ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സ് മാത്രം പ്രായമായ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നയ്ക്കൽ ആവശ്യപ്പെട്ടു.

ലയങ്ങളിലെ ജീവിത സാഹചര്യവും മകളെ ഒറ്റക്ക് നിർത്തി ജോലിക്ക് പോകേണ്ട മാതാപിതാക്കളുടെ സാമൂഹിക- സാമ്പത്തിക സാഹചര്യവും പ്രതിക്ക് അനുകൂലമായി എന്നാണ് മനസ്സിലാകുന്നത്. പതിറ്റാണ്ടുകളായി ഇതേ സാമൂഹിക സാഹചര്യത്തിൽ അവരെ നിലനിർത്തിയ ഭരണകൂട സംവിധാനങ്ങളും ഈ ക്രൂരതയുടെ ഉത്തരവാദികൾ തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലത്തായിയിലും വാളയാറിലും കുറ്റവാളികൾക്കുണ്ടായ പൊലീസ് സംരക്ഷണവും രാഷ്ട്രീയ പാർട്ടികളുടേ സംരക്ഷണവും വണ്ടിപ്പെരിയാറിൽ ആവർത്തിക്കാതിരിക്കാൻ പൊതു സമൂഹം ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ, ഇടുക്കി ജില്ല പ്രസിഡന്റ് അൻഷാദ് അടിമാലി, ജില്ല കമ്മിറ്റി അംഗം മുഹമ്മദ് റാസിഖ്, മണ്ഡലം കൺവീനർ റംസൽ സുബൈർ, എന്നിവർ ഇന്ന് വണ്ടിപ്പെരിയാറിൽ പെൺകുട്ടിയുടെ വീട് സന്ദർശിച്ച് കുടുംബത്തിന് ഐക്യദാർഢ്യം അറിയിച്ചു.