- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്തി പൂത്തതും കായ്ചതും
അത്തി ഒരു വിശിഷ്ഠമായ മരമാണ്, മുറ്റത്തു കിഴക്കു വശത്തു നട്ടിരുന്ന അത്തിമരത്തെ നോക്കി പിതാവ് വാചാലനായി. ബൈബിളിൽ പലയിടത്തായി ചിതറിക്കിടന്ന അത്തിവൃക്ഷത്തിന്റെ പരാമർശം എന്തുകൊണ്ടോ വിശുദ്ധമായ ഒരു തലം സൃഷ്ടിച്ചെടുത്തിരുന്നു. ചരൽ മണലിൽ നഗ്ന പാദനായി പ്രഭാതസവാരിക്കുശേഷം അത്തിയുടെ തണലിൽ ചുവന്ന പ്ലാസ്റ്റിക് കസേരയിലിരുന്നു ദിനപത്രം വായ
അത്തി ഒരു വിശിഷ്ഠമായ മരമാണ്, മുറ്റത്തു കിഴക്കു വശത്തു നട്ടിരുന്ന അത്തിമരത്തെ നോക്കി പിതാവ് വാചാലനായി. ബൈബിളിൽ പലയിടത്തായി ചിതറിക്കിടന്ന അത്തിവൃക്ഷത്തിന്റെ പരാമർശം എന്തുകൊണ്ടോ വിശുദ്ധമായ ഒരു തലം സൃഷ്ടിച്ചെടുത്തിരുന്നു.
ചരൽ മണലിൽ നഗ്ന പാദനായി പ്രഭാതസവാരിക്കുശേഷം അത്തിയുടെ തണലിൽ ചുവന്ന പ്ലാസ്റ്റിക് കസേരയിലിരുന്നു ദിനപത്രം വായിക്കുന്ന പതിവ് അദ്ദഹം തുടങ്ങിയിരുന്നു. അമ്മ കൊണ്ടുകൊടുത്ത കാപ്പിയുടെ ഗന്ധത്തിനും ദിനപത്രത്തിലെ വാർത്തകൾക്കും അത്തി വൃക്ഷം മൂകസാക്ഷിയായി പങ്കുചേർന്നിരുന്നു. പതുക്കെ ഈ ചങ്ങാത്തം ഒരു ആദ്ധ്യാത്മിക തലത്തിലേയ്ക്ക് ഉയരുകയായിരുന്നു, ഒപ്പം അത്തിവൃക്ഷവും സടകുടഞ്ഞു എഴുനേറ്റപോലെ വളർന്നു പന്തലിച്ചു മുറ്റത്തു തണൽ പരത്തി.
അവധിക്കുചെന്നപ്പോൾ രാവിലെ കാപ്പിയും എടുത്ത് ഞാനും ഈ കമ്പനിയിൽ പങ്കുചേർന്നു. അത്തി വലിയ ആനച്ചെവിയൻ ഇലകളുമായി മുറ്റത്തെ കിഴക്കുഭാഗത്തു നിറഞ്ഞു നിന്നിരുന്നു. ഇതൊക്കെ വെട്ടി ഒന്നു നേരെയാക്കിയാൽ കിഴക്കുനിന്നു രാവിലെ വെളിച്ചം കടന്നു വരില്ലേ എന്നു ചോദിച്ചപ്പോഴാണ് അത്തിയുമായി ഉടലെടുത്ത ആത്മബന്ധത്തിന്റെ ചുരുളുകൾ അദ്ദേഹം നിവർത്തിയത്. അത്തിക്കു മുമ്പിൽ നിറഞ്ഞ കുലകളുമായി വർഷങ്ങളായി മുറ്റത്തുനിന്ന തെങ്ങ് തന്നെ വെട്ടിമാറ്റിയത് ഇവരുടെ സൗഹൃദത്തിന്റെ ഭാഗമായിരുന്നെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. പക്ഷേ അത്തിയിൽ പഴം ഉണ്ടായില്ല.
അത്തി കാതലില്ലാത്ത ഒരു വൃക്ഷമാണ്. അതിന്റെ പഴം തടിയിൽ തന്നെ ഉണ്ടാകുന്നു. അണ്ണാനും കാക്കയും ഒക്കെ പഴം അടിച്ചുമാറ്റുന്നത് സാധാരണമാണ്. അതിനാൽ കൂടുകൾ അത്തിമരത്തിൽ കെട്ടേണ്ടതുണ്ട്. അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർത്താണ് ഔഷധഗുണമുള്ള നാൽപാമരപ്പട്ട. നാൽപാമരാദി എണ്ണയിലെ ഒരു മുഖ്യ ഘടകവുമാണ് അത്തി. ഓരോ അവധിക്കു ചെല്ലുമ്പോഴും അത്തി വിശേഷം സന്ദർശനത്തിന്റെ പ്രധാന ഭാഗമായി. പക്ഷേ അപ്പോഴും അത്തി കായ്ചിരുന്നില്ല.
ഏദൻ തോട്ടത്തിൽ ആദവും ഹൗവ്വയും തെറ്റുചെയ്തു പിടിക്കപ്പെട്ടപ്പോൾ അവരുടെ നഗ്നത മറച്ചിരുന്നത് അത്തിഇലകൾ കൊണ്ടായിരുന്നു. ചുങ്കക്കാരിൽ പ്രമാണിയായ സഖായികാട്ടത്തിയിൽ കയറി ഒളിഞ്ഞിരുന്നു ക്രിസ്തുവിനെ കാണാൻ ശ്രമിച്ചു പക്ഷേ അവനെ ക്രിസ്തു കണ്ടുപിടിച്ചു. ശാലോമോന്റെ സദൃഷ്യവാക്യങ്ങളിൽ 'അത്തി കാക്കുന്നവൻ അതിന്റെ പഴം തിന്നും' എന്നു പറയുന്നുണ്ടല്ലോ, അങ്ങനെ ഞാനും അത്തി പഴം തിന്നാൻ വേണ്ടി അത്തി കാക്കുകയാണ്, എന്ന് ഒരു ഉണങ്ങിയ തമാശയും, ഇങ്ങനെ അത്തികഥകൾ തുടർന്നു.
വിശന്നു നടന്നു വന്ന ക്രിസ്തു ഫലം ഇല്ലാത്ത അത്തിമരത്തെ ശപിച്ചു ' ഇനി നിങ്കൽ നിന്നു എന്നേക്കും ആരും ഫലം തിന്നാതെയിരിക്കട്ടെ' ആ അത്തിവൃക്ഷം വേരോടെ ഉണങ്ങിപോയി. അത്തിയെ നോക്കി ഒരു ഉപമപഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇലതളിർക്കുമ്പോൾ വേനൽ അടുത്തുഎന്നു അറിയുന്നില്ലേ എന്ന ക്രിസ്തുവാക്യം പറഞ്ഞു ചിരിച്ചു. അങ്ങനെ പിതാവും അത്തിയുമായുള്ള ബന്ധഊഷ്മളത ആശ്ചര്യമുണ്ടാക്കി. അപ്പോഴും അത്തി കായ്ച്ചിരുന്നില്ല.
പിതാവിന്റെ മരണവാർത്ത അറിഞ്ഞ് നാട്ടിൽ ചെന്നപ്പോഴേയ്ക്കും ബന്ധുക്കൾ വേണ്ട് ക്രമീകരണങ്ങൾ ചെയ്തിരുന്നു. മുറ്റത്ത് പന്തൽ ഇട്ടിരുന്നു. വീടിനോട് യാത്രപറയാനായി മുറ്റത്ത് ശരീരം എടുത്തുവച്ചു, നെറ്റിയിൽ പൊടിഞ്ഞുവന്ന വിയർപ്പ് കണങ്ങൾ പഞ്ഞികൊണ്ട് ഒപ്പി എടുത്തുകൊണ്ടിരുന്നുന്നപ്പോഴാണ് കിഴക്കുഭാഗത്തായി നിന്ന അത്തി ശ്രദ്ധിച്ചത്. ആരോ പന്തലിടുന്നതിന്റെ ഭാഗമായി അത്തിയുടെ മുറ്റത്തേയ്ക്ക് പടർന്നിരുന്ന ശിഖിരങ്ങൾ വെട്ടിയിരിക്കുന്നു. കിഴക്കോട്ടു അഭിമുഖമായി കിടന്നിരുന്ന പിതാവിന്റെ കണ്ണുകളിൽ കൂടി ഒലിഞ്ഞിറങ്ങിയത് വിയർപ്പോ തടം കെട്ടിനിന്ന അശ്രുകണങ്ങളോ എന്നറിയില്ല, കാറ്റിനാലാവാം അത്തിമരച്ചില്ലകൾ വല്ലാതെ ആടിഉലയുന്നതും കണ്ടു. അവരുടെ മൂകഭാഷയിലെ യാത്ര പറച്ചിലിൽ ഞാനും പങ്കുചേർന്നു. പക്ഷേ അപ്പോഴും അത്തി കായ്ചിരുന്നില്ല.
യാത്രതിരിക്കുന്നതിനു മുമ്പ് പതിവുപോലെ പുസ്തകക്കടയിൽ പുതിയ പുസ്തകങ്ങൾ വല്ലതുമുണ്ടോ എന്നു പരതിയപ്പോഴാണ് പിതാവിന്റെ പ്രസിദ്ധമായ ഒരു ആത്മീയ ഗ്രന്ഥം ശ്രദ്ധയിൽ പെട്ടത്. മറിച്ചു നോക്കുന്നതിനിടയിൽ കടക്കാരനോടും ഇത് എഴുതിയ ആളിന്റെ മകനാണ് എന്നും അഭിമാനത്തോടെ പറഞ്ഞു. വളരെപേർ എപ്പോഴും ഈ പുസ്തകം ആവശ്യപ്പെടുന്നു, കിട്ടാനില്ല എന്നു പറഞ്ഞു. താളുകൾ മറിച്ചു നോക്കിയപ്പോഴാണ് കണ്ണിൽ പെട്ടത് 'പകർപ്പവകാശം പ്രസാദകന് മാത്രം' എന്ന പുതിയ വരികൾ ചേർത്തിരിക്കുന്നത് ശ്രദ്ധിച്ചത്. ഒരു അത്തിമരച്ചോട്ടിലെ സംഭാഷണത്തിനിടെ പുസ്തകങ്ങളുടെ എല്ലാ അവകാശങ്ങളും നിനക്ക് വേണ്ടി ഞാൻ രജിസ്റ്റർ ചെയ്തിരിക്കുന്നു എന്ന് പിതാവ് പറഞ്ഞതോർത്തു. പണത്തിനു പ്രയാസമുള്ള ആളാണ് പ്രസാധകന് അതുകൊണ്ട് തൽക്കാലം അയാൾ പണം എടുത്തുകൊള്ളട്ടെ എന്നു കരുതി പിതാവ് പണം ചോദിക്കാറില്ല എന്നും അന്നു പറഞ്ഞത് കാതിൽ മുഴുകി. എന്നാലും പിതാവിന്റെ നിഴൽപോലെ വിശ്വസ്തനായി നിന്ന അയാൾ ഇത്തരം ഒരു കൊലച്ചതി ചെയ്യുമോ എന്നു മനസ്ഥാപപ്പെട്ടു; ഇനി ഇവനിൽ നിന്നു ആരും ഫലം തിന്നാതെയിരിക്കട്ടെ എന്നു ക്രിസ്തുവിന്റെ ശാപവാക്കുകൾ ഹൃദയത്തിൽ അറിയാതെ പ്രതിധ്വനിച്ചു.
നാട്ടിൽ അവധിക്കുപോയി വന്ന സുഹൃത്ത് അമ്മയെ സന്ദർശിക്കുവാൻ ചെന്നപ്പോൾ, അത്തിമരത്തിന്റെ തണലിൽ ചുവന്ന കസേരയിൽ ഇരുന്നു പത്രം വായിക്കുന്ന അമ്മയെ കണ്ട കാര്യം പറഞ്ഞു. അദ്ദേഹം അത്തിമരത്തിന്റെ ഒരുചിത്രവും എടുത്തുകൊണ്ടുവന്നു. ഒപ്പം ഒരു വിശേഷവും. മുറ്റത്തെ അത്തി കായ്ച്ചിരിക്കുന്നു!! ഇനിയും അത് അണ്ണാനോ, കാക്കയോ കൊത്തിക്കൊണ്ടു പോകാതെ കൂടു കെട്ടി വയ്ക്കണം. അത്തി പൂത്തു കായിക്കുമ്പോൾ വേനൽ അടുത്തു എന്ന അറിവ് എന്നെ നടുക്കി.