'കൊച്ചിയിലെ ലുലുമാളിൽകൂടി ഒന്ന് നടന്നാൽ മാത്രംമതി ഫ്രോഡുകളുടെ ചൂരടിക്കാൻ, നാട് മുഴുവൻ ഫ്രോഡുകൾ നിറഞ്ഞിരിക്കുകയാണ്. ഒരുത്തനും നേരെ ചൊവ്വേ സംസാരിക്കില്ല, മടുത്തു, നാമൊക്കെ ഇത്രയും കാലം ഓടി ഓടി ചെല്ലാൻ വെമ്പി നിന്ന നാട് ഒത്തിരി മാറിപ്പോയി എന്ന് വൈകിയാണ് മനസ്സിലാക്കുന്നത് . വഞ്ചിയുടെ ഗതി തെറ്റുന്നു എന്ന് കരയിലുള്ളവർ വിളിച്ചുപറയുമ്പോഴെങ്കിലും വഞ്ചിയിലുള്ളവർ അറിയുമോ എന്തോ? അറിയില്ല. അവിടെയുള്ളവർക്കു അത് പെട്ടന്ന് മനസ്സിലാകില്ല, ഇടക്ക് നാട്ടിൽ ചില്ലറ ബിസിനസ് ഒക്കെയായി എത്തുന്ന നമുക്ക് ഈ മാറ്റങ്ങൾ പെട്ടന്ന് പിടികിട്ടും'. നാട്ടിൽനിന്നു എത്തിയ സണ്ണി വികാരാധീനനായി സംസാരിക്കുകയായിരുന്നു. ഇപ്പൊ വെറുപ്പും വിഷമവും വേദനയുമാണ് തോന്നുന്നത്, കുറച്ചു ദിവസം കൊണ്ട് കുറെയേറെ അനുഭവങ്ങൾ! ഇത്രവേഗം നാട് ഇതുപോലെ മാറുമെന്ന് കരുതിയില്ല.

പള്ളിക്കാർ മാതാപിതാക്കളുടെ കല്ലറ പണിയിക്കുവാൻ ഒരു ലക്ഷം രൂപ ഫീസ് കൊടുക്കണമെന്ന് പറഞ്ഞപ്പോൾ, നാട്ടിലുള്ള ഡോക്ടറും ധനികനുമായ മകൻ പിതാവിനോട് പറയുകയാണ്, ഏതായാലും അത് അങ്ങ് കൊടുത്തേര് അപ്പച്ചാ ഗൾഫിൽനിന്നും അമേരിക്കയിൽനിന്നു ഒക്കെ സജിയും സാറയും വന്നു പണം അടക്കാൻ താമസം വന്നേക്കാം. അങ്ങനെ സ്വന്തം കല്ലറക്കു ഫീസും അടച്ചു കാത്തിരിക്കുന്ന മാതാപിതാക്കൾ!. രാത്രി എട്ടുമണി കഴിഞ്ഞു മാത്രമേ കാണാൻ വരാവൂ എന്ന് കർശ്ശനമായി പറഞ്ഞ അപ്പാപ്പനെത്തേടി രാത്രി കാറും പിടിച്ചു കുഗ്രാമത്തിൽ എത്തിയപ്പോൾ 'പരസ്പരം' എന്ന ടി വി സീരിയൽ സമയമായതു അറിഞ്ഞിരുന്നില്ല. കുറെ ബെൽ അടിച്ചു വാതിൽ തുറന്നപ്പോൾ കയറിയിരിക്കു, അര മണിക്കൂർ കഴിഞ്ഞു സംസാരിക്കാം, ഇതൊന്നു കഴിഞ്ഞോട്ടെ എന്ന് പറഞ്ഞു ടി വി നോക്കിയിരുന്ന അപ്പാപ്പൻ. പിന്നെ വരാം എന്ന് പറഞ്ഞു പുറത്തിറങ്ങിയപ്പോൾ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നിട്ട് വേഗം ടി വി ശ്രദ്ധിച്ചു നിൽക്കുന്ന അപ്പാപ്പന്റെ ചിത്രം മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു. നേരത്തെതന്നെ വിളിച്ചു പറഞ്ഞിരുന്നിട്ടും ഒരു കേക്കും ചൂടാക്കി തന്നു ഡിന്നർ സമയത്തു ഹായ് ബൈ പറഞ്ഞു വിടുന്ന സഹോരൻ, അയാളുടെ ഉറക്കം തൂങ്ങി കോട്ടുവാ ഇടുന്ന മുഖം ഇപ്പോഴും ഒരു നടുക്കം പോലെ ഓർക്കുന്നു.

വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും കാണാൻ കൊതിച്ചിരുന്നവർ ഏന്തേ എത്ര പെട്ടന്ന് അകന്നു പോകുന്നു? സ്വന്തം സഹോദരരെ പോലെ കരുതി, ജീവിതത്തിന്റെ എല്ലാ പ്രധാന സന്ദര്ഭങ്ങള്ക്കും സാക്ഷികളായ സ്‌നേഹിതർ അവരെ ഓരോ പ്രാവശ്യം കാണുമ്പോളും അകൽച്ച വർധിക്കുന്നു എന്ന് തോന്നിത്തുടങ്ങിയിരുന്നു, അവരുടെ വാക്കുകളിലെ വർഗ്ഗബോധവും, വേഷത്തിലെ ഭാവപ്പകർച്ചയും ശ്രദ്ധിക്കാതെ പറ്റില്ല. നാട്ടിലെ പള്ളിയിൽ ചെന്നാൽ പണ്ട് ഒന്നിച്ചു കളിച്ചു നടന്നവർ പോലും മിണ്ടാൻ കൂട്ടാക്കാതെ കാറിലോ ബൈക്കിലോ കയറി പെട്ടന്ന് സ്ഥലം കാലിയാക്കുകയാണ്. എല്ലാവര്ക്കും വല്ലാത്ത തിരക്ക്. .

അമേരിക്കയിൽ മുപ്പതു വര്ഷത്തോളം താമസിച്ചതിനു ശേഷം പിറന്ന നാട്ടിൽ കുടുംബക്കാരോടൊത്തു താമസിക്കുന്ന ബേബിച്ചായന് വലിയ പരാതികളില്ല, ആരുടെ കാര്യത്തിലും അങ്ങനെ ഇടപെടാറില്ല. ടി വി സീരിയൽ കണ്ടു സമയം കളയുന്നു. ഭാര്യ കുട്ടികളോടൊപ്പം അമേരിക്കയിൽ തന്നെ. ഇടയ്ക്കു കുറച്ചു മാസങ്ങൾ നാട്ടിൽ ഉണ്ടാവും, അമേരിക്കയിലെ തണുപ്പ് അത്ര പിടിക്കുന്നില്ല അതാണ് നാട്ടിൽ താമസിക്കുന്നത്. ആശുപത്രിയിൽ പോകുന്ന കാര്യവും രാത്രിയിൽ എന്തെകിലും സംഭവിച്ചാൽ ഒരു വിളിപ്പാടകലെ ആരും ഇല്ല എന്ന ഒരു ഉൾഭയവും ഉണ്ട്. എല്ലാ കാര്യങ്ങൾക്കും അമേരിക്കൻ അച്ചായൻ എന്ന രീതിയിലാണ് കണക്കുകൾ വരുന്നത്. എന്നാലും അത്ര വലിയ ഒരു ഭാരമായി തോന്നുന്നില്ല. ഇടയ്ക്കു ചിലർ അത്യാവശ്യത്തിനു കടം ചോദിച്ചു വരും. തിരിച്ചുകിട്ടില്ല എന്ന ഉറപ്പിൽ ഒരു ചെറിയ തുക അങ്ങ് കൊടുക്കും. പക്ഷെ അവർ കൃത്യമായി തിരിച്ചു കൊണ്ടുത്തരും. പതിനായിരം രൂപ രണ്ടു തവണ ഇതുപോലെ കൃത്യമായി തിരികെ കൊണ്ട് തന്നിട്ട് പിന്നെ ഒരു വലിയ തുകയാണ് ചോദിക്കുക. വിശ്വാസം സ്ഥാപിച്ചു കഴിഞ്ഞു അങ്ങനെ വലിയ തുക കൊടുത്താൽ ആ പാർട്ടിയെ പിന്നെ ആ വഴിക്കു കാണില്ല.

കേരളത്തിൽ മദ്ധ്യവർഗം അൽപ്പം സാമ്പത്തിക ഉയർച്ചയിലായി എന്നത് നിരത്തിലൂടെ ഓടുന്ന വിലകൂടിയ ജർമ്മൻ കാറുകൾ നോക്കിയാൽ മതിയാവും . ഏറ്റവും പുതിയതും മെച്ചമായതുമായ ജീവിത ആഡംബരങ്ങൾ ഇന്ന് സുലഭമാണ്. ഭക്ഷണവും വിനോദവും സൽക്കാരങ്ങളും വളരെ പെട്ടന്ന് ഉയർന്ന മാനങ്ങൾ കൈവരിച്ചപ്പോൾ അറിയാതെ സമൂഹത്തിൽ വരുന്ന മാറ്റങ്ങളുടെ അനിവാര്യത ചിലർക്ക് മനസ്സിലാവില്ല. പഴയ നാടും തപ്പി കുറെകാലത്തിനു ശേഷം നാടുകാണാൻ വരുന്ന അമേരിക്കകാരന് അത്ഭുതം തോന്നുന്നെങ്കിൽ അത് അവന്റെ അറിവുകേടാണ് എന്നേ നാട്ടുകാർക്ക് പറയാനുള്ളൂ. രണ്ടുപേരും പെൻഷ്യൻ ആയി വീട്ടിൽ ഇരിക്കയാണെകിലും ഒരു ദിവസം പോലും തിരക്കില്ലാത്ത വരില്ല എന്ന് പരിതപിക്കുകയാണ് മറ്റൊരു സുഹൃത്ത്. ദിവസവും കല്യാണം, ചാത്തം, സംസ്‌കാരം, പുരവാസ്തൂലി തുടങ്ങി ഒഴിച്ചുകൂട്ടാനാവാത്ത ഷെഡ്യൂളിങ്ങാണത്രെ. കല്യാണത്തിന് ഒക്കെ ഇപ്പോൾ ഗിഫ്റ്റ് ഒന്നും കൊടുക്കണ്ട, പങ്കെടുത്താൽ മാത്രം മതി, അതും ഒരു ഭാരമല്ലത്രെ. മദ്ധ്യതിരുവിതാങ്കൂറിലെ ഒരു സ്ഥലത്തെ ബാങ്കിൽ അഞ്ഞൂറ് കോടിയിലേറെ രൂപ ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുകയാണ്. ലോക്കറിൽ ഉള്ള സ്വർണവും ആവശ്യക്കാരില്ലാത്ത വസ്തുക്കൾ, ഒക്കെ കൂട്ടിയാൽ ഇവിടെത്തന്നെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുകയാണ്. ബാങ്കിൽ കിടക്കുന്ന പണം എത്രയുണ്ട് എന്നുപോലും വയോധികരായ മാതാപിതാക്കൾക്ക് നിശ്ചയമില്ല. മൂന്നിൽ ഒരു വീട്ടിൽ താമസക്കാരേ ഉണ്ടാവില്ല, ഒക്കെ അടച്ചിട്ടിരിക്കുകയാണ്, ഉണ്ടെങ്കിൽത്തന്നെ വയോധികരായ മാതാപിതാക്കൾ മാത്രമേ കാണുകയുള്ളൂ. അടുത്ത വീട്ടിൽ നടക്കുന്ന ഒരു കാര്യവും ആരും അറിയുകയില്ല.

വിരൽത്തുമ്പിൽ വിസ്മയം ഉണ്ടാകൂന്ന വാട്‌സപ്പ്, ഫേസ്‌ബുക്ക് ഒക്കെ ഏതു നിരക്ഷര കുക്ഷിക്കും വളരെ എളുപ്പത്തിൽ കയ്യടക്കാൻ ഒക്കും. താരതമ്യേന അമേരിക്കയേക്കാൾ വിലക്കുറവാണ് ടെലിഫോൺ കാര്യങ്ങൾക്ക്. അതുകൊണ്ടു മിക്കവർക്കും ഒന്നിൽ കൂടുതൽ ഫോൺ ലൈനുകൾ ഉണ്ട്. ഒരു മോട്ടോർ ഇരു ചക്രംപോലും ഇല്ലാത്ത പിച്ചക്കാരൻ പോലും ഇന്ന് കേരളത്തിൽ ഇല്ല എന്ന് തോന്നുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇന്ന് പുരുഷന്മാരെ ആശ്രയിക്കാതെ ജീവിക്കാം എന്ന സ്ഥിതി വിശേഷമാണ്, അതുകൊണ്ടു ഒക്കെ തന്നെ പുനർ വിവാഹവും, തനിച്ചുള്ള ജീവിതവും ഒക്കെ അത്ര വാർത്തകൾ അല്ലാതെ ആയിരിക്കുന്നു. മരിച്ചുവീഴാൻതുടങ്ങുന്ന 'മുരുകന്മാരെ' തിരിഞ്ഞുനോക്കാൻ കൂട്ടാക്കാത്ത കേരളത്തിലെ ആശുപത്രികൾ, മാനസീക പീഠനംകൊണ്ടു ഹൃദയം പൊട്ടി മരിക്കേണ്ടി വരുന്ന പൊതുപ്രവർത്തകർ, കാട്ടാനകൾ നാട്ടിലിറങ്ങിയിട്ടു കാടേത്, നാടേത് എന്ന് തിരിച്ചറിയാതെ തപ്പിനടക്കുന്ന അവസ്ഥ!, ഗോസംരക്ഷകരുടെ നാട്ടിൽ ജീവശ്വാസം കിട്ടാതെ മരിച്ചു വീഴുന്ന കുട്ടികൾ!, എവിടെയൊക്കെയോ ഒരു തിരിച്ചറിവിന്റെ പിശക് കാണുന്നുണ്ട്.

മുപ്പതു വര്ഷങ്ങളായി ബിസിനസ് കാര്യങ്ങളുമായി ലോകം മുഴുവൻ ചുറ്റിയടിക്കുന്ന സണ്ണി എന്നും കേരളത്തെപ്പറ്റി വളരെ വാചാലനായി സംസാരിക്കാറുണ്ടായിരുന്നു. അമേരിക്കയിൽ ഇത്ര കാലം താമസിച്ചു്, എന്നാലും കൃത്യമായി രണ്ടു പ്രാവശ്യത്തിലേറെ കേരളത്തിൽ എത്തിയിരുന്ന സണ്ണിയുടെ മാറ്റം അമ്പരപ്പിച്ചു. ഒരു വലിയ ഇന്ത്യൻ പാസ്സ്‌പോര്ട്ടും എടുത്തു ലോകം ഒക്കെ കറങ്ങാൻ വളരെ ബുദ്ധിമുട്ടായിരുന്നു, ഇനിം അത് ഉപേക്ഷിക്കണം, അമേരിക്കൻ പാസ്സ്‌പോർട്ടിന് അപേക്ഷിക്കണം, പെട്ടെന്നൊരു സ്‌കോച്ചു വലിച്ചു കുടിച്ചിട്ട് മിഴികൾ ഉയർത്തി സണ്ണി പറഞ്ഞു, ഇപ്രാവശ്യം തിരിച്ചു ന്യൂ യോർക്കിൽ എത്തിയപ്പോൾ സ്വന്തം വീട്ടിൽ വന്ന ഒരു ..ഇത്..ഒരു ഫീലിങ്..

യു എ ഇ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ ഉള്ള സ്ഥലമാണ് അമേരിക്ക. അടുത്ത പത്തിരുപത്തഞ്ചു വർഷങ്ങൾ മാത്രമേ ആയുള്ളൂ ഈ വൻകുടിയേറ്റത്തിന്. കർമ്മ ഭൂമിയിൽ ജന്മഭൂമി സൃഷ്ട്ടിക്കാൻ ഏറെ ശ്രമിക്കുന്ന അമേരിക്കൻ മലയാളിക്ക് എന്നും കേരളത്തിലെ ബന്ധുക്കളും സുഹൃത്തുക്കളും സ്വകാര്യ അഹങ്കാരങ്ങളായി മനസ്സിൽ കരുതിയിരുന്നു. ഒരു ശരാശരി അമേരിക്കക്കാരനായി ജീവിക്കാൻ പഠിക്കുന്നതിലേറെ അവൻ കൂടുതൽ മലയാളി ആകാൻ അറിയാതെ വെമ്പിയിരുന്നു. മുണ്ടും സാരിയും ഉപേക്ഷിച്ചില്ല, ഓണവും വിഷുവും ക്രിസ്മസും അവർ അടിച്ചു പൊളിച്ചു ആഘോഷിച്ചു. അടച്ചിട്ടാലും ഒരു ഫ്‌ലാറ്റ് കേരളത്തിൽ എവിടെങ്കിലും അവൻ സ്വന്തമായി കരുതി, പെരുനാളുകൾക്കും ഉത്സവങ്ങൾക്കും കഴിവുള്ളടത്തോളം അവൻ ഓടി ഓടി എത്തിയിരുന്നു. മലയാളം സിനിമയിലെ സ്ത്രീ പീഠനവും, രാഷ്രീയ കൊലപാതകങ്ങളും വിട്ടുമാറാത്ത അഴിമതികോഴ കഥകളും ഒട്ടൊന്നുമല്ല അവനെ വേദനിപ്പിച്ചത്. സുഖകരമായി സ്വസ്ഥമായി ഒരു ഭൂമി അവകാശമായി അവനു കിട്ടിയപ്പോഴും ജന്മഭൂമിയെപ്പറ്റിയുള്ള ഒരു പ്രേമം അവനെ വല്ലാണ്ട് ഭ്രമിപ്പിച്ചിരുന്നു. അതാണ് അവനു അറിയാതെ നഷ്ട്ടമായിത്തുടങ്ങിയത്.

രാഷ്രീയക്കാരും സാഹിത്യകാരന്മാരും മതനേതാക്കളും മുറ തെറ്റാതെ എത്തിയിരുന്നു, എല്ലാ സ്വന്ത സൗകര്യങ്ങളും ബലികൊടുത്തിട്ടാണെങ്കിലും പൂജിതരായി അവരെ എവിടെയും കൊണ്ട് നടന്നു. അത് അവനു സ്വന്തം നാട്ടിൽ നഷ്ട്ടപ്പെട്ട അസുലഭ നിമിഷങ്ങൾ പെറുക്കി ശേഖരിക്കുകയായിരുന്നു. നാട്ടിലെ ഓരോ സ്പന്ദനങ്ങളും ഉറക്കം ഒഴിഞ്ഞിരുന്നു അവൻ കണ്ടു, ചർച്ചചെയ്തു, വഴക്കിട്ടു, ഉപ്പും മുളകും മുതൽ എല്ലാ ചാനൽ ചർച്ചകളും വിടാതെ അവൻ കൊണ്ടേയിരുന്നു. അപ്പനും അമ്മയും കടന്നുപോയതുമുതൽ മണ്ണിനോട് ഉള്ള ഒരു പിടി അയഞ്ഞു. നാട്ടിലുള്ള കൂടപ്പിറപ്പുകൾ അത്യാവശ്യത്തിനു അതിഥികളായി മാത്രം എത്തിത്തുടങ്ങി , ബോഡി സ്‌പ്രേയും, വിറ്റാമിന് ഗുളികകളും സ്‌ക്കോച്ചും ഉണ്ടോ എന്ന്‌ചോദിച്ചു എത്തി തനിയെ തപ്പി എടുത്തു കൊണ്ട് അപ്രത്യകഷമാകുന്ന ആത്മമിത്രങ്ങൾ, വെറും ചടങ്ങുപോലെ കണ്ടു മടങ്ങിത്തുടങ്ങി. എവിടെയോ എന്തൊക്കെയോ സംഭവിച്ചുകൊണ്ടിരുന്നു എന്ന് അറിയാതെ പോയി. മലയാളിയുടെ സാമ്പത്തീക സ്വാതന്ത്ര്യവും, സഞ്ചാര സൗകര്യങ്ങളും, വികാരപരമായ വിമോചനവും (ഇമോഷണൽ ഡെലിവെറിൻസ്) ആരോടും ഇന്ന് 'കടക്കു പുറത്ത് ' എന്ന് പറയാനുള്ള ധൈര്യം എല്ലാവര്ക്കും നൽകിയിരിക്കുന്നു നമ്മുടെ മാറിവരുന്ന സംസ്‌കാരം.

അമേരിക്കയിലും അവനു അറിയാതെ മാറ്റം വന്നുകൊണ്ടിരുന്നു . സ്വന്തം കുട്ടികൾ അമേരിക്കകാരായി തന്നെ ജീവിക്കാൻ വിധിക്കപ്പെട്ടവരാണെന്ന തിരിച്ചറിവ് ഒട്ടൊന്നുമല്ല അവനെ നടുക്കിയത്. കുറെ മലയാളം ഒക്കെ പള്ളിയിൽകൂടിയും മറ്റും അടിച്ചു കയറ്റി എങ്കിലും അത് അവർക്കു എപ്പോഴെങ്കിലും കൈവിട്ടു പോകേണ്ടതാണെന്ന സത്യവും നടുക്കി. ഗുജറാത്തികളും പഞ്ചാബികളും പിന്നിട്ട പ്രവാസത്തിന്റെ തീവ്രത പെട്ടന്ന് മലയാളി സമൂഹത്തിൽ അരിഞ്ഞുകയറി . ഗുജറാത്തികളും പഞ്ചാബികളും വീട്ടിൽ അവരുടെ ഭാഷ സംസാരിക്കുന്നതുകൊണ്ടു അവരുടെ സംസ്‌കാരം കുറച്ചു പിടിച്ചു നിർത്താനാവുന്നുണ്ട്. മലയാളി എന്നും ഒരു ബോറൻ ആസ്വാദകനായതുകൊണ്ടാകാം അവന്റെ ആഘോഷങ്ങൾ ഒക്കെ അരോചകമായി മാറുന്നത്. മറ്റു ഭാഷക്കാരും സംസ്‌കാരക്കാരുമായി ഇടപഴകുമ്പോഴാണ് അതിന്റെ തീവ്രത മനസ്സിലാക്കാനാവുന്നത്. ഒരു ഒറ്റപ്പെട്ട സംസ്‌കാരമായി നില നിന്നതുകൊണ്ടാകാം കേരളത്തിലെ ക്രിസ്തീയ ക്‌നാനായ കുടുംബങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന സാമൂഹ്യ ഇടപെടലുകളിൽ ജീവൻ തുടിക്കുന്നത്. വിരക്തിയും നിരാശയും കുത്തി നിറച്ച മുഖ ഭാവങ്ങളിൽ നിന്ന് മലയാളിക്ക് എന്നാണ് മോക്ഷം കിട്ടുകയെന്നറിയില്ല. കേരളത്തിലെ അടച്ചിട്ടിരുന്ന ബാറുകൾ മുഴുവൻ തുറന്നാലും അവനു സന്തോഷം കിട്ടില്ല. അമേരിക്കയുടെ ഇമ്മിഗ്രേഷന്റെ വാതിലുകൾ എത്രകാലം തുറന്നിടും എന്നും അറിയില്ല. അമേരിക്കയിലെ വർണ്ണവെറിയന്മാരുടെ വീണ്ടുവിചാരവും വല്ലാതെ ഭയപ്പെടുത്തുന്നു. ഇതിലേറെയാണ് കേരളത്തിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഫ്രാൻസ് കാഫ്കയുടെ 'മെറ്റമോർഫസിസ് ' എന്ന പ്രശസ്ത കൃതിയിലെ ഗ്രിഗർ സംസാ എന്ന കഥാപാത്രം മലയാളിയുടെ പരിണാമ ചക്രത്തിലെ അടയാളപ്പെടുത്താവുന്ന കഥാപാത്രമാവുകയാണ് എന്ന് തോന്നിപ്പോകും. തനിക്കു തീരെ ഇഷ്ടമില്ലാത്ത ഒരു ജോലിയിൽ ആയിരുന്നപ്പോഴും, സ്വന്തം കുടുംബത്തിലെ ഓരോ ആളുകളുടെയും സന്തോഷം മാത്രമായിരുന്നു ഗ്രിഗറിന്റെ ചിന്ത മുഴുവൻ. തന്നെ ആശ്രയിച്ചു മാത്രം കഴിയുന്ന കുടുംബത്തിൽ ഓരോ ചെറിയ കാര്യവും ചെയ്തുകൊടുക്കുന്നതിലുള്ള സന്തോഷം, അതിനുവേണ്ടിവരുന്ന ത്യാഗം ഒക്കെ അയാളെ അർഥമുള്ള വ്യക്തിയാക്കി. പെടുന്നനെ ഒരു രാതിയിൽ അയാൾ ഒരു വികൃത കീടമായി മാറ്റപ്പെടുന്നു. പിന്നെ താൻ സ്‌നേഹിച്ചിരുന്നവരിൽ നിന്നും ഏൽക്കേണ്ടിവരുന്ന വെറുപ്പും, നീരസവും, ഒന്നുംപ്രതികരിക്കാനോ പറയാനോ കഴിയാതെ വരുന്ന മാനസീകപീഠനം, ഒരു സന്തോഷത്തിലും പങ്ക്‌ചേരാനാവാത്ത ക്രൂരമായ ഒറ്റപ്പെടൽ ഒക്കെ അയാളെ മരണത്തിലേക്ക് നയിക്കുന്നു. അയാളുടെ മരണം കുടുംബത്തിനു വലിയ ഒരു ആശ്വാസമാകുകയാണ്.

അൽപ്പം മാറിനിന്നാൽ ശൂന്യത ഉളവാക്കാത്ത ബന്ധങ്ങൾ അർത്ഥമില്ലാത്ത കബന്ധമാണ്. ആരൊക്കെയോ എവിടെയോ കാത്തിരിക്കുന്നു എന്ന ചെറിയ ഓർമ്മപ്പെടുത്തലുകളാണ് ജീവിതങ്ങൾ മുൻപോട്ടു കൊണ്ടുപോകുന്നത്, അത് ദൂരംകൊണ്ടു ഇല്ലാതെ പോകരുത്.

'I cannot make you understand. I cannot make anyone understand what is happening inside me. I cannot even explain it to myself.' ? Franz Kafka, The Metamorphosis