- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാണാക്യൂ സെന്റ് ജയിംസ് പള്ളിയിൽ വചനിപ്പ് പെരുന്നാൾ ആഘോഷിച്ചു
ന്യൂജേഴ്‌സി: പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും, ഇടവക സ്വന്തമായി ആരാധനാലയം കരസ്ഥമാക്കിയതിന്റെ അനുസ്മരണ ദിനവും സമുചിതമായി വാണാക്യൂ സെന്റ് ജയിംസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ ആചരിച്ചു. മാർച്ച് 24-ന് ചൊവ്വാഴ്ച നടന്ന സന്ധ്യാപ്രാർത്ഥനയ്ക്കും തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും, വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ
ന്യൂജേഴ്‌സി: പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും, ഇടവക സ്വന്തമായി ആരാധനാലയം കരസ്ഥമാക്കിയതിന്റെ അനുസ്മരണ ദിനവും സമുചിതമായി വാണാക്യൂ സെന്റ് ജയിംസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ ആചരിച്ചു. മാർച്ച് 24-ന് ചൊവ്വാഴ്ച നടന്ന സന്ധ്യാപ്രാർത്ഥനയ്ക്കും തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും, വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയ്ക്കും. മുഖ്യ കാർമികത്വം വഹിച്ചത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്തയാണ്. ഇടവക വികാരി ഗീവർഗീസ് കോർഎപ്പിസ്‌കോപ്പ ചട്ടത്തിലും, അസോസിയേറ്റ് വികാരി ആകാശ് പോൾ അച്ചനും വിശുദ്ധ ശുശ്രൂഷകളിൽ സഹകാർമികത്വം വഹിച്ചു.
സെന്റ് ജയിംസ് ഇടവക സ്വന്തമായ ആരാധനാലയം കരസ്ഥമാക്കി, വാണാക്യൂവിൽ ആരാധന ആരംഭിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് അഭിവന്ദ്യ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ വിശുദ്ധ കുർബാനാനന്തരം യോഗം ചേരുകയുണ്ടായി. വചനിപ്പ് പെരുന്നാളിന്റെ പെരുമയും, പൊരുളും വിശദമായി വിശദീകരിച്ചുകൊണ്ടാണ് മോർ തീത്തോസ് മെത്രാപ്പൊലീത്ത തിരുമേനി അധ്യക്ഷ പ്രസംഗം നടത്തിയത്. സുറിയാനി ഓർത്തഡോക്‌സ് സഭ വിശുദ്ധ ദൈവമാതാവിന് നൽകുന്ന പ്രധാന്യവും, വിശുദ്ധ ദൈവമാതാവിനെ അനുസ്മരിച്ച് സഭ കൊണ്ടാടുന്ന പെരുന്നാളുകളും എല്ലാം വിശകലനം ചെയ്തുകൊണ്ട് തിരുമേനി നൽകിയ ദൂത്, വിശ്വാസികൾക്ക് വിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയും മദ്ധ്യസ്ഥതയും വർദ്ധിക്കുന്നതിനായി. വാണാക്യൂ സെന്റ് ജയിംസ് പള്ളി ദൈവാനുഗ്രഹത്താൽ സമൃദ്ധമായ ഇടവകയാണെന്നും, ഇടവകാംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് ഇടവകയുടെ മേൽ ദൈവാനുഗ്രഹം ചൊരിയുന്നതിനു കാരണമായിട്ട് ഭവിക്കുന്നതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. ആരാധനാലയം കരസ്ഥമാക്കി നൂറ് ദിനങ്ങൾ പൂർത്തീകരിക്കുന്നതിനു മുമ്പ് സുറിയാനി ഓർത്തഡോക്‌സ് ദേവാലയത്തിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും നടത്തി ദൈവാലയ കൂദാശ നടത്താൻ സാധിച്ചത് അഭിമാനകരമാണെന്നും, അതിനു സഹായകരമായിത്തീർന്നത് ഇടവകാംഗങ്ങളുടെ കൂട്ടായ്മയുടേയും, സഹകരണത്തിന്റേയും ഫലമാണെന്നും, ഈ ഐക്യവും സ്‌നേഹവും സഹകരണവും എക്കാലവും നിലനിർത്താൻ ഇടവകാംഗങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളണമെന്നും തിരുമേനി ഓർമ്മിപ്പിച്ചു. ഇടവകയ്ക്ക് വാഴ്‌വുംകളും, അനുഗ്രഹങ്ങളും എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ടാണ് അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്ത അധ്യക്ഷ പ്രസംഗം അവസാനിപ്പിച്ചത്.
വാണാക്യൂ സെന്റ് ജയിംസ് ദേവാലയം, സ്വന്തമായ ആരാധനാലയം കരസ്ഥമാക്കിയതിലൂടെ നേടിയിരിക്കുന്നത് അസൂയാർഹമായ നേട്ടമാണെന്നും, ഈ സുപ്രധാനമായ ദിവസത്തിൽ ആരാധനയിൽ സംബന്ധിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും തുടർന്ന് ആശംസാ പ്രസംഗം നടത്തിയ അമേരിക്കൻ അതിഭദ്രാസന ട്രഷറർ സാജ പൗലോസ് മാരോത്ത് പറഞ്ഞു. 'ഇത് യഹോവയിൽ സംഭവിച്ചു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യമായിരിക്കുന്നു' എന്ന സങ്കീർത്തന വാക്യം വാണാക്യൂ സെന്റ് ജയിംസ് ഇടവകയെ സംബന്ധിച്ചടത്തോളം അന്വർത്ഥമായിരിക്കുകയാണെന്ന് ഇടവകാംഗങ്ങളെ പ്രതിനിധീകരിച്ച് ആശംസാ പ്രസംഗം നടത്തിയ ബിജു കുര്യൻ മാത്യൂസ് അനുസ്മരിച്ചു. സെന്റ് ജയിംസ് പള്ളിയുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും മാതൃകാപരമാണെന്നും അനുകരണീയമാണെന്നും ഈ ഇടവകയിൽ ശുശ്രൂഷ ചെയ്യാൻ സാധിച്ചതിലും, ആരാധനാലയം കരസ്ഥമാക്കാൻ സാധിച്ചത് നേതൃത്വം നൽകാൻ കഴിഞ്ഞതിലും കൃതാർത്ഥനാണെന്ന് സ്വാഗത പ്രസംഗം നടത്തിയ ഇടവക വികാരി വന്ദ്യ ഗീവർഗീസ് കോർഎപ്പിസ്‌കോപ്പ ചട്ടത്തിൽ പറഞ്ഞു. ഇടവയ്ക്ക് ലഭ്യമായ എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് സ്‌തോത്രം അർപ്പിച്ചുകൊണ്ടും, ഈ വിശേഷ ദിവസത്തിൽ പങ്കെടുക്കുന്നവർക്കും, യോഗത്തിൽ സംബന്ധിച്ചവർക്കും കൃതജ്ഞത അർപ്പിക്കുന്ന കർത്തവ്യം നിർവഹിച്ചത് ഇടവകയുടെ അസോസിയേറ്റ് വികാരി ആകാശ് പോൾ അച്ചനാണ്.
അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്ക്ഓഫ് തദവസരത്തിൽ നടത്തുകയുണ്ടായി. കൈമുത്തിനുശേഷം നേർച്ച വിളമ്പോടും സ്‌നേഹവിരുന്നോടുംകൂടി പെരുന്നാൾ ചടങ്ങുകൾ സമംഗളം പര്യവസാനിച്ചു. പൗലോസ് കെ. പൈലി (വൈസ് പ്രസിഡന്റ്), കുര്യൻ സ്‌കറിയ (സെക്രട്ടറി), ജേക്കബ് വർഗീസ് (ട്രസ്റ്റി), മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.