- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യ ഹിന്ദു രാഷ്ട്രം..എല്ലാവരും ഹിന്ദുക്കൾ; ആർഎസ്എസിൽ തന്നെ നിലനിർത്തുന്നത് അത് ഉയർത്തി പിടിക്കുന്ന ആശയങ്ങൾ; പിണറായിയുമായി ഒന്നിച്ച് ഇരുന്നതോടെ കണ്ണൂരിൽ സിപിഎം-ആർഎസ്എസ് വൈരം കുറഞ്ഞു; മുൻകൈ എടുത്തത് ശ്രീ എം; ചർച്ച രഹസ്യമാക്കാൻ കാരണം ഉണ്ട്; വത്സൻ തില്ലങ്കേരി മനസ് തുറക്കുന്നു മറുനാടനോട്; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആകുമോ എന്ന ചോദ്യത്തിനും ഉത്തരം
ആർഎസ്എസിന്റെ കണ്ണൂരിൽ നിന്നുള്ള ജനകീയമുഖമാണ് അദ്ധ്യാപകൻ കൂടിയായ വൽസൻ തില്ലങ്കേരി. ആർഎസ്എസ് പ്രാന്തീയ കാര്യകാരി സദസ്യനും ഹിന്ദുഐക്യവേദി വർക്കിങ് പ്രസിഡന്റുമായ വൽസൻ തില്ലങ്കേരി കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രമായ തില്ലങ്കേരി പഞ്ചായത്തിൽ നിന്നുമാണ് സംഘപ്രവർത്തനമാരംഭിക്കുന്നത്. ശബരിമല യുവതി പ്രവേശന വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളിലൂടെ അദ്ദേഹം പൊതുസമൂഹത്തിനും ചിരപരിചിതനായി. ബിജെപിയുടെ അടുത്ത സംസ്ഥാന പ്രസിഡന്റായി അദ്ദേഹം എത്തുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ രംഗത്ത് തൊണ്ണൂറുകൾ മുതൽ തന്നെ ചിരപരിചിതനാണ് വൽസൻ തില്ലങ്കേരി. ഏകദേശം നാല് പതിറ്റാണ്ടോളമായി കണ്ണൂരിൽ തുടർന്നുവരുന്ന രാഷ്ട്രീയസംഘർഷങ്ങൾ അറുതിവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളിലും മുൻനിരയിൽ തന്നെ അദ്ദേഹം ഉണ്ടായിരുന്നു.
പാർട്ടിഗ്രാമങ്ങൾ നിലനിർത്തുന്നതിന് മറ്റ് സംഘടനകൾക്ക് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കുന്ന സിപിഎം നിലപാടാണ് കണ്ണൂരിനെ സംഘർഷഭരിതമാക്കുന്നതെന്ന് വൽസൻ തില്ലങ്കേരി പറയുന്നു. ഏത് സർക്കാർ ഭരിച്ചാലും കണ്ണൂരിലെ പൊലീസ് സ്റ്റേഷനുകൾ സിപിഎം നിയന്ത്രണത്തിലാണ്. തന്നെപോലും ഒരുതെളിവുമില്ലാതെ കൊലപാതകക്കേസിൽ പ്രതിയാക്കിയിട്ടുണ്ട്. നിരവധി ആർഎസ്എസ്- ബിജെപി പ്രവർത്തകർ ഇപ്പോഴും ചെയ്യാത്ത തെറ്റിന് ജയിൽവാസം അനുഷ്ടിക്കുന്നുണ്ട്. സിപിഎമ്മിന്റെ നിർദ്ദേശപ്രകാരം ആർഎസ്എസ് പ്രവർത്തകരെ കണ്ണൂരിലെ പൊലീസ് നിരന്തരം വേട്ടയാടിയിരുന്നു. എന്നാൽ ഇപ്പോൾ അതിനൊരു മാറ്റം വന്നിട്ടുണ്ട്. പൊലീസും സർക്കാരും കണ്ണൂരിൽ സമാധാനം പുലരണമെന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിയിട്ടുണ്ടെന്നും സിപിഎം സംഘടനാപരമായി തന്നെ അത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടെന്നും തില്ലങ്കേരി പറയുന്നു. അതിന്റെ ഭാഗമായിരുന്നു ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ച.
ആർഎസ്എസ് ഒരു മതത്തിനും എതിരല്ല. രാജ്യത്തിന്റെ പുരോഗതിയും ജാതി-മത ഭേദമന്യേ ഉള്ള എല്ലാ ഭാരതീയരുടെയും വളർച്ചയുമാണ് ആർഎസ്എസിന്റെ ലക്ഷ്യം. ഭാരതത്തെ മാതൃഭൂമിയായും പിതൃഭൂമിയായും പുണ്യഭൂമിയായും കാണുന്ന എല്ലാവരും ഹിന്ദുക്കളാണെന്നും അദ്ദേഹം പറയുന്നു.
ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയുമായി മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
വൽസൻ തില്ലങ്കേരി ആർഎസ്എസിലേയ്ക്ക് എത്തുന്നത് എങ്ങനെയാണ്?
ഒരു കോൺഗ്രസ് കുടുംബമായിരുന്നു എന്റേത്. അച്ഛൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും 18 വർഷത്തോളം പഞ്ചായത്ത് അംഗവുമായിരുന്നു. ഞങ്ങളുടെ നാട്ടിൽ ആ കാലത്ത് ആരംഭിച്ച ആർഎസ്എസ് ശാഖയിലൂടെയായിരുന്നു ഞാൻ ആർഎസ്എസിലെത്തുന്നത്. ആദ്യം ശാഖയോടുള്ള താൽപര്യവും കാര്യകർത്താക്കളുമായുള്ള വ്യക്തിബന്ധങ്ങളുമായിരുന്നു എന്നെ അവിടേയ്ക്ക് ആകർഷിച്ചത്. അതിന്റെ ഉള്ളിലെത്തിയ ശേഷം അതിന്റെ ദേശീയമായ കാഴ്ച്ചപ്പാടുകൾ, വ്യക്തിസംസ്കരണത്തിലുള്ള ഊന്നൽ അതുപോലുള്ള കാര്യങ്ങളാണ് കൂടുതൽ ആകർഷണീയമായി തോന്നിയത്. ഇപ്പോഴും എന്നെ അതിൽ നിലനിർത്തുന്നതിലുള്ള പ്രധാനപ്പെട്ട ഘടകം അത് ഉയർത്തിപ്പിടിക്കുന്ന ആശയമാണ്.
ആർഎസ്എസ് ആ പ്രദേശത്ത് വളരുമ്പോൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും എതിർപ്പ് ഉണ്ടായിട്ടില്ലേ?
തില്ലങ്കേരി എന്ന എന്റെ പഞ്ചായത്ത് കമ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ സ്വാധീനമുള്ള ഒരു പ്രദേശമാണ്. 1949ലെ കർഷകകലാപത്തിൽ പൊലീസ് വെടിവയ്പ്പിൽ എട്ട് പേർ രക്തസാക്ഷികളായ നാടാണ് തില്ലങ്കേരി. പിന്നീട് സേലം ജയിലിൽ നടന്ന വെടിവയ്പ്പിലും തില്ലങ്കേരിയിൽ നിന്നുള്ള 5 പേർ കൊല്ലപ്പെട്ടു. അങ്ങനെ ആകെ 13 രക്ഷസാക്ഷികളാണ് തില്ലങ്കേരിയിലുള്ളത്. രക്തസാക്ഷിഗ്രാമം എന്ന് വേണമെങ്കിൽ പറയാം. അവിടെ കമ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും, അടിയന്തരാവസ്ഥയ്ക്ക് ശേഷം കോൺഗ്രസും ശക്തമായി. എന്നാൽ തലശേരി, പാനൂർ, കൂത്തുപ്പറമ്പ് ഭാഗത്തുള്ളത് പോലെ കടുത്ത സിപിഎം- ആർഎസ്എസ് സംഘർഷങ്ങളൊന്നും അക്കാലത്ത് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. പൊതുകാര്യങ്ങളിൽ ഒന്നിച്ച് നിന്നാണ് പ്രവർത്തിച്ചിട്ടുള്ളത്. തില്ലങ്കേരി മദ്യവിമുക്ത പഞ്ചായത്ത് ആക്കുന്നതിനുള്ള ആക്ഷൻ കമ്മിറ്റിയിൽ നമ്മളെല്ലാം സഹകരിച്ചിരുന്നു.
അടിയന്തരാവസ്ഥകാലത്ത് ഒന്നിച്ച് നിന്നവരാണല്ലോ സിപിഎമ്മും ആർഎസ്എസും. എന്നാൽ പിന്നീട് കണ്ണൂരിൽ സിപിഎം- ആർഎസ്എസ് സംഘർഷങ്ങൾ ഉണ്ടാകാനുള്ള പശ്ചാത്തലമെന്താണ്?
അടിയന്തരാവസ്ഥകാലത്ത് പരസ്യമായി അതിനെതിരെ സമരരംഗത്തിറങ്ങിയത് ആർഎസ്എസാണ്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലെത്തിയവരിൽ ആർഎസ്എസിന്റെയും സിപിഎമ്മിന്റെയും ജമാഅത്ത് ഇസ്ലാമിയുടെയും പ്രവർത്തകരുണ്ടായിരുന്നു. അടിയന്തരവസ്ഥയ്ക്ക് ശേഷം 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥയെ എതിർത്ത എല്ലാവരും ഒന്നിച്ചുനിൽക്കുകയായിരുന്നു. അതിൽ സിപിഎമ്മും ജനസംഘവും ഉൾപ്പെട്ടിരുന്നു. അപ്പോൾ സ്വാഭാവികമായും ഉദുമയിൽ കെജി മാരാർക്ക് വേണ്ടി സിപിഎമ്മും കൂത്തുപറമ്പിൽ പിണറായിക്ക് വേണ്ടി ജനസംഘവും പ്രവർത്തിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭങ്ങൾ ജയിലിനകത്തും പുറത്തും നടന്നിട്ടുണ്ട്. പുറത്ത് സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ലോക സംഘർഷ സമിതിയുടെ നേതൃത്വം ആർഎസ്എസിനായിരുന്നു. സിപിഎം അടക്കമുള്ളവർ ആദ്യം ആർഎസ്എസിനൊപ്പം ഉണ്ടായിരുന്നെങ്കിലും പിന്നീട് അവർ പിന്മാറുകയാണ് ഉണ്ടായത്. ആർഎസ്എസ് നേതാക്കൾ തിരുവനന്തപുരത്ത് ഇഎംഎസിനെയൊക്കെ കണ്ട് സമരത്തോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം പരിമിതികൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. എന്നാൽ എകെജി അങ്ങനെയല്ലായിരുന്നു. പക്ഷെ അപ്പോഴേയ്ക്കും അദ്ദേഹം അസുഖബാധിതനായി കഴിഞ്ഞിരുന്നു.
കണ്ണൂരിലെ നേതാക്കൾ ജയിലിൽ നിന്നിറങ്ങിയ ശേഷം സമരത്തിൽ നിന്നും പിന്മാറി. അതോടെ നിർജീവമായ സിപിഎം അണികൾ സമരത്തിൽ സജീവമായ ആർഎസ്എസിൽ ചേരാൻ തുടങ്ങി. ആർഎസ്എസ് ശാഖകൾ കണ്ണൂർ ജില്ലയിൽ തലശ്ശേരി പാനൂർ കൂത്തുപറമ്പ് മേഖലകളിൽ വ്യാപകമായി ആരംഭിക്കുകയും ചെയ്തു. സിപിഎം അണികൾ ആർഎസ്എസിലേയ്ക്ക് മാറിയപ്പോൾ സിപിഎം കോട്ടകളിലൊക്കെ ശാഖകൾ ആരംഭിച്ചു. അന്ന് സിപിഎമ്മിനെപോലെ ഒരു വലിയ പാർട്ടിക്ക് ആർഎസ്എസിനെ ആശയപരമായി നേരിടാമായിരുന്നു. പക്ഷെ അതിന് പകരം അവർ ചെയ്തത് കായികപരമായി നേരിടുകയാണ്. ഇതോടെയാണ് കണ്ണൂരിൽ രാഷ്ട്രീയസംഘർഷങ്ങൾ ആരംഭിക്കുന്നത്.
ആർഎസ്എസ് ലക്ഷ്യം വയ്ക്കുന്ന ഭാരതം ഹിന്ദുക്കൾ മാത്രമുള്ള രാജ്യമാണോ?
ഭാരതത്തെ മാതൃഭൂമിയായും പിതൃഭൂമിയായും പുണ്യഭൂമിയായും കാണുന്ന എല്ലാവരും ഹിന്ദുക്കളാണ് എന്നാണ് ഹിന്ദുത്വ എന്ന പുസ്തകത്തിൽ സവർക്കർ പറയുന്നത്. മതപരമായി വ്യത്യസ്തമായ ആരാധനാസമ്പ്രദായങ്ങളുണ്ടാകും. അതിലൊരു തെറ്റുമില്ല. അങ്ങനെയുള്ള എല്ലാ സമ്പ്രദായങ്ങളേയും സ്വീകരിച്ച നാടാണ് ഭാരതം. ലോകത്തുള്ള എല്ലാ മതങ്ങൾക്കും അവരുടെ ആദ്യകാലത്ത് തന്നെ പ്രവർത്തനങ്ങൾ നടത്താൻ അവകാശം ലഭിച്ച മണ്ണാണ് ഭാരതം. അതുകൊണ്ടാണ് ഞങ്ങൾ എല്ലാ മതങ്ങളുടെയും മാതാവാണ് ഭാരതമെന്ന് ഷിക്കാഗോയിൽ വിവേകാനന്ദൻ ആത്മവിശ്വാസത്തോടെ പ്രസംഗിച്ചത്. അതാണ് ആർഎസ്എസിന്റെ നയം. മറ്റ് മതസ്ഥർ ഇന്ത്യ വിടണമെന്ന് പറയുന്ന മതഭ്രാന്തന്മാരുടെ പിതൃത്വം ആർഎസ്എസിന്റെ തലയിലടിച്ചേൽപ്പിക്കരുത്. അത്തരക്കാരുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല.
അപ്പോൾ സാത്വി പ്രാചിയുമായൊന്നും ആർഎസ്എസിന് ബന്ധമില്ലേ?
രാഷ്ട്രവിരുദ്ധന്മാരോട് ഞങ്ങൾ യാതൊരു സന്ധിയുമില്ല. അബ്ദുൾകലാമിനെ രാഷ്ട്രപതിയാക്കിയത് സംഘപരിവാറല്ലേ. അദ്ദേഹത്തെ പോലുള്ളവരാണ് ആർഎസ്എസിന്റെ റോൾ മോഡൽസ്. അത് അദ്ദേഹത്തിന്റെ മതം നോക്കിയല്ല.
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരുപാട് വെല്ലുവിളികളുണ്ടാകാറില്ലേ?
കണ്ണൂർ ജില്ലയെ ഒരു സംഘർഷജില്ലയായി ചിത്രീകരിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. സ്വാതന്ത്ര്യസമരത്തിലെ ചില ചരിത്രസംഭവങ്ങൾക്ക് വേദിയായിട്ടുള്ള, ഗാന്ധിജിയേയും നെഹ്റുവിനെയും പോലുള്ള ദേശീയനേതാക്കൾ വന്നിട്ടുള്ള, എകെജിയെ പോലെ വാഗ്ഭടാനന്ദനെ പോലെ, സുബ്രഹ്മണ്യൻ തിരുമുമ്പിനെ പോലുള്ള പ്രശസ്ത വ്യക്തിത്വങ്ങൾക്ക് ജന്മം നൽകിയിട്ടുള്ള, പറശ്ശിനിക്കടവ് ക്ഷേത്രം പോല സാധാരണക്കാരന്റെ ആരാധനാലയങ്ങളുള്ള, തെയ്യമുള്ള തിറയുള്ള, പോരാട്ടത്തിന്റെ പാരമ്പര്യമുള്ള ഒരു നാടാണ് കണ്ണൂർ. അതിനെ സംഘർഷങ്ങളുടെ നാടായി വിലയിരുത്തുന്നതിനോട് ഒരു കണ്ണൂർ ജില്ലക്കാരൻ എന്ന നിലയിൽ വിയോജിപ്പുണ്ട്. അത്തരത്തിൽ ഒരു തെറ്റായ പേര് കണ്ണൂരിന് വീണതിന് ഖേദമുണ്ട്. അത് ഇല്ലാതാക്കാനുള്ള ബോധപൂർവമായ പരിശ്രമങ്ങൾ നടക്കുന്നുണ്ട്.
ഞങ്ങൾക്ക് കണ്ണൂരിൽ 86 ബലിദാനികൾ ഉണ്ടായിട്ടുണ്ട്. ബഹുഭൂരിപക്ഷവും പ്രതിസ്ഥാനത്ത് സിപിഎമ്മുകാരാണ്. തിരിച്ചും സംഭവിച്ചിട്ടുണ്ട്. സിപിഎം പ്രവർത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ വീട്ടുകാരുടെ ദുഃഖവും ദുഃഖമാണ്. അവരുടെ സഹപ്രവർത്തകരുടെ വിയോഗവും വിയോഗമാണ്. ഞങ്ങളുടെ നാട്ടിൽ വിദ്യാർത്ഥി മുതൽ എഴുപത് വയസുള്ള അമ്മ വരെ കൊല്ലപ്പെട്ടിട്ടുണ്ട്. ഭർത്താവ് കൊല്ലപ്പെട്ട വിധവയായ അമ്മയുടെ ഏകമകനും പിന്നെ കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. അത് പിണറായിലാണ്. ഇങ്ങനെയുള്ള നിരവധി സംഭവങ്ങളിൽ നിരവധി കുടുംബങ്ങൾ അനാഥമായിട്ടുണ്ട്, നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്, വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകാൻ സാധിക്കാത്തവർ ഉണ്ട്. ഗ്രാമത്തിൽ നിന്ന് ആട്ടിഓടിക്കപ്പെട്ട് മറ്റിടത്ത് വർഷങ്ങളായി ജീവിക്കുന്ന നിരവധിപേരുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാറുണ്ട്. അപ്പോൾ വീണ്ടും സംഘർഷങ്ങൾക്ക് ഉണ്ടാകും. അത് ചിലപ്പോൾ ഗ്രാമങ്ങൾ തമ്മിലുള്ള കുടിപ്പകയായി മാറാറുമുണ്ട്.
കണ്ണൂരിൽ മാത്രം ഇത്രയേറെ പ്രശ്നങ്ങൾ നടക്കുന്നതെന്തുകൊണ്ടാണ്? ആ നാടിന്റെ സംസ്കാരവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
സംസ്കാരവുമായി ബന്ധമൊന്നുമില്ല. കണ്ണൂർ എന്നത് സിപിഎമ്മിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ്. അവിടെ നിന്നൊരു ചോർച്ച ഉണ്ടാകാൻ അവർ സമ്മതിക്കില്ല. അതിനുവേണ്ടി അവിടെ മറ്റ് സംഘടനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ് അവരുടെ മാർഗം. അവിടെ എല്ലാ പ്രസ്ഥാനങ്ങളുമായും അവർ സംഘർഷത്തിലേർപ്പെട്ടിട്ടുണ്ട്. ആർഎസ്എസ് മാത്രമല്ല കോൺഗ്രസും ലീഗും സിപിഐയും ജനതാദളും സോഷ്യലിസ്റ്റ് പാർട്ടികളും എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടുമൊക്കെ സിപിഎമ്മിന്റെ അക്രമത്തിനിരയായിട്ടുണ്ട്. മറ്റൊരർത്ഥത്തിൽ കണ്ണൂരിലെ എല്ലാ സംഘർഷങ്ങളുടെയും ഒരറ്റത്ത് സിപിഎം ആണെന്ന് പറയാം. സിപിഐയ്ക്ക് കണ്ണൂരിൽ ഒരു രക്തസാക്ഷിയാണ് ഉള്ളത്. അത് മുഴക്കുന്നിലുള്ള സഖാവ് പി ദാമോദരനാണ്. അദ്ദേഹത്തെ കൊല ചെയ്തത് സിപിഎമ്മാണ്.
പാർട്ടി ഗ്രാമങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ്?
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായ ആദ്യകാലങ്ങളിൽ അവർ പ്രവർത്തനമാരംഭിച്ച് ആധിപത്യമുറപ്പിച്ച സ്ഥലങ്ങളാണ് ഇന്നത്തെ പാർട്ടി ഗ്രാമങ്ങളിൽ പലതും. അവിടത്തെ സാമൂഹ്യജീവിതത്തിലെ എല്ലാ തലങ്ങളിലും പാർട്ടി ഇടപെടുന്നുണ്ട്. അതൊരു വസ്തുതയാണ്. പക്ഷെ പണ്ട് കാലത്ത് അവിടങ്ങളിൽ നിലനിന്നിരുന്ന ജന്മിത്വ വ്യവസ്ഥയെ ചോദ്യം ചെയ്താണ് കമ്യൂണിസ്റ്റ് പാർട്ടി വളർന്നത്. സ്വാഭാവികമായും ജന്മിമാരുടെ ഭാഗത്ത് നിന്നും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും അതിനെതിരായ പീഡനങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നെ ജന്മിത്വം ഇല്ലാതെയായി. ഇപ്പോൾ പാർട്ടിയാണ് ആ ഗ്രാമങ്ങളിൽ ജന്മി. ലോക്കൽ സെക്രട്ടിയോട് ചോദിക്കാതെ ഇപ്പോൾ അവിടെയൊന്നും നടക്കില്ലെന്ന അവസ്ഥയാണ്.
ഇത്തരം പാർട്ടിഗ്രാമങ്ങളിൽ സംഘപരിവാർ അനുകൂലികളും കമ്യൂണിസ്റ്റ് വിരുദ്ധരും ഉണ്ടാകില്ലേ? എന്തുകൊണ്ടാണ് നിങ്ങൾ അവരെ സംഘടിപ്പിക്കാൻ സാധിക്കാത്തത്?
അത്തരം ആളുകളെ സംഘടിപ്പിച്ച് കൊണ്ട് ഇന്ന് കണ്ണൂർ ജില്ലയിൽ 200 ഓളം സ്ഥലങ്ങളിൽ ജനാധിപത്യം സ്ഥാപിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അവിടെ ഏത് പാർട്ടികൾക്കും പ്രവർത്തിക്കാം. മാർക്സിസ്റ്റ് പാർട്ടി വിചാരിച്ചാലും സംഘർഷം ഉണ്ടാക്കാൻ സാധിക്കില്ല. അത് ഒരു 500 സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാൻ സാധിച്ചാൽ കണ്ണൂരിലെ സംഘർഷങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. സിപിഎം അല്ലാതെ മറ്റാർക്കും പ്രവർത്തനസ്വാതന്ത്യമില്ലാത്ത മുന്നൂറോളം സ്ഥലങ്ങൾ ഇന്നും കണ്ണൂരുണ്ട്. എൻഎസ്എസ്, എസ്എൻഡിപി അടക്കമുള്ള സമുദായസംഘടനകൾക്ക് പോലും അവിടെ പ്രവർത്തിക്കാനാകില്ല. വെള്ളാപ്പള്ളി ഒരിക്കൽ ശ്രമിച്ച് പരാജയപ്പെട്ടതാണ്. പാനൂരിൽ മരിച്ച ഒരമ്മയുടെ മൃതദേഹത്തിൽ എൻഎസ്എസ് വച്ച റീത്ത് സിപിഎമ്മിന്റെ പ്രാദേശികനേതാക്കൾ എടുത്തെറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.
ഈയൊരു സംഘർഷഭൂമിയിൽ താങ്കൾ എങ്ങനെയാണ് പിടിച്ചുനിന്നത്?
ഒരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ എനിക്കുണ്ടായിട്ടുള്ളതിനേക്കാൾ വലിയ നഷ്ടങ്ങളുമായി നിരവധി സംഘകുടുംബങ്ങൾ ഇന്ന് കണ്ണൂരിന്റെ പല ഭാഗങ്ങളിലുണ്ട്. വേണ്ടപ്പെട്ടവർ കൊല്ലപ്പെട്ടവർ, അംഗഭംഗം സംഭവിച്ചവർ, രണ്ട് കണ്ണുകളും നഷ്ടപ്പെട്ട് ഇരുട്ടത്ത് ജീവിക്കുന്നവർ ഒക്കെ ഇവിടെയുണ്ട്. മുമ്പ് കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പുന്നാട് എന്ന സ്ഥലത്ത് നടന്ന ഒരു രാഷ്ട്രീയകൊലപാതകത്തിൽ തെളിവും മൊഴിയും ഒന്നുമില്ലാതെ എന്നെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുകളിൽ നിന്നും നിർദ്ദേശമുണ്ടെന്നാണ് സ്റ്റേഷനിൽ വച്ച് എന്നോട് പറഞ്ഞത്. ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടതറിഞ്ഞ് ഹൃദയാഘാതം വന്ന് ആശുപത്രിയിലായ അച്ഛൻ ദിവസങ്ങൾക്ക് ശേഷം മരിച്ചു. അവസാനമായി അച്ഛനെ കാണാൻ ശ്രീധരൻപിള്ള സാറാണ് എനിക്ക് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാർ ശക്തമായി എതിർത്തെങ്കിലും കോടതി അനുവദിച്ചു. അങ്ങനെ ഇരുന്നൂറോളം പൊലീസുകാരുടെ അകമ്പടിയോടെയാണ് ഞാൻ അച്ഛനെ കാണാനെത്തുന്നത്. ചിതയ്ക്ക് തീ കൊളുത്തിയ ശേഷം വൈകിട്ട് അഞ്ച് മണിയോടെ തിരിച്ചും പോയി. അതിന് ശേഷം 98 ദിവസം ഞാൻ ജയിലിൽ കിടന്നു. പിന്നെ ഹൈക്കോടതിയിൽ നിന്നാണ് എനിക്ക് ആ കേസിൽ ജാമ്യം കിട്ടിയത്. ഒടുവിൽ തെളിവുകളൊന്നുമില്ലാതെ എന്നെ വെറുതെവിടുകയായിരുന്നു. പക്ഷെ ചെയ്യാത്ത കുറ്റത്തിന് പൊലീസ് കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളുടെ പേരിൽ ഇന്നും ശിക്ഷ അനുഭവിക്കുന്ന നിരവധി സംഘപ്രവർത്തകർ കണ്ണൂരിലുണ്ട്. കേരളം ആര് ഭരിച്ചാലും കണ്ണൂരിലെ പൊലീസ് സ്റ്റേഷനുകൾ സിപിഎമ്മിന്റെ കീഴിലായിരുന്നു. ഇന്ന് അതിന് കുറേയൊക്കെ മാറ്റം വന്നിട്ടുണ്ട്. നിഷ്പക്ഷമായി നിന്നാലെ ക്രമസമാധാനപാലനം നടക്കു എന്ന് പൊലീസിന് മനസിലായിട്ടുണ്ട്. പിന്നെ അത്തരത്തിൽ നിർദ്ദേശങ്ങൾ എന്തെങ്കിലും സർക്കാരിൽ നിന്നും ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
സുധാകരനുമായുള്ള ബന്ധം?
വ്യക്തിപരമായി നല്ല ബന്ധമാണ്
'പെട്ടുപോയി, ഇനി പുറകോട്ട് പോകാൻ പറ്റില്ല' എന്നാണ് സുധാകരൻ ഞങ്ങളുമായുള്ള അഭിമുഖത്തിൽ പറഞ്ഞത്. താങ്കൾക്കും അങ്ങനെ തോന്നിയിട്ടുണ്ടോ?
എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല. എന്റെ ആശയത്തിന് വേണ്ടി മരിക്കാനുമുള്ള സന്നദ്ധതയാണ് എന്റെ ധൈര്യം. സുധാകരൻ ഏത് സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. എനിക്കൊപ്പം എന്റെ സംഘടന ഉണ്ടായിരുന്നു. എന്നാൽ സുധാകരനൊപ്പം പാർട്ടി ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തുകയും ചെയ്തു. അതുകൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞത്.
പിണറായി വിജയനുമായുള്ള ബന്ധം എങ്ങനെയാണ്?
പിണറായിയുമായി നേരിട്ട് ഇരിക്കാൻ അവസരം ലഭിച്ചത് മുഖ്യമന്ത്രി ആയശേഷം 2017 ൽ ശ്രീ എമ്മിന്റെ മധ്യസ്ഥതതയിൽ നടന്ന ചർച്ചയിലാണ്.
ആ ചർച്ച എന്തുകൊണ്ടാണ് അതീവരഹസ്യമാക്കി വച്ചത്?
അത് പുറത്തറിഞ്ഞാൽ മറ്റൊരർത്ഥത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നറിയുന്നതുകൊണ്ടാണ് ഫലം കണ്ട് തുടങ്ങിയശേഷം പുറത്തറിഞ്ഞാൽ മതിയെന്ന ഉഭയകക്ഷി തീരുമാനം ഉണ്ടായത്.
ആരൊക്കെയാണ് അന്ന് ചർച്ചയിൽ പങ്കെടുത്തത്?
സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രിയും പിണറായി വിജയനും പാർട്ടി സെക്രട്ടറിയും ഞങ്ങളുടെ ഭാഗത്ത് നിന്ന് കേരളത്തിലെ ആർഎസ്എസിന്റെ മുതിർന്ന നേതാവ് സേതുമാധവനും ഗോപാലൻകുട്ടി മാഷും കുമ്മനവും ഒ. രാജേട്ടനും ഉണ്ടായിരുന്നു. തുടർ ചർച്ചകളിൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഇപി ജയരാജനും ഗോവിന്ദൻ മാസ്റ്ററും പി ജയരാജനുമടക്കമുള്ള കണ്ണൂരിലെ നേതാക്കളൊക്കെ ഉണ്ടായിരുന്നു. നിശ്ചയമായിട്ടും അതിന്റെ ഫലമുണ്ടായി.
ഞാൻ മനസിലാക്കുന്നത് സിപിഎം പിബിയും സിസിയുമൊക്കെ ചർച്ച ചെയ്താണ് കണ്ണൂരിൽ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള തീരുമാനത്തിലേയ്ക്ക് വരുന്നത്. മുമ്പ് പലപ്പോളും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സർക്കാരുമായി സഹകരിക്കാറുണ്ടായിരുന്നു എന്നല്ലാതെ പാർട്ടിതലത്തിൽ യാതൊരു ശ്രമങ്ങളും ഇതിനായി ഉണ്ടായിട്ടില്ല. ഇപ്പോൾ അവർ സംഘടനാപരമായി തന്നെ സംഘർഷങ്ങൾ ഒഴിവാക്കാൻ തീരുമാനിക്കുന്നു എന്നതൊരു ശുഭസൂചനയാണ്.
സിപിഎമ്മിന്റെ തുടർഭരണത്തിന് പ്രധാനകാരണം തന്നെ സംഘവിരുദ്ധതയിലൂന്നിയുടെ മുസ്ലിം വോട്ടുകളുടെ ക്രോഡീകരണമാണ്. അപ്പോൾ ആർഎസ്എസും സിപിഎമ്മുമായുള്ള അകലം കുറയുന്നുവെന്ന് താങ്കൾ പറയുന്നതിൽ ഒരു വൈരുദ്ധ്യമില്ലേ?
സിപിഎമ്മും ഞങ്ങളും തമ്മിൽ കേരളത്തിൽ പലയിടങ്ങളിലും നിലനിൽക്കുന്ന കായികമായ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ കാര്യമാണ് ഞാൻ പറഞ്ഞത്. അത് നാടിന്റെ പൊതുവായ ഗുണത്തിന് വേണ്ടിയാണ്. അതിന്റെ അർത്ഥം ആർഎസ്എസും സിപിഎമ്മുമായി എന്തെങ്കിലും തരത്തിലുള്ള ധാരണയുണ്ട് എന്നല്ല. സിപിഎമ്മിന് സംഘത്തെ എതിർക്കാം, ബിജെപിയെ എതിർക്കാം, മോദിയെ എതിർക്കാം. എന്നാൽ മോദി വിരുദ്ധ രാജ്യവിരുദ്ധതയായി മാറരുത് എന്ന് മാത്രമേ ഉള്ളു. ഇത് തന്നെയാണ് പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി, എസ്ഡിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ മുസ്ലിം സംഘടനകളോടും പറയാനുള്ളത്.
എന്നാൽ പലപ്പോഴും അത്തരത്തിലൊരു തലത്തിലേയ്ക്ക് വരുന്നെന്ന അപകടകരമായ സാഹചര്യം കേരളത്തിലുണ്ടാകുന്നുണ്ട്. അത് ശരിയായ കാഴ്ച്ചപ്പാടല്ല. ആ അപകടകരമായ കാഴ്ച്ചപ്പാടിന് സിപിഎം പിന്തുണ നൽകിയാൽ അന്ന് ഇന്ത്യാ-പാക് വിഭജനത്തിന് മുമ്പുള്ള സമാനമായ സാഹചര്യമായി മാറുകയാണ്. അന്ന് ജിന്നയും മുസ്ലിംലീഗും ഉയർത്തിയ മതപരമായ ആവശ്യത്തിന് സൈദ്ധാന്തികമായ ചട്ടക്കൂട് നൽകിയത് അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. അവരുടെ പിന്തുണ ഇല്ലാതിരുന്നെങ്കിൽ അത് വെറുമൊരു മതഭ്രാന്തായി തള്ളപ്പെടുമായിരുന്നു.
രാജ്യമാകെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അമൃതോൽസവം ആഘോഷിക്കുമ്പോൾ ഇവിടെ സംസ്ഥാനസർക്കാരിന് മാപ്പിളകലാപത്തിന്റെ 100-ാം വാർഷികം ആചരിക്കാനുള്ള തിടുക്കമാണ്. നമ്മുടെ പൂർവികപാരമ്പര്യമുള്ള ഒരു നാടാണ് മലപ്പുറം. അത് എഴുത്തച്ഛന്റെ നാടാണ്, മേൽപ്പത്തൂരിന്റെ നാടാണ്. പൂന്താനം ജ്ഞാനപ്പാന എഴുതിയത് അവിടെ ഇരുന്നാണ്. ഇവർക്കാർക്കും അവിടെ സ്മാരകമില്ല. എഴുത്തച്ഛന്റെ പ്രതിമ നിർമ്മിച്ചിട്ട് സ്ഥാപിക്കാൻ അനുവദിച്ചിട്ടില്ല. അത് പ്രതിമയോടുള്ള എതിർപ്പാണ്. അഫ്ഗാനിസ്ഥാനിൽ താലിബാനികൾക്ക് ഉള്ള അതേ മനോഭാവമാണത്. പക്ഷെ ഇപ്പോൾ അവിടത്തെ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്മാരകം നിർമ്മിക്കണമെന്ന്. അതിനായി സ്ഥലമൊക്കെ ഏറ്റെടുത്തിട്ടുണ്ട്.
കേരളത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ മുഖമായിരുന്ന കേരളാഗാന്ധി കെ. കേളപ്പനും കെപി കേശവമേനോനും കെപിസിസി പ്രസിഡന്റായിരുന്ന കെ. മാധവൻ നായർക്കും അവിടെ സ്മാരകമുണ്ടോ? എന്നാൽ ഇപ്പോഴവിടെ സ്മാരകം നിർമ്മിക്കുന്നത് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ആലി മുസലിയാർക്കുമൊക്കെയാണ്. ഇവരാണ് അവിടെ ഏറ്റവുമധികം കൊലപാതകങ്ങൾ നടത്തിയവർ. മലബാർ കലാപത്തെ പറ്റി ഒരു ആശയസംവാദത്തിന് ഞങ്ങൾ സിപിഎമ്മിനെ വെല്ലുവിളിക്കുന്നു. ആരുമായും ആശയസംവാദത്തിന് ഞങ്ങൾ തയ്യാറാണ്. മലബാർ കലാപം എണ്ണം പറഞ്ഞ ഹിന്ദുകൂട്ടകൊലയായിരുന്നെന്ന് ഞങ്ങൾ പറയുന്നു. മാധവൻ നായരുടെ വീട്ടിൽ പോയി പോലും അവർ മതംമാറാൻ നിർബന്ധിച്ചിരുന്നു.
ശബരിമല പ്രക്ഷോഭത്തിൽ പൊലീസിന്റെ മൈക്ക് താങ്കളുടെ കയ്യിൽ എത്തപ്പെട്ടത് എങ്ങനെയാണ്?
ആചാരസംരക്ഷണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിൽ പല സംഘടനകളും ഭാഗമായിരുന്നു. ആളുകളാരുമില്ലെങ്കിലും പേരെടുക്കാൻ വേണ്ടി ഈ പ്രക്ഷോഭത്തിൽ മനഃപൂർവം സംഘർഷമുണ്ടാക്കാനെത്തിയ സംഘടനകളുമുണ്ട്. പമ്പയിൽ സംഘർഷമുണ്ടായപ്പോൾ ഞങ്ങൾ ഇടപെട്ടില്ല. അത്തരമൊരു സംഘർഷം സന്നിധാനത്ത് ഉണ്ടാകരുതെന്ന് ഞങ്ങൾക്ക് നിർബന്ധമായിരുന്നു. യുവതി പ്രവേശനം നടക്കാൻ പാടില്ല, എന്നാൽ സംഘർഷവും ഉണ്ടാവരുത് എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. അപ്പോൾ പെട്ടെന്ന് അവിടെയൊരു സംഘർഷമുണ്ടായപ്പോൾ പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. പത്ത് പതിനയ്യായിരം ആളുകളാണല്ലോ അവിടെ ഉണ്ടായിരുന്നത്. അപ്പോൾ അവർ ആവശ്യപ്പെട്ടിട്ടാണ് ഞാൻ മൈക്കിലൂടെ അവരെ നിയന്ത്രിച്ചത്. അതൊരു സാധാരണമായ കാര്യമാണ്. മുമ്പ് കണ്ണൂരൊക്കെ സംഘർഷങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ മുമ്പും ചെയ്തിട്ടുണ്ട്.
ബിജെപി പ്രസിഡന്റാകുമെന്നൊക്കെ വാർത്തകൾ കേൾക്കുന്നുണ്ടല്ലോ?
ഞാനിത് വരെ കേട്ടിട്ടില്ല.
പ്രസിഡന്റാകാൻ താൽപര്യമുണ്ടോ?
എനിക്ക് ബിജെപിയിൽ ഓൺലൈൻ അംഗത്വം ഉണ്ട്. ഞാൻ മുമ്പ് ആർഎസ്എസിന്റെ കണ്ണൂർ ജില്ലയുടെ ചുമതലയിലുണ്ടായിരുന്നപ്പോൾ ഒരു പ്രത്യേകസാഹചര്യത്തിൽ മൂന്ന് വർഷം യുവമോർച്ചയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു. അത് മാത്രമാണ് കക്ഷിരാഷ്ട്രീയപ്രവർത്തനത്തിൽ എന്റെ പരിചയം. ഇപ്പോൾ എന്തായാലും അത്തരം കാര്യങ്ങളൊന്നും ഉദ്ദേശിക്കുന്നതേ ഇല്ല.
മറുനാടന് മലയാളി ബ്യൂറോ