രമേശേട്ടന്റെ എല്ലാ സുഹൃത്തുക്കളേയും വിളിച്ച് രമേശേട്ടൻ വല്ലതും പറഞ്ഞോ എന്ന് അന്വേഷിച്ചിരുന്നതായി അറിയാൻ കഴിഞ്ഞു. എനിക്ക് ചിലതൊക്കെ അറിയാം എന്ന് മനസിലായതുകൊണ്ട് രമേശേട്ടന്റെ ആദ്യഭാര്യയുടെ ബന്ധുക്കൾ എനിക്ക് പണം തന്ന് എന്നെകൊണ്ട് പറയിക്കുന്നതാണെന്ന് അവർ പ്രചരിപ്പിക്കാൻ തുടങ്ങി. ഈ പറഞ്ഞത് മാത്രമല്ല മറ്റ് ചില കാര്യങ്ങൾ കൂടി എനിക്കറിയാമെന്ന് അവർക്കറിയാം. അത് ഇപ്പോൾ പറയുന്നില്ല. പൊലീസിന് വിശദമായി മൊഴി നൽകിയിട്ടുണ്ടെന്നും രാഹുൽ മറുനാടനോട് പറഞ്ഞു.