ത്തായിയുടെ സുവിശേഷത്തിലാണ് കിഴക്കുനിന്നുള്ള വിദ്വാന്മാർ എത്തുന്നകാര്യം ബൈബിളിൽ പറയുന്നത്. അവർ എത്ര പേരുണ്ടെന്നു പറയുന്നില്ല; അവരുടെ പേരുകളും പരാമർശിക്കുന്നില്ല, പക്ഷെ അവർ ജ്ഞാനികൾ ആണെന്ന് വ്യക്തമായ സൂചനയുണ്ട്. മരുഭൂമിയിലൂടെ ദീർഘദൂരം സഞ്ചരിക്കുന്നവരായതുകൊണ്ടു അവർക്കു ദിക്കുകളെക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചും നല്ല അറിവുള്ളവരായിരിക്കണം.

അവരോടൊപ്പം വലിയ ഒരു പരിവാരം ദാസന്മാരും കാര്യസ്ഥന്മാരും ഒക്കെ കാണുകയും ചെയ്യാം. ലോകത്തിന്റെ ശക്തികേന്ദ്രങ്ങൾ, അധികാര മാറ്റങ്ങൾ ഒക്കെ അവർക്കു മുൻകൂട്ടി കാണാനുള്ള അവരുടെ സാമർഥ്യം അവരുടെ നിൽപ്പിന്റെ കൂടെ ആവശ്യം ആയതിനാൽ രാത്രികളിലും പകലുകളിലും ദൂരെയുള്ള ഓരോ ചലനങ്ങളും അവർക്കുവിലപ്പെട്ടതാണ്. അതായിരിക്കാം യാത്രക്കിടയിലെ ഒരു പ്രത്യേക നക്ഷത്രത്തിന്റെ ചലനങ്ങൾ അവരെ മുൾമുനയിൽ നിർത്തിയത്. പുതിയ ലോകത്തിന്റെ ചക്രവർത്തിയാകാൻ പോകുന്നയാളുമായി ഒരു വ്യക്തിബന്ധം ഉറപ്പിക്കുക വളരെ അത്യാവശ്യമായിരുന്നു.

അവർക്കു ഈ ശക്തികേന്ദ്രത്തെ നേരിട്ട് കാണാനുള്ള തീവ്രമായ ആഗ്രഹമാണ് യഹൂദ രാജാവായിരുന്ന ഹേറോദോസിന്റെ അരമനയിൽ അവരെ കൊണ്ട് എത്തിച്ചത്. അവരുടെ തുറന്നമനസ്സായിരിക്കണം ദൈവത്തിനു പ്രീതികരമായി തോന്നിയതും. എന്നാലും അവർക്കു അപ്പോൾ വരെ, ദൂതൻവഴി ദർശനം നൽകുകയോ നക്ഷത്രത്തെ ഗതിനിയന്ത്രണത്തിനായി കൊടുത്തതുമില്ല. അവർ സ്വയംവഴി തേടിയാണ് കൊട്ടാരത്തിൽ എത്തപ്പെട്ടത്. 'യഹൂദന്മാരുടെ രാജാവായി പിറന്ന ശിശു എവിടെ? ഞങ്ങൾക്ക് അവനെ നമിക്കണം. അവരുടെ ചോദ്യങ്ങൾ യഹൂദ്യ മുഴുവൻ സംസാരമായി, കൊട്ടാരത്തിന്റെ അകത്തളങ്ങളെയും അവപ്രകമ്പനം കൊള്ളിച്ചു.

അവരുടെ അറിവും നേട്ടങ്ങളുമാണ് അവരെ അധികാരകേന്ദ്രങ്ങളിൽ കൊണ്ട് ചെന്ന് എത്തിച്ചത്. പിന്നെ നടന്നത് മുഴുവൻ എല്ലാ അധികാരകേന്ദ്രങ്ങളിലും ഉണ്ടാകാവുന്ന ചതിക്കുഴികൾ, വക്രതകൾ, തെറ്റായ പരിശീലങ്ങൾ, ഗൂഢാലോചനകൾ, അറിയാതെ അതിൽ ചെന്ന് ചേരുകയായിരുന്നു. കുഴയുന്ന ചുരുളുകളിൽ എങ്ങും എത്താതെയിരുന്നപ്പോഴാണ് വീണ്ടും നക്ഷത്രത്തിന്റെ ചലനങ്ങൾ അവർ ശ്രദ്ധിച്ചത്. പിന്നെതിടുക്കത്തിൽ യാത്ര പുറപ്പെടുന്നു.

നക്ഷത്രം അവർക്കു വഴികാട്ടിയപ്പോൾ അവർ അവരുടെ സ്വന്തമായ സാമർഥ്യം ഉപേക്ഷിച്ചു. അവർ ലക്ഷ്യസ്ഥാനത്തു എത്തുന്നു, ശിശുവിനെ വണങ്ങുന്നു, രാജോചിതമായ ഉപചാരങ്ങൾ അർപ്പിക്കുന്നു. തിരുകുടുംബത്തെ മുഴുവനായി അവർക്കു കാണാൻ കഴിഞ്ഞോ എന്ന് പറയുന്നില്ല. തന്നെയുമല്ല, അവർ ഗോശാലയിൽ എത്തി എന്നല്ല, വീട്ടിൽ എത്തി എന്നാണ് പറയുന്നത്. അതിനാൽ ഇടയന്മാർ ചെന്ന രാത്രിയിൽ തന്നെ ആയിരിക്കില്ല, ദിവസങ്ങൾ കുറെ കഴിഞ്ഞിട്ടാകണം അവിടെ എത്തിച്ചേർന്നത്.

തിരികെ പോകുമ്പോൾ ഉണ്ടാകാവുന്ന കൊടും ചതിയെക്കുറിച്ചു അവരെ സ്വപ്നത്തിലൂടെ അറിയിക്കുന്നു. അവരുടെ ഉദ്ദേശ ശുദ്ധിയാണ് അവരെ ലക്ഷ്യത്തിൽ എത്തിച്ചതെങ്കിൽ, അവരുടെ നിശ്ചയദാർഢ്യവും ലക്ഷ്യത്തെപ്പറ്റിയുള്ള ഉൾകാഴ്ചകളുമാണ് ശരിയായ മാർഗനിർദേശങ്ങൾ തക്കസമയത്തുലഭിച്ചത്.

എന്നാൽ ഇടയന്മാരുടെ സത്യാന്വേഷണം നേരെ വിപരീതമായ ഒരു ഇടപെടലാണ് ലൂക്കോസിന്റെ സുവിശേഷത്തിൽ പറയുന്നത്. രാത്രിയിൽ അവർ ആടുകൾക്ക് കാവൽ നോക്കുകയായിരുന്നു. ദൈവദൂതൻ നേരിട്ട് അവരെ സമീപിക്കുന്നു, ദിവ്യശോഭ കണ്ടു അവർ ഭയന്നുവിറച്ചു. സകലജനത്തിനും ഉണ്ടാകാൻ പോകുന്ന മഹാസന്തോഷ വാർത്ത അവരോടു പറയുന്നു. 'യഹൂദരുടെ രാജാവ്' എന്ന പ്രയോഗത്തിന്പകരം 'ക്രിസ്തു എന്നരക്ഷകൻ' എവിടെ കാണുമെന്നും എങ്ങനെ കാണാമെന്നും വ്യക്തമായ നിർദേശങ്ങൾ കൊടുക്കുന്നു.

സ്വർഗം തുറന്നു സ്വർഗീയ സേനയുടെ കാഹളനാദം അവർ കേൾക്കുന്നു. അത്തരം ഒരു കാഴ്ച ബൈബിളിൽ മറ്റൊരിടത്തുകൂടി മാത്രമേ പറയുന്നുള്ളൂ (2 രാജാക്കന്മാർ 6:8). ഇതൊന്നും അവർ ആഗ്രഹിച്ച സംഭവങ്ങൾ ആയിരുന്നില്ല. അവർ നക്ഷത്രത്തിന്റെയോ കൊട്ടാരത്തിന്റെയോ സഹായമൊന്നും ഇല്ലാതെ തന്നെ ക്ര്യത്യസ്ഥലത്തു എത്തി. ഗോശാലയിൽ തിരുകുടുംബത്തെ കണ്ടു, നടന്ന കാര്യങ്ങൾ വള്ളിപുള്ളിവിടാതെ പറഞ്ഞു. തിരികെ പോകുന്നവഴി നടന്ന അത്ഭുതകാഴ്ചകളെപ്പറ്റി എല്ലാവരോടും പറഞ്ഞു.

സുവിശേഷം അറിയിക്കാനുള്ള ദൗത്യം ഏല്പിക്കപ്പെട്ടതു നിർധനരായ, നിർദോഷികളായ, പേടിയുള്ള പാവം കുറെ ആട്ടിടയരെ ആയിരുന്നു. അവരോടു ദൈവദൂതൻ സ്വപ്നത്തിലല്ല, നേരിട്ടാണ് ഇടപെട്ടത്, ലോകത്തിനു മുഴുവനുള്ള സന്ദേശം അവർക്കാണ് നൽകപ്പെട്ടത്. എന്താണ് ഇവരെ തിരഞ്ഞെടുത്തത് എന്നതിന്റെ കാരണം ദൈവത്തിനു മാത്രമേ അറിയൂ. അവർ വളരെ താഴ്മയുള്ള, വിനീതരായ, ദൈവഭയമുള്ള, കാര്യങ്ങൾ ഏൽപ്പിച്ചാൽ പറയുന്നതു പോലെ ചെയ്യും എന്നുറപ്പുള്ള, ആടുകളെപ്പറ്റി നല്ല ശ്രദ്ധയുള്ള, ശുദ്ധഹൃദയം ഉള്ളവരായിരിക്കണം എന്ന് അനുമാനിക്കാം. ദൈവമഹത്വം അനുഭവിക്കുവാൻ തിരഞ്ഞെടുക്കപ്പെടണമെങ്കിൽ എന്താണ് അടിസ്ഥാന യോഗ്യത? നിത്യജീവൻ ദൈവത്തിന്റെ സൗജന്യം ആണെന്ന് വേദപുസ്തകം പറയുന്നു.

അത് ഏതെങ്കിലും പ്രത്യേക രീതിയിൽ ജീവിച്ചാൽ ലഭിക്കുന്നതല്ല, സ്വന്തമായിനേടാനും സാധിക്കില്ല. വിശ്വാസത്തെക്കുറിച്ചുള്ള അറിവും ജീവിതശൈലികൾ പുലർത്തുന്നതുകൊണ്ടും രക്ഷ ഉറപ്പാക്കാനാവുമോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. സമ്മാനം ലഭിക്കണമെങ്കിൽ ഓട്ടത്തിൽ പങ്കാളിയാവണം, ടിക്കറ്റ് എടുക്കാതെ ലോട്ടറി അടിക്കില്ല. അപ്പോൾ ചില നിബന്ധനകൾ ഇവിടെ ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. എന്താണ് നിബന്ധനകൾ? 'യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവംഅവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയം കൊണ്ടുവിശ്വസിക്കയുംചെയ്താൽനീരക്ഷിക്കപ്പെടും' (റോമർ 10 :9 ). ഏറ്റവും കൂടുതൽ തവണ പ്രതിപാദിക്കുന്നവാക്യം' തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു (യോഹന്നാൻ 3 :16). അതുകൊണ്ടു ജന്മനാവിശ്വാസി ആയവർക്കും സുവിശേഷത്തിൽ വിശ്വാസം അർപ്പിച്ചവർക്കും നിത്യജീവൻ ഉറപ്പായി എന്ന്‌തെറ്റിദ്ധരിക്കുന്ന ആളുകൾ ഏറെഉണ്ട്.

'എന്നോടു കർത്താവേ, കർത്താവേ, എന്നുപറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു'(മത്തായി 7: 21). 'ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെവിശ്വസിക്കയും വിറെക്കയും ചെയ്യുന്നു' (ജേക്കബ് 2 :19). 'വ്യർത്ഥ മനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നുഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ? (ജേക്കബ് 2 :20).

വിശ്വാസത്തിലേക്ക് ജനിച്ചുവീണതുകൊണ്ടു രക്ഷ ഉറപ്പാക്കിയ ചിലർ രഥങ്ങളിലും കുതിരകളിലും അഭിരമിക്കയാണ്. കടുത്തനിറങ്ങൾ കൊണ്ടും കൈയടി കിട്ടുന്ന പൊള്ളയായ അധരവ്യായാമങ്ങൾ കൊണ്ടും നക്ഷത്ര തിളക്കത്തിൽ എത്തിച്ചേരുന്നത്, സിംഹാസനങ്ങളുടെയും അധികാരങ്ങളുടെയും ഇരുണ്ടപാതകളിലൂടെയാണ്.

സ്വയം ആർജിച്ച അറിവും മേന്മയും അവയിൽ അർപ്പിച്ചതെറ്റായ നീതിബോധവും പ്രവർത്തനശീലങ്ങളും അവരെ നക്ഷത്രങ്ങളുടെ ചലനം ശ്രദ്ധിക്കാൻ ഇടയാക്കുന്നില്ല. അവർ നിരന്തരമായ ഗൂഢചിന്തകളിലും ഉപജാപക വൃന്ദത്തിന്റെ ചതിക്കുഴിയിലും നട്ടംതിരിയുകയാണ്. കാലത്തിന്റെ നക്ഷത്ര പകർച്ചയെ അവർക്കുൾക്കൊള്ളാനാവുന്നില്ല. ഒരുപക്ഷേ ബെത്‌ലഹേമിലെ ദിവ്യനക്ഷത്രം ഈ വിദ്വാന്മാരിൽ നിന്നും എന്നേ അകന്നു പോയിരിക്കുന്നു. അവർക്കു ഉറക്കമില്ല, പിന്നെ എങ്ങനെ സ്വപ്നം കാണാനാവും? മറ്റുള്ളവരെ ഭയപ്പെടുത്തിയാണ് അധികാരം നിലനിർത്തുന്നത്. പൊന്നും മൂരുംകുന്തിരിക്കവും സ്വയം എടുത്തുധരിച്ചു, ആർക്കും കൊടുക്കാതെ കൂട്ടിവച്ചിരിക്കുകയാണ്.

പൊന്നുപൊതിഞ്ഞ മണിമാളികകളും അരമനകളും കൂറ്റൻ ധ്യാനകേന്ദ്രങ്ങളും നിർമ്മിച്ച് വീണ്ടും വീണ്ടും മനുഷ്യനെ ഭയപ്പെടുത്തി, തങ്ങളിലൂടെ മാത്രമാണ് രക്ഷ എന്ന് ധരിപ്പിക്കയാണ്. തൊഴുത്തുകളിൽ പോയി രക്ഷിതാവിനെകാണാൻഅവർക്കുസാധിക്കില്ല. കാണണമെങ്കിൽ രക്ഷകൻപോലും സമയവും സ്ഥലവും തരപ്പെടുത്തി ചെല്ലണം, കാഴ്ചകൾ സ്വീകരിക്കും. കാഴ്ചകളുടെ വലിപ്പം നോക്കിസമയം അനുവദിക്കും.

സൂര്യശോഭയിൽ രാവുംപകലും നിറഞ്ഞുനിൽക്കുന്ന; തെറ്റിദ്ധാരണകൾ കൊണ്ട് കൊഴുത്തുതടിച്ചവരും, വിവരക്ഷാമം കൊണ്ട് മെലിഞ്ഞവരുമായ അധികാര ശ്രേണിയിൽ ചെറുനക്ഷത്രത്തിന്റെ സ്‌നേഹത്തിനും കരുണക്കും എന്ത് സാംഗത്യം? ദുരധികാരത്തിന്റെ കീഴിൽ നിരന്തരം പേടിച്ചു, വേദനകൾ ഉള്ളിൽനിറഞ്ഞ, പ്രതീക്ഷനശിച്ച, സമചിത്തത നഷ്ട്ടപെട്ട ചിതറിപ്പോകുന്ന ഒരു സമൂഹത്തിലേക്ക് പ്രവാചക നിവൃത്തി എന്ന സത്യവുമായി ഇടയ്ക്കിടെവരുന്നതിരു ജനന പെരുന്നാളിന്എന്നുംപ്രസക്തിയുണ്ട്. ജീവിതത്തിലെ ചെറിയ ഉത്തരവാദിത്തങ്ങളിൽ, നിഷ്‌കാമമായ ഇടങ്ങളിൽ അവക്ക് അഭൗമീകത കൈവരിക്കാനാകും. അവിടെയാണ് സ്വർഗ്ഗിയ സേനകളുടെ താളംതുടിക്കുന്നത്.