- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ദിവസം കൊണ്ട് വണ്ടിപ്പെരിയാറിലെ കൊലയാളിയെ കണ്ടെത്തിയ പൊലീസിനെ അഭിനന്ദിച്ച എംഎൽഎയുടെ വാക്കുകൾ പിടിവിട്ടു; പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നതായി എംഎൽഎയുടെ വെളിപ്പെടുത്തൽ; അനാവശ്യ ഇടപെടൽ വിവാദമായി മാറുന്ന വിധം
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിലെ കൊലയാളിയെ മൂന്ന് ദിവസം കൊണ്ടാണ് പൊലീസ് പിടികൂടിയത്. ശാസ്ത്രീയ വഴികളിൽ തന്നെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. ഈ അന്വേഷണ സംഘത്തിന് പൊതുവേ എല്ലായിടത്തു നിന്നും അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, ഇതിനിടെ യാതൊരു കാര്യവുമില്ലാതെ ചില ഇടപെടലുകൾ വിവാദങ്ങൾക്ക് ഇടയാക്കും. അത്തരമൊരു ഇടപെടലാണ് വാഴൂർ സോമൻ എംഎൽഎയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസ്സുള്ള പെൺകുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ വിട്ടുനൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നതായുള്ള വാഴൂർ സോമൻ എംഎൽഎയുടെ വെളിപ്പെടുത്തലാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. കേസ് തെളിയിച്ച പൊലീസുകാരെ അനുമോദിക്കാനായി വണ്ടിപ്പെരിയാർ സ്റ്റേഷനിൽ എത്തിയ എംഎൽഎ പ്രസംഗത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റ്‌മോർട്ടം ഒഴിവാക്കാൻ താൻ ഡിവൈഎസ്‌പി, സിഐ എന്നിവരോട് ആവശ്യപ്പെട്ടു. എന്നാൽ ദുരൂഹ സാഹചര്യം നിലനിൽക്കുന്ന കേസായതിനാൽ പോസ്റ്റ്‌മോർട്ടം നിർബന്ധമാണെന്ന് പൊലീസ് അറിയിച്ചു.
പോസ്റ്റ്‌മോർട്ടം നടത്തിയതിനാൽ കാര്യങ്ങൾ വ്യക്തമായി. പ്രതിയെ എളുപ്പത്തിൽ പിടികൂടുന്നതിനു കഴിഞ്ഞുവെന്നും എംഎൽഎ പറയുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇതിൽ വിവാദത്തിന്റെ ആവശ്യമൊന്നും ഇല്ലെന്ന് വാഴൂർ സോമൻ എംഎൽഎ പ്രതികരിച്ചു.
നടപടിക്രമങ്ങൾ വേഗത്തിൽ വേണമെന്ന ആവശ്യം എംഎൽഎ എന്ന നിലയിൽ തന്നോട് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഈ വിവരം പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്തേണ്ട സാഹചര്യം പൊലീസ് വിശദീകരിച്ചു. പൊലീസിന്റെ നടപടികൾ കൊലയാളിയെ പിടികൂടുന്നതിന് ഇടയാക്കി എന്നാണ് താൻ പ്രസംഗിച്ചത്. വിവാദം സൃഷ്ടിക്കുന്നതിന്റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും വാഴൂർ സോമൻ പറഞ്ഞു.
അതസമയം ആറു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത് 50 രൂപയ്ക്ക് മിഠായി വാങ്ങി നൽകിയെന്ന് കൊലക്കേസ് പ്രതി അർജുൻ കുറ്റസമ്മതം നടത്തിയിരുന്നു. വണ്ടിപ്പെരിയാറിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ അർജുനെ, സ്ഥിരമായി മിഠായി വാങ്ങിയിരുന്ന കടയിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പ്രതിയെ കടയിലുള്ളവർ തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാൾ മിഠായി വാങ്ങിയിരുന്നെന്നും അവർ മൊഴി നൽകി.
കുട്ടിയെ പീഡിപ്പിക്കുന്നതിന്, രണ്ടര വർഷത്തോളമായി അർജുൻ ഇവിടെനിന്നാണ് മിഠായി വാങ്ങിയിരുന്നത്. സംഭവദിവസം കുട്ടിയുടെ വീട്ടിൽ ആരുമില്ലെന്ന് ഉറപ്പിച്ചതോടെ തിടുക്കത്തിൽ ഇവിടെയെത്തി മിഠായി വാങ്ങി മടങ്ങി. കടക്കാർക്ക് സംശയം തോന്നിയില്ല. പലപ്പോഴും ഇതേ തിടുക്കത്തിലാണ് ഇയാൾ മിഠായി വാങ്ങി പോകാറുള്ളതെന്നും കടക്കാർ മൊഴി നൽകി. ടി.വി. കണ്ടുകൊണ്ടിരുന്ന കുട്ടിക്ക് മിഠായി നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ ബോധം പോയി. തുടർന്നാണ് കുട്ടിയെ ഷാളിൽ കെട്ടിത്തൂക്കിയത്.
തുടർന്ന്, ലയത്തിലെ ചെറിയ ജനലിലൂടെ പുറത്തിറങ്ങി അപ്പുറത്തെ ലയത്തിൽ പോയി വിശ്രമിച്ചു. തന്റെ നിലവിളി കേട്ടപ്പോൾ ആദ്യം ഓടിയെത്തിയത് അർജുനായിരുന്നെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു. മൃതദേഹ പരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ