- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെറുപ്പിന്റെ രീതിശാസ്ത്രം
കുത്തക മുതലാളിമാരുടെ, കോര്പറേഷനുകൾക്കായി, കോർപറേറ്റ് ഭീമന്മാരാൽ ഭരിക്കപ്പെടുന്ന സംവിധാനമാണ് അമേരിക്കൻ ജനാധിപത്യം എന്ന് പറയുന്നത് അത്ര തെറ്റാണെന്നു തോന്നുകയില്ല ഇന്നത്തെ അവസ്ഥ വിലയിരുത്തുമ്പോൾ. എന്ത് ഇല്ലാതെയായാലും, ലാഭത്തിനുവേണ്ടി മാത്രം നിലകൊള്ളുമ്പോൾ മുന്നിൽ കാണുന്നതെല്ലാം അവസരങ്ങൾ ആണ്. വിജയം! അതാണ് എല്ലാത്തിന്റെയും അവസാനവാക്ക്, അതിനായി ഭൂമി ചുട്ടുകരിഞാലും സാരമില്ല, വെറുപ്പും വിദ്വേഷവും ഊതിക്കാച്ചി, മുന്നിലുള്ള എല്ലാ അവസരങ്ങളും 'വിടക്കാക്കി തനിക്കാക്കി'' മാറ്റിയാൽ വിജയം ഉറപ്പിക്കാം. 2016 അമേരിക്കൻ ഇലക്ഷനിൽ ജയിച്ചാലും ഇല്ലെങ്കിലും, ഡൊണാൾഡ് ട്രംപ് ഏതായാലും വെറുപ്പിന്റെ ഒരു തുറുപ്പ് ആണ് ഇറക്കിയിരിക്കുന്നത്. ഒട്ടൊക്കെ അത് വിജയിക്കുകയും ചെയ്യുന്നുണ്ട്. വിജയിക്കാനായി അദ്ദേഹം കണ്ടുപിടിച്ച രീതിശാസ്ത്രം കാലപ്പഴക്കത്തിൽ പലപ്പോഴായി ഉപയോഗിച്ച ഇന്ധനം ആണ് , പക്ഷെ അത് ദൂരവ്യാപകമായ പ്രഖ്യാഘാതങ്ങൾ ഇണ്ടാക്കും എന്നതാണ് ചരിത്രം നമ്മെ ഓർമപ്പെടുത്തുന്നത്. മെക്‌സിക്കൻസും, ഇമ്മിഗ്രന്റ്സും മാത്രമല്ല തനിക്കു ചു
കുത്തക മുതലാളിമാരുടെ, കോര്പറേഷനുകൾക്കായി, കോർപറേറ്റ് ഭീമന്മാരാൽ ഭരിക്കപ്പെടുന്ന സംവിധാനമാണ് അമേരിക്കൻ ജനാധിപത്യം എന്ന് പറയുന്നത് അത്ര തെറ്റാണെന്നു തോന്നുകയില്ല ഇന്നത്തെ അവസ്ഥ വിലയിരുത്തുമ്പോൾ. എന്ത് ഇല്ലാതെയായാലും, ലാഭത്തിനുവേണ്ടി മാത്രം നിലകൊള്ളുമ്പോൾ മുന്നിൽ കാണുന്നതെല്ലാം അവസരങ്ങൾ ആണ്. വിജയം! അതാണ് എല്ലാത്തിന്റെയും അവസാനവാക്ക്, അതിനായി ഭൂമി ചുട്ടുകരിഞാലും സാരമില്ല, വെറുപ്പും വിദ്വേഷവും ഊതിക്കാച്ചി, മുന്നിലുള്ള എല്ലാ അവസരങ്ങളും 'വിടക്കാക്കി തനിക്കാക്കി'' മാറ്റിയാൽ വിജയം ഉറപ്പിക്കാം.
2016 അമേരിക്കൻ ഇലക്ഷനിൽ ജയിച്ചാലും ഇല്ലെങ്കിലും, ഡൊണാൾഡ് ട്രംപ് ഏതായാലും വെറുപ്പിന്റെ ഒരു തുറുപ്പ് ആണ് ഇറക്കിയിരിക്കുന്നത്. ഒട്ടൊക്കെ അത് വിജയിക്കുകയും ചെയ്യുന്നുണ്ട്. വിജയിക്കാനായി അദ്ദേഹം കണ്ടുപിടിച്ച രീതിശാസ്ത്രം കാലപ്പഴക്കത്തിൽ പലപ്പോഴായി ഉപയോഗിച്ച ഇന്ധനം ആണ് , പക്ഷെ അത് ദൂരവ്യാപകമായ പ്രഖ്യാഘാതങ്ങൾ ഇണ്ടാക്കും എന്നതാണ് ചരിത്രം നമ്മെ ഓർമപ്പെടുത്തുന്നത്. മെക്‌സിക്കൻസും, ഇമ്മിഗ്രന്റ്സും മാത്രമല്ല തനിക്കു ചുറ്റും കൂടിയിരിക്കുന്ന മാദ്ധ്യമങ്ങളും, കോടതികളും രാഷ്രീയക്കാരും , മതനേതാക്കളും ഒക്കെ തന്റെയും നാടിന്റെയും ശത്രുക്കളാണ്. കാലങ്ങളായി കാര്‌പെറ്റിനടിയിൽ മറഞ്ഞുകിടന്ന വെള്ളക്കാരുടെ വർഗവൈര്യം ജീവൻവച്ച് തുടങ്ങി. റഷ്യക്കാരുടെ ചാരസംഘടന വച്ച്‌നീട്ടുന്ന അവസരങ്ങളും ഫലപ്രദമായി എതിരാളികൾക്ക്‌മേൽ പ്രയോഗിക്കാനും മടിയില്ല. ശ്രദ്ധകിട്ടാൻ എന്തും പറയാൻ , ഏതു തലത്തിലും പറയാൻ തയ്യാറായ മിടുക്കൻ ന്യൂസ് മേക്കറാണ് അദ്ദേഹം.
കാലങ്ങളായി മധ്യ പൂർവ ദേശത്തും, റഷ്യയിലും, തുർക്കിയിലും ലാറ്റിൻ അമേരിക്കയിലും ഒക്കെ ഭരണം നിലനിർത്താൻ പാകത്തിൽ മതത്തെ ഉപയോഗിച്ചിട്ടുണ്ട്. ജനങ്ങളെ ചൊൽപ്പടിക്ക് നിയന്ത്രിച്ചു നിർത്താൻ മതവിശ്വാസത്തെ തീപിടിപ്പിക്കയും, അതിനുവേണ്ടി മത നേതാക്കളെ ഉപയോഗിച്ച് മറ്റുള്ള വർഗ്ഗത്തെയും, മത വിശ്വാസത്തെയും , വർണത്തേയും വെറുക്കയും ഹനിക്കുകയാണ് ചെയ്യുന്നത്. മതത്തിനു വേണ്ടി സ്വയം ചാവേറാകാൻ പാകത്തിൽ സാധാരണ ജനത്തെ സജ്ജമാക്കുകയാണ് മതനേതാക്കൾക്ക് അവർ നൽകുന്ന നിർദ്ദേശം. അത് പാലിക്കപ്പെട്ടാൽ കൂടുതൽ അധികാരവും അവകാശവും സമ്പത്തും വാരികൊടുക്കാൻ അധികാരം കൈയാളുന്നവർക്കു ഒരു മടിയുമില്ല. സൗദിഅറേബ്യ തങ്ങളുടെ സുന്നി മേധാവിത്യം ലോകത്തിൽ ചോദ്യം ചെയ്യാത്ത ഇടമായി നിലനിർത്താൻ പാകത്തിൽ കണ്ടുപിടിച്ച വഹാബിയിസം ഇന്ന് ലോകത്തെ ആകെ കുട്ടിച്ചോറാക്കി മാറ്റിയിരിക്കയാണല്ലോ. എല്ലാ വിധത്തിലുള്ള ഇസ്ലാമിക സംഘട്ടനങ്ങൾക്കു പിന്നിലും തിരഞ്ഞു ചെന്നെത്തുന്നത് ഈ തത്വസംഹിതിയുടെ പീഠത്തിലാണ്. സൗദി സർക്കാർ നടത്തുന്ന പെട്രോ ഡോളർ മിഷൻ ലോകത്തെമ്പാടും അവരുടെ ആരാധന കേന്ദ്രങ്ങളും അതിലൂടെ അവരുടെ കഠിനമായ വിദ്വേഷ ചിന്തകളുമാണ് കടത്തിവിടുന്നത്. അത്തരം ഇടപെടലുകൾ സമ്മാനിച്ചതാണ് അൽഖുവൈദയും, നസ്റയയും, ബോക്കോ ഹാറാം, ഇസ്ലാമിക് സ്റ്റേറ്റ് , തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങൾ; അവയിലൂടെ വളർന്നു വന്നവരാണ് സെപ്റ്റംബര് പതിനൊന്നു സൂത്രധാരികളും. നൂറ്റാണ്ടുകളായി സമാധാനത്തിലും സമൃദ്ധിയിലും കഴിഞ്ഞിരുന്ന യൂറോപ്പ് ഇത്തരത്തിലുള്ള കഠിന വിദ്വേഷത്തിന്റെ നിരന്തര ബലിയാടുകൾ ആയികൊണ്ടിരിക്കുന്നു.
ജനങ്ങൾ വായിക്കുന്നതും പഠിക്കുന്നതും ചിന്തിക്കുന്നതും ഇവർക്ക് പേടിസ്വപ്നമാണ്, അതുകൊണ്ട് വെറും മതപഠനശാലകൾ മാത്രം നിലനിർത്തി സാമൂഹിക വിഷയങ്ങൾ അവരുടെ കാഴ്ചപ്പാടിൽ മാത്രം പറഞ്ഞു കൊടുക്കയാണ്. കുറെ വര്ഷങ്ങള്ക്കു മുൻപ് പേർഷ്യൻ ഗൾഫിൽ ജോലിചെയ്തിരുന്ന കാലത്തു ഒരു പാക്കിസ്ഥാനി കമ്പനിയുടെ സ്‌കൂൾ അവിടെ നടക്കുന്നുണ്ടായിരുന്നു. അവിടേക്കു വന്ന ചില പുസ്തകെട്ടുകൾ തുറന്നു നോക്കിയപ്പോൾ കുട്ടികളെ പഠിപ്പിക്കാൻ ഉള്ള സോഷ്യൽസ്റ്റഡീസ് പുസ്തകങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഭാരതത്തെപ്പറ്റി അവിടെ പരാമർശിക്കുന്ന ഭാഗം വായിച്ചാൽ, എത്രയും പെട്ടെന്ന് വളർന്നു ഏതുവിധേനയും ഭാരതത്തെ നശിപ്പിക്കാൻ അവിടെ പഠിക്കുന്നവർക്ക് തോന്നിപ്പോകും, അത്ര വിദ്വേഷമാണ് ആ പുസ്തകങ്ങളിൽ ഉടനീളം. കുട്ടികളിൽ ഇത്രയും ക്രൂരമായ വിദ്വേഷം കയറ്റിവിട്ടാൽ, ആ രാജ്യത്തിന്റെ എല്ലാ പരാജങ്ങൾക്കും ഒരു ഉത്തരം മാത്രമേയുള്ളൂ , അത് ഭാരതമാണ് എന്നാണ് മനസിലാക്കുക.
ഇസ്രയേൽ അറബ് സംഘർഷത്തിലും ഇതുപോലെ ബോധപൂർവമായ വിദ്വേഷം പ്രചരിക്കപ്പെടുന്നുണ്ട്. ഫലസ്തീനികൾ അവരുടെ കുട്ടികളെ കല്ലെടുത്തെറിയാൻ പരിശീലിപ്പിക്കുന്നതും, യഹൂദർ മറ്റുള്ളവരുടെ സ്ഥലംകയ്യേറി വീടുവെക്കാൻ പ്രേരിപ്പിക്കുന്നതും അടുത്ത കാലത്തൊന്നും മാറാൻ പോകുന്നില്ല കാരണം, അതിന്റെ ഒക്കെ അടിയിൽ മത വിശ്വാസം ബോധപൂർവം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഇരുകൂട്ടരും കൂടി അറബ് ക്രിസ്ത്യാനികളെ പ്രാവിനെപ്പോലെ പിച്ചി ചീന്തുമ്പോൾ ചോദിക്കാന് ആരും ഇല്ല, അതിനും വേദ ശാസ്ത്രപരമായ നീതീകരണം ഉണ്ട്.
ഇന്ത്യയിലും സ്ഥിതി മറിച്ചൊന്നുമല്ല, തങ്ങളുടെ പുരാതന ക്ഷേത്രങ്ങൾ മുഗൾ തേർ വാഴ്ചകളിൽ മോസ്‌കുകളായെങ്കിൽ, നിർബന്ധപൂർവം , മറ്റു പോംവഴികൾ ഒന്നുമില്ലാതെ പരിവർത്തനം ചെയ്യപ്പെട്ട്ടവരുടെ തലമുറ മരണം കൊണ്ട് കടം വീട്ടണമോ? ജാതി വ്യവസ്ഥികൾ പഴയ കാലത്തെ സാമ്പത്തീക സാമൂഹിക പശ്ചാത്തലത്തിലെ ശരികൾ ആയിരുന്നിരിക്കാം, പക്ഷെ അതിലേക്കു തിരിച്ചു പോയാൽ ആർക്കാണ് പ്രയോജനം ഉള്ളത് എന്ന് സാധാരണക്കാരന് മനസ്സിലാകും. കേരളത്തിൽ ഇന്ന് സവർണർ എന്ന് ഘോഷിക്കപ്പെടുന്ന സമുദായത്തിന്റെ ഏറിയ കൂട്ടവും പണ്ട് 'ശൂദ്രർ ' എന്നാണ് വിളിക്കപ്പെട്ടിരുന്നത് എന്ന് പഴയ മാനുവലുകളിൽ കാണാം. ഇന്ന് ഓരോരുത്തരും സവർണ്ണൻ എന്ന മേല്മുണ്ടു ധരിച്ചു എല്ലാ അമ്പലങ്ങളിലും തൊഴുവാൻ സാധിക്കുന്നെങ്കിൽ അതിന്റെ കാരണം കേരളത്തിലെ ആദ്യകാല ഇംഗ്ലീഷ് പഠന കേന്ദ്രങ്ങളും അതിൽ നിന്ന് വികാസം പ്രാപിച്ച സാമൂഹിക പരിഷ്‌കാരങ്ങളും കമ്മ്യൂണിസ്‌റ് പ്രസ്ഥാങ്ങളും ആണ്. ഏറ്റവും ഒടുവിലായി കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെ 'വാമന ജയന്തിയാക്കി ' സവർണ്ണ മേധാവിത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ബോധപൂർവമായ പ്രവണതയെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്.
സ്പാനിഷ് കപ്പലുകളിൽ വന്ന ക്രിസ്ത്യൻ ചരക്കുകൾ, അതിനുശേഷം വന്ന മിഷൻ പ്രവർത്തനം ഒക്കെ സാംബ്രാജ്യ ശക്തികളുടെ പിണയാളുകളെ സൃഷ്ടിക്കുക എന്ന ഗൂഢ തന്ത്രമായിരുന്നു. അതിൽപെട്ടുപോയ പിന്തലമുറകൾ ഈ പാപ ഭാരം ചുമക്കുമ്പോൾ അവരുടെ നിസ്സഹായത ആർക്കു മനസ്സിലാക്കാൻ ആവും? പടയോട്ടങ്ങളും കോളനിവൽക്കരണവും പുതിയ ഒരു കൂട്ടം മനുഷ്യരെ സൃഷ്ട്ടിച്ചു എന്നത് വിധിവൈപരീതം. കാലപ്പഴക്കത്തിൽ ഈ കൂട്ടം, തമ്മിൽ തമ്മിൽ പഴയ കഥകൾ പറഞ്ഞു അടിച്ചു നശിച്ചാൽ, അന്ന് വിതറിയ വിദ്വേഷ പാഷാണം ഇന്നും ശക്തിയായി പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവാണ് സമൂഹം എന്ന നിലയിൽ നമുക്ക് ആവശ്യം.
പഴയ സോവിയറ്റ് യൂനിയൻന്റെ ഓർമ്മകൾ പുതുക്കി റഷ്യൻ പ്രസിഡന്റിന്റെ നിരീക്ഷണത്തിൽ കെജിബി എന്ന രഹസ്യ ചാര സംഘടന എല്ലാ രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലും റഷ്യൻ ഓർത്തഡോക്ൾസ് സഭയുടെ സ്വർണ മകുടമുള്ള പള്ളികൾ സ്ഥാപിച്ചുതുടങ്ങി. ഭരണത്തിന്റെ എല്ലാ പിടിപ്പുകേടുകൾക്കും പൊതു സ്വീകാര്യമായ ഉത്തരം കണ്ടെത്താൻ ഈ മത കേന്ദ്രങ്ങൾക്കാകും. ഒപ്പം രാജ്യത്തിനു പ്രധാന രഹസ്യങ്ങൾ എത്തിച്ചുകൊടുക്കാനുള്ള കേന്ദ്രങ്ങളുമായിട്ടാണ് ഈ പള്ളികൾ പ്രവർത്തിക്കുന്നതെന്ന് ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മാത്രമല്ല, ക്രിസ്തുമതത്തിനുവേണ്ടി വാദിക്കാൻ റഷ്യൻ സഭക്കല്ലാതെ ഇന്ന് റോമൻ സഭക്കുപോലും ആവുന്നില്ല. അങ്ങനെ ആഗോള ക്രിസ്തുമത നേതൃത്വം പുതിയ ഒരു ദ്രുവീകരണത്തിലാണ് ചലിക്കുന്നത്.
മനുഷ്യപുത്രൻ നേരിട്ട് അവതരിച്ചു ലോകത്തിന്റെ പാപങ്ങൾ മുഴുവൻ ക്രൂശിൽ സ്വയം വഹിച്ചിട്ടും നന്മയിലേക്ക് ലോകം തിരിച്ചുപോകാൻ കൂട്ടാക്കിയില്ല . ഇനിയും തന്റെ രണ്ടാംവരവിൽ ഒരു സമ്പൂർണ ന്യായവിധിയാണ് ക്രിസ്തുമതവിശ്വാസം. '.....
അനന്തരം സ്വർഗം തുറന്നിരിക്കുന്നതും... ഒരു വെള്ളക്കുതിര പ്രത്യക്ഷമായി... ജാതികളെ വെട്ടുവാൻ അതിന്മേൽ ഇരിക്കുന്നവന്റെ വായിൽ നിന്നു മൂർച്ചയുള്ള വാൾ പുറപ്പെട്ടുവന്നു... മരണത്തിന്റെ തീപ്പൊയ്ക... സ്പടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ദൈവതേജസ്സുള്ള ജ്യോതിസ്സ്... പ്രത്യക്ഷപ്പെടുന്നു... (വെളിപാട് പുസ്തകം-വിശുദ്ധ ബൈബിൾ).
ഹിന്ദുഅവതാരങ്ങൾ ഒന്നും ധർമ്മം അടിസ്ഥാനപരമായി സംസ്ഥാപിക്കാൻ ഉപകരിച്ചിട്ടില്ല, അതാണല്ലോ അടിക്കടി ഓരോ പുതിയ അവതാരങ്ങൾ വേണ്ടി വന്നത്, ഇനിയും ഒരു പൂർണ സംഹാരമായ, വെള്ളക്കുതിരയിൽ വെട്ടിത്തിളങ്ങുന്ന വാളുമായി എത്തുന്ന കൽക്കി അവതാരമാണ് സത്യയുഗത്തിനു തുടക്കമിടുന്ന സമ്പൂർണ്ണ സർവനാശം. അങ്ങനെ രാഷ്രീയ-മത ഇടപെടലുകൾ കൂടിക്കുഴഞ്ഞു കിടക്കുമ്പോൾ എന്താണ് മതംകൊണ്ടു വിശ്വാസിക്കു ലഭിക്കുന്നത് എന്നത് ചിന്തനീയമാണ്.
നേര് ചൂണ്ടിക്കാണിച്ച നന്മയുടെ പൊൻകുടങ്ങളെ നാം ദൈവങ്ങളാക്കി ചില്ലിട്ടു പൂട്ടി. ഒരിക്കലും പുറത്തുഇറങ്ങാൻആവാതെ പൂജയുടെ കാവൽക്കാരെ നാം നിരത്തി നിർത്തി. പുരോഗമന വാദികളായ നരേന്ദ്രബോൽക്കരനെയും, കല്ബുര്ഗിയെയും, ഗോവിന്ദപന്‌സാരെയും വെടിവച്ചു വീഴ്‌ത്തി. മനുഷ്യത്വത്തിന്റെ അസ്തമനം ചക്രവാളത്തിൽ നിഴൽ വീശിത്തുടങ്ങിയിരിക്കുന്നു.
കല്പിതമായ ഈ വിനാശത്തിനു മരുന്നിടുകയാണ് വെറുപ്പും വിദ്വേഷവും എന്ന സർവസംഹാരി. മനുഷ്യന്റെ അടിസ്ഥാന ഭയവും കൂടപ്പിറപ്പായ അസൂയയും വഴിമരുന്നിടുന്ന വിമര്ശസന്ധിയാണ് വെറുപ്പെന്ന പ്രതിയോർജ്ജം. എന്തിനു ഈ മനുഷ്യബോംബുകൾ വിനാശം വിതക്കുന്നു? എന്തിനീ തർക്കങ്ങൾ? ഒരിക്കലും ഒടുങ്ങാത്ത വ്യവഹാരങ്ങൾ? ചെറിയ സമൂഹത്തിലും ചെറിയ കൂട്ടങ്ങളിലും മാത്രമല്ല സാമ്പ്രാജ്യങ്ങളുടെ അസ്ഥിവാരത്തും ഈ പൂർണ്ണ സംഹാരത്തിന്റെ നനുത്ത പദസ്വരങ്ങൾ കേൾക്കാനാവുന്നില്ലേ?
''Hatred is the coward's revenge for being intimidated.' - George Bernard Shaw