തിരുവനന്തപുരം: ശബരിമല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംഘപരിവാർ ഗ്രൂപ്പുകളിൽ നിറഞ്ഞു നിൽക്കുന്ന ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പഴയ പ്രസംഗം വിവാദമാവുന്നു. നാലായിരം പേരെ കൊന്നതിനാലാണ് മോദി ആവേശവും അവതാരപുരുഷനും ആകുന്നതെന്നാണ് വത്സൻ തില്ലങ്കേരി പ്രസംഗത്തിൽ പറയുന്നത്. പ്രസംഗത്തിന്റെ വീഡിയോ പീപ്പിൾ ന്യൂസ് ആണ് പുറത്തുവിട്ടത്.

നാലായിരം ആളുകളെ മോദി ഒറ്റയ്ക്ക് കൊന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നതെന്നും അക്കാരണം കൊണ്ടാണ് ഉത്തരേന്ത്യൻ ജനതയ്ക്ക് അദ്ദേഹം ആവേശമായി മാറിയതെന്നും വത്സൻ തില്ലങ്കേരി ഈ വീഡിയോയിൽ പറയുന്നു.'നമ്മുടെ പുരാണങ്ങളിൽ ശ്രീകൃഷ്ണൻ ഒരുപാട് ആളുകളെ കൊന്നിട്ടുണ്ട്. ശ്രീരാമൻ ആയിരക്കണക്കിനാളുകളെ കൊന്നിട്ടുണ്ട്. അങ്ങനെ ഇത്രയും ആളുകളെ കൊന്നയാളുകളെയാണ് അവതാരപുരുഷനെന്ന് പറയുന്നത്. മോദി ഒറ്റയ്ക്ക് നാലായിരം ആളെക്കൊന്നിട്ടുണ്ടെങ്കിൽ മോദി അവതാരപുരുഷനാണ്.' വത്സൻ തില്ലങ്കേരി തന്റെ പ്രസംഗത്തിൽ പറയുന്നു

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശബരിമല സന്നിധാനത്തെ ഇടപെടൽ കൊണ്ട് സൈബർ ലോകത്ത് സംഘപരിവാർ അണികളുടെ ഹീറോയായി മാറിയ തില്ലങ്കേരിയുടെ പേര് ഒരു ഘട്ടത്തിൽ ബിജെപി അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടിരുന്നു. പതിനെട്ടാം പടിയിൽ നിന്ന് പ്രവർത്തകരെ നിയന്ത്രിച്ചും പൊലീസിന്റെ മെഗാഫോൺ കൈയിലേന്തി ക്രമസമാധാനം നിയന്ത്രിച്ചും നിന്ന നേതാവ് വിവാദങ്ങൾ കൊണ്ടും ദേശീയ തലത്തിലും ശ്രദ്ധേയനായിട്ടുണ്ട്.

വീഡിയോ കടപ്പാട്- പീപ്പിൾ ടീവി