ണം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയിരിക്കുന്നു, ഇപ്പോൾ ഓണത്തെ പറ്റി എന്തിനെഴുതണം എന്ന് പലർക്കും തോന്നാം. ഈ കുറിപ്പ് ഓണക്കാലത്ത് തന്നെ എഴുതാൻ ആലോചിച്ചതാണ്. ഓണക്കാലത്തു എഴുതിയാൽ ' ഓണത്തിനിടയിലാ പൂട്ടുകച്ചവടം' എന്ന ചിന്ത ചിലർക്കൊക്കെ തോന്നാൻ സാധ്യത ഉണ്ടെന്നു കരുതി,അതിനാൽ എഴുതണമെന്ന ത്വര ശക്തമായിരുന്നിട്ടും അല്പം കഴിഞ്ഞേ എഴുതുന്നുള്ളു എന്ന് തീരുമാനിച്ചു. ഓണാഘോഷത്തിന്റെ ആലസ്യം മനസ്സിൽ നിന്നും മാറാത്ത ഈ സമയമാണ് പറ്റിയ സമയം എന്ന ബോധ്യം ഉള്ളതിനാൽ ആണ് ഇപ്പോൾ എഴുതുന്നത്.

ഓണം ആണ് ഇവിടെ വിഷയം എങ്കിലും ആദ്യം ഉത്സവങ്ങളെ പറ്റി ഒന്ന് പരാമർശിച്ചിട്ടു മുഖ്യവിഷയത്തിലേക്കു വരാം. മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും ആവശ്യം വേണ്ട ഒരു കാര്യം ആണ് ഉത്സവാഘോഷം എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം തിരക്ക് പിടിച്ച ജീവിതത്തിന്റെ എല്ലാ വിരക്തികളും അകറ്റാൻ പറ്റിയ ഔഷധം ആണ് ഉത്സവങ്ങൾ. തിക്കും തിരക്കും നിറഞ്ഞ ജീവിതത്തിന്റെ സമ്മർദ്ദങ്ങൾക്ക് അയവു വരുത്തി മനസ്സിനും ശരീരത്തിനും ആശ്വാസവും ഒരു പുത്തനുണർവും നൽകാൻ ഉത്സവങ്ങൾക്കു കഴിയും.

അതുകൊണ്ടു തന്നെ ഉത്സവങ്ങൾ നാം ശരിക്കും ആഘോഷിക്കണം. എന്നാൽ മതപരമായ ഉത്സവങ്ങൾ എല്ലാവർക്കും ചേർന്ന് ആഘോഷിക്കാൻ സാധിക്കില്ലല്ലോ. അതാത് മതവിഭാഗത്തിൽ ഉള്ളവർക്ക് മാത്രമേ മതപരമായ ഉത്സവങ്ങൾ ആഘോഷിക്കുവാൻ കഴിയുള്ളു. അപ്പോൾ ഒരു പ്രദേശത്തു തന്നെ വ്യത്യസ്ത മതവിഭാഗങ്ങൾ താമസിക്കുമ്പോൾ ഒരു ഉത്സവവും പ്രദേശം മൊത്തമായി ആഘോഷിക്കുവാൻ സാധിക്കില്ല . അതിന്റെ ദോഷം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കേരളം പോലെ വ്യത്യസ്ത മതവിഭാഗങ്ങൾ പാർക്കുന്ന പ്രദേശങ്ങളിൽ ആണ്.അതിനു ഒരു പരിഹാരം ആണ് ഓണം പോലുള്ള ദേശിയഉത്സവം.

വ്യത്യസ്ത മതവിഭാഗങ്ങൾ ആഘോഷിക്കുന്ന മിക്കവാറും ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിന് എനിക്ക് അവസരം കിട്ടാറുണ്ട്.വ്യത്യസ്ത മതവിഭാഗങ്ങളിലെ സുഹൃത്തുക്കൾ ക്ഷണിക്കുമ്പോൾ ഒരു സങ്കുചിത വിചാരങ്ങളും കൂടാതെ അതിലൊക്കെ ഞാൻ പങ്കെടുക്കാറുണ്ട്. എന്നാൽ അനേക ഉത്സവങ്ങൾ ആഘോഷിക്കുമ്പോളും എന്നെ സംബന്ധിച്ചിടത്തോളം, ഏറ്റവും സന്തോഷത്തോടും ആവേശത്തോടും കൂടി ആഘോഷിക്കുന്ന ഉത്സവം ഓണം ആണ്. അതിന്റെ കാരണം ,ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടിനു പുറത്തു നിന്ന് എല്ലാരും ഒരു പോലെ ഒത്തു ചേർന്ന് ആഘോഷിക്കുന്ന മറ്റൊരു ആഘോഷം നമ്മുടെ രാജ്യത്തു വേറെ ഇല്ല എന്നതാണ്. കൂടാതെ, മനുഷ്യർ എല്ലാരും ഒന്നാണ് എന്ന ബോധം ഓർമ്മയിലും ചിന്തയിലും സ്വപ്നത്തിലും നിറയ്ക്കുവാൻ ഓണമെന്ന ഈ ഉത്സവത്തിനു മാത്രമേ സാധിക്കുന്നുള്ളൂ.ആ ബോധം എന്നും എന്നിൽ ഒരു ആവേശം ഉളവാക്കുന്നുണ്ട്. ആ ബോധ്യത്തിൽ പ്രസ്തുത വിഷയം വച്ചു ഞാൻ ഒരു ഓണക്കവിത രചിച്ചു.

10 വർഷം മുമ്പ് എഴുതിയ ആ കവിത ഇവിടെ കുറക്കുന്നു. 

ഓണമെന്നകതാരിൽ വിരിക്കുന്നു
ഒരായിരമോർമ്മയിൻ പൂക്കളം
ഓണപ്പാട്ടും ഓണത്തല്ലുമ്മത്തപ്പൂവും
ഓണക്കളിയുംപിന്നെയൂഞ്ഞാലാട്ടവും
ഓണപ്പുടവയിൻ പുതുമണവുമൊപ്പം
ഓണസദ്യയിൻ പുളിമധുരരുചിയും
ഒക്കെയുമതി മനോഹരമെങ്കിലും
ഒന്നാണതിലേറ്റം രമ്യമെനിക്ക്
ഒന്നാണെല്ലാരുമെന്ന ബോധ്യം
ഓണമോർമ്മിപ്പിക്കുന്നെന്നെ വീണ്ടും...

അതെ, എല്ലാവരും ഒന്നാണെന്ന ചിന്ത തന്നെ വളരെ ഉദാത്തമാണല്ലോ. അതാണ് ഓണത്തിന്റെ ഏറ്റവും വലിയ സവിശേഷത.

മലയാളികൾ, പ്രത്യേകിച്ചു മറുനാട്ടിലുള്ളവർ; അന്യസംസ്ഥാനത്തുകാരുടെ മുമ്പിൽ തല ഉയർത്തി നിന്ന് നിരത്തുന്ന ചില സ്വകാര്യഅഹങ്കാരങ്ങൾ ഉണ്ട്. അതിൽ ഏറ്റവും മുന്തിയതാണ് ഓണം. ഭാരതത്തിലെ മിക്കവാറും എല്ലാ സംസ്ഥാനക്കാരും മലയാളിയുടെ ഓണാഹങ്കാരത്തിനു മുന്നിൽ തല കുനിച്ചു നിൽക്കുന്നത് കാണുവാൻ ഈയുള്ളവന് സാധിച്ചിട്ടുണ്ട്. എല്ലാ മതസ്ഥരും ചേർന്നുള്ള ഒരു ഉത്സവം അവർക്കു ചിന്തിക്കാൻ കൂടി പറ്റില്ല.

നമ്മുടെ രാഷ്ട്രം മതേതരതരാഷ്ട്രം ആണല്ലോ. എന്നാൽ മിക്കവാറും സംസ്ഥാനങ്ങളിൽ അത്ര അത് ശക്തമായി പാലിക്കപ്പെടുന്നുണ്ടൊ എന്ന സംശയം പലപ്പോഴും ഉണ്ടായിട്ടുണ്ട്.ഇന്ത്യയിൽ ഏറ്റവും ശക്തമായി മതേതരത്വം പാലിക്കപ്പെടുന്ന സംസ്ഥാനാം കേരളമാണെന്നു നിസ്സംശയം പറയുവാൻ സാധിക്കും. ആ അവസ്ഥ നിലനിൽക്കുവാൻ ഏറ്റവും കൂടുതൽ പങ്കു വഹിക്കുന്നത് ഓണം എന്ന ഉത്സവം ആണെന്നതും വസ്തുതയാണ്.

ഓണത്തെപ്പറ്റി വായിച്ചറിഞ്ഞ അന്യസംസ്ഥാനക്കാർ അതെപ്പറ്റി അസൂയയോട് ചോദിക്കുമ്പോൾ മലയാളി ആയി ജനിച്ചതിലുള്ള നമ്മുടെ അഭിമാനബോധം എവറസ്റ്റ് കീഴടക്കും. അതിനാൽ ആണ് അതൊരു സ്വകാര്യ അഹങ്കാരം എന്ന് മുകളിൽ പറഞ്ഞത്. ശബരിമലയെ പറ്റി വർണ്ണിക്കുമ്പോളും ഇതുപോലുള്ള സ്വകാര്യഅഹങ്കാരം അനുഭവിക്കാറുണ്ട്. 

ശബരിമലയിലും ഏരുമേലിയിലും പോയി അയ്യപ്പനെയും വാവരെയും ദർശിച്ചു അർത്തുങ്കൽ പള്ളിയിൽ എത്തി വെളുത്തച്ചനെ വണങ്ങി മാല ഊരുന്ന മലയാളി മതേതരത്തത്തിന്റെ മഹനീയ മാതൃക ആണല്ലോ.  അതൊക്കെ അഭിമാനമായി, അഹങ്കാരമായി വിളമ്പി അന്യസംസ്ഥാനക്കാരുടെ മുമ്പിൽ തല ഉയർത്തി നിൽക്കുന്നത് മറുനാടന്മലയാളികൾക്കു എന്നും അഭിമാനമായിരുന്നു.
അങ്ങനെ മലയാളികളെ മതേതരത്തിന്റെ അപ്പോസ്തലരായി കരുതിയ എനിക്ക് ഈ തവണ ഓണം ആഘോഷിച്ചപ്പോൾ അല്പം ഉൽക്കണ്ഠ ഉണ്ടായി എന്ന് പറയുവാനായിട്ടാണ് ഈ കുറിപ്പ് എഴുതുന്നത്. പല സുഹൃത്തുക്കളും ഈ ലേഖകനോട് അത് പങ്കു വച്ചപ്പോൾ ഇതൊരു സ്വകാര്യ ഉൽക്കണ്ഠ അല്ലായെന്നു എനിക്കും ബോധ്യമായി.

ഓണം മാറ്റി വാമനദിനമായി ആചരിക്കുവാൻ ആഹ്വനം ചെയ്യുന്ന കുറിപ്പുകളും പ്രസ്താവനകളും ആശംസകളും കണ്ടപ്പോൾ നമ്മുടെ അഭിമാനമായ ഓണവും ഹൈജാക്ക് ചെയ്യപ്പെടുമോ എന്നൊരു ഭയം അങ്കുരിച്ചു.

ഓണത്തെ പറ്റി അനേകഐതീഹ്യങ്ങൾ നിലവിലുണ്ട്. മതപരവും അല്ലാത്തതും ഒക്കെ അതിലുണ്ട് . എട്ടാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ജീവിച്ച മഹാബലി എന്ന രാജാവിന്റ സ്മരണോത്സവം ആണ് ഓണമായി ആഘോഷിക്കുന്നത് എന്ന ചരിത്രപരമായ ഒരഭിപ്രായവും നിലവിലുണ്ട്. ഇതെടുത്ത് എഴുതിയത് ഓണത്തെപ്പറ്റി കേവലം മതപരമായ ഐതീഹ്യങ്ങൾ മാത്രമല്ല നിലവിലുള്ളത് എന്ന് കാണിക്കുവാൻ കൂടിയാണ്.

എന്നാൽ ബഹുഭൂരിപക്ഷം മലയാളികളും അംഗീകരിക്കുന്ന മിത്ത്, കേരളം പണ്ട് വാണിരുന്ന ഒരു അസുര രാജാവ് ആയ മഹാബലി തന്റെ പ്രജകളെ കാണാൻ ആണ്ടിൽ ഒരിക്കൽ വരുമെന്നും അത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആണ് എന്നും ഉള്ളതാണ്. ആ പുണ്ണ്യാത്മാവിന്റെ ഭരണകാലം; കള്ളവും ചതിയും ഇല്ലാത്ത, പൊളിവചനം എള്ളോളവുമില്ലാത്ത,മനുഷ്യരെല്ലാവരും ഒന്ന് പോലെ ആമോദത്തോടെ വസിച്ചിരുന്ന, ഒരു സുന്ദരസുരഭില കാലഘട്ടം ആയിരുന്നു. ആ ഓർമ്മ തന്നെ അനുഭൂതി ഉളവാക്കുന്നതാണല്ലോ.

ഈ മിത്തിൽ മനുഷ്യന്റെ മുമ്പിൽ ദേവഗണം തോൽക്കുകയാണ്.ലോകത്ത് ഒരിടത്തും മനുഷ്യന്റെ മുമ്പിൽ ദൈവം തോറ്റ ചരിത്രം കേട്ടിട്ടില്ല. എന്നാൽ ഓണം നൽകുന്ന മഹത്തരമായ സന്ദേശം ദൈവം പോലും പ്രജാതല്പരനായ രാജാവിന്റെ മുമ്പിൽ പരാജയപ്പെടുന്നുവെന്നാണ്. ജനക്ഷേമങ്ങൾക്കു ജീവനേക്കാൾ വില നൽകുന്ന രാജാവിന്റെ സൽഭരണം കണ്ടു അസൂയ പൂണ്ടിടത്താണ് ആദ്യം ദേവഗണം പരാജയപ്പെടുന്നത്, വേഷം മാറി വന്ന,വാമനനെന്ന ബ്രാഹ്മണബാലന്റെ ചതിവ് തിരിച്ചറിഞ്ഞിട്ടും വാക്ക് പാലിക്കുന്നതിനായി ശിരസ്സ് കുനിച്ചു കൊടുക്കുന്ന മഹത്തായ ത്യാഗത്തിന്റെ മുമ്പിൽ രണ്ടാമത് ദൈവം തോറ്റത്. മഹാബലിയുടെ ശിരസ്സിൽ പാദം അമരുമ്പോൾ ദേവഗണം ജയിച്ചുവെന്നാണ് കരുതിയത്. എന്നാൽ ആ ത്യാഗിയുടെ മുമ്പിൽ അന്ന് വാമനൻ പരാജയപ്പെട്ടതുകൊണ്ടാണല്ലോ ഇന്നും ജനം മഹാബലിക്കായി ഓണം ആഘോഷിക്കുന്നത്. ചരിത്രത്തിൽ ഇതിനു തുല്യം ക്രിസ്തുവിന്റെ ബലി മാത്രമേ ഉള്ളു.

ഇവിടെ എല്ലാത്തിനും കാരണമായത് മഹാബലിയുടെ ജനങ്ങളോടുള്ള അതിരുകടന്ന സ്‌നേഹമാണല്ലോ. പ്രജകളെ സ്‌നേഹിച്ചു അവരുടെ ക്ഷേമങ്ങൾ കണക്കിലെടുത്ത് ഭരിച്ചതാണ് മഹാബലിയുടെ കുറ്റം. എന്നാൽ അഭിനവജാതിക്കോമരങ്ങൾക്കു മഹാബലിയുടെ നന്മ അംഗീകരിക്കുവാൻ കഴിയില്ലല്ലോ.ജനത്തെക്കാൾ ദൈവത്തെ രക്ഷിക്കുവാൻ വേപഥു പൂണ്ടു നടക്കുന്നവർക്ക് മഹാബലി അല്ല വാമനൻ ആണ് നന്മ. അല്ലെങ്കിൽ, അങ്ങനെ വരുത്തിത്തീർക്കുവാൻ ആണ് ഇവരുടെ ജാതിമത സ്വാർത്ഥത ക്കു പഥ്യം . ദൈവത്തെ രക്ഷിക്കുവാൻ വേണ്ടി മനുഷ്യരെ കൊന്നൊടുക്കുന്നതാണല്ലോ ഇന്നിന്റെ നീതി.

തിരുവോണം, മഹാബലിയെന്ന അസുരരാജാവിന്റെ നന്മയുടെ ഓർമ്മ പുതുക്കുന്നു. ആ നന്മയുടെ പ്രതീകത്തെ വരവേൽപ്പാണ് ജാതിമതഭേദമെന്യേ ആഘോഷിക്കുന്ന തിരുവോണം. ആ പൊന്നോണം കേവലം ഒരു മതത്തിന്റെ കുത്തകയാക്കി മാറ്റുവാനായി കച്ച കെട്ടി ഇറങ്ങിയിരിക്കുന്നവർ ഓർക്കുക, ഓണം 'വാമനദിനം' ആയിട്ടു മാറ്റുമ്പോൾ മലയാളിയുടെ നന്മ; ലോകമെങ്ങും അംഗീകരിച്ച മതസൗഹൃദത്തിന്റെ നന്മ, ഇല്ലാതാക്കി വർഗ്ഗീയതക്കും മേൽജാതിപ്രീണനത്തിനും അടിയറവു വയ്ക്കുകയാണ്. എന്നും മതേതരത്വത്തെ നെഞ്ചിലേറ്റി നടക്കുന്ന ഒരു മലയാളിക്കും ഇതിനോട് യോജിക്കാനാവില്ല. അതിനാലാണ് ഞാൻ ഈ കുറിപ്പ് ഇവിടെ കുറിക്കുന്നത്.മനുഷ്യരിൽ സ്‌നേഹവും വിശ്വാസവും ഉള്ള ഒരുവ്യക്തിക്കും ഈ സാംസ്‌കാരിക അധിനിവേശശ്രമത്തെ കണ്ടില്ലന്നു നടിക്കുവാൻ കഴിയില്ല.

ഓണം മഹാബലിയുടെ പുനരാഗമന ദിനമായിട്ടാണ് നാം ഇതുവരെ ആഘോഷച്ചത്. ജാതിയും മതവും നിറവും സമ്പത്തും അതിർവരമ്പുകൾ സൃഷ്ടിക്കാതെ ഏകോദരസഹോദരങ്ങളായി വാണ ഒരു കാലത്തിന്റെ ഓർമ്മപുതുക്കലായ തിരുവോണം വേണ്ടെന്നു വച്ച്, നന്മയെ ചവിട്ടിത്താഴ്‌ത്തുന്നതിന്റെ സ്മരണയായ മറ്റൊരു ഉത്സവം ആയി ഈ ദിനത്തെ ആഘോഷിക്കുവാൻ നമുക്ക് കഴിയുമോ? ഇതുവരെയും ഓണം മഹബലിയുടെ പേരിൽ ആഘോഷിച്ചിട്ട്, ഇവിടെ ദശാവതാര സങ്കല്പത്തിനു യാതൊരു കളങ്കവും വിശ്വാസിയുടെ മനസ്സിൽ ഉണ്ടായിട്ടില്ലല്ലോ.എന്നിട്ടും എന്തെ ഓണത്തെ മാറ്റി മറിക്കുവാൻ ശ്രമിക്കുന്നത്? ഓണത്തിന്റെ സമത്വ (സോഷ്യലിസ്‌റ് ) ചിന്താഗതിയാണോ പ്രശ്‌നം? ഓണം ഉയർത്തുന്ന സോഷ്യലിസ്‌റ് ചിന്തകൾ ആണോ ഇവിടെ ഫാസിസം കടന്നു വരുവാൻ തടസ്സം? അതിനാൽ ആ ചിന്ത ഉളവാക്കുന്ന ഓർമ്മ തന്നെ പിഴുതെറിഞ്ഞാൽ ഇവിടെ അതിവേഗം ഫാസിസസ്‌റ് നിലപാടുകൾ കൊണ്ടുവരാമെന്ന അതിബുദ്ധിയിൽ നിന്നാണോ ഇങ്ങനെ ഒരു വീണ്ടുവിചാരം.

ഫാസിസത്തിനു ഒരിക്കലും സഹിക്കാൻ കഴിയാത്തതാണ് സാംസ്‌കാരിക ഭിന്നതയുടെ സഹവർത്തത്വം .ആ സഹകരണമാണ് ഇവിടെ ഓണത്തിലൂടെ സംജാതം ആകുന്നത്. അത് അവസാനിക്കേണ്ടത് ഫാസിസത്തിന്റെ ആവശ്യമാണല്ലോ. അടുത്തിടെ വായിച്ച ഒരു FB കുറിപ്പിൽ ഫാസിസത്തിന്റെ കടന്നുവരവിനെ പറ്റി വായിച്ചു. അതിൽ പറയുന്നത് നമ്മൾ എന്ത് വേഷം ധരിക്കണം, നമ്മൾ എന്ത് പഠിക്കണം,എന്ത് കഴിക്കണം നമ്മൾ ആരെ ഭോഗിക്കണം ( വിവാഹം കഴിക്കണം), ഒക്കെ തീരുമാനിക്കുന്നതു ഫാസിസസ്‌റ്കൾ ആയിരിക്കുമെന്നാണ്. അതിന്റെ കൂടെ ചേർക്കുവാൻ ഒരു പുതിയ ഐറ്റം കുടി കിട്ടി . നാം എന്ത് ആഘോഷിക്കണം എന്നും അവർ തീരുമാനിക്കുവാൻ തുടങ്ങി.

ലോകമെങ്ങുമുള്ള മലയാളികൾ കസവുമുണ്ടും കസവുസാരിയും ഉൾപ്പെടെയുള്ള കേരളീയ വേഷം ധരിച്ചു,പൂക്കളമൊരുക്കി, ഓണക്കളികൾ കളിച്ചു, ആഘോഷിച്ചാർക്കുന്ന പൊന്നോണത്തിനെ അധിനിവേശക്കാർക്കു വിട്ടു കൊടുക്കാൻ മലയാളിയായി പിറന്ന ആർക്കെങ്കിലും കഴിയുമോ? തൂശനിലയിൽ വിളമ്പുന്ന തുമ്പപ്പൂച്ചോറും, അവിയലും, തീയലും, കാളനും ഓലനും തോരനും, പച്ചടിയും കിച്ചടിയും അച്ചാറും, ഇഞ്ചിപ്പുളിയും,എരിശ്ശേരിയും, പുളിശ്ശേരിയും, പരിപ്പും പയറും, കൊണ്ടാട്ടവും, ഉപ്പേരിയും, പപ്പടവും, ശർക്കരപുരട്ടിയും, കാളിയടക്കായും, പാൽപ്രഥമനും, അടപ്രഥമനും,ഒന്നും മലയാളിക്ക് വെറും ഭക്ഷണമല്ല; അത് അവന്റെ സാംസ്‌കാരിക പൈതൃക,ഗൃഹാതുരത്വ പ്രതീകങ്ങളാണ്. അത് തട്ടിപ്പറിക്കുവാൻ പുതിയ അടവും തടവും വ്യാജചരിത്രവും ആയി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഫാസിസ്റ്റു ശക്തികളെ മാനവികതയിൽ വിശ്വസിക്കുന്ന മലയാളികൾ ഒത്തു ചേർന്നു പരാജയപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.