കുമളി:വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ 6 വയസ്സുകാരിയെ പീഡനത്തിനുശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ പ്രവർത്തകൻ 50ഉം 100 ഉം രൂപയ്ക്ക് വരെ മിഠായി വാങ്ങിയിരുന്നെന്ന് വെളിപ്പെടുത്തൽ. സംഭവ ദിവസവും 50 രൂപയ്ക്ക് മിഠായി വാങ്ങിയിരുന്നും വ്യക്തമായി. മിഠായി കൊടുത്താണ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്.

പ്രതിയെ വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാര സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ അവസരത്തിൽ കടയുടമായാണ് ഇക്കാര്യം പൊലീസിനോട് സ്ഥിരീകരിച്ചത്.
സർക്കിൾ ഇൻസ്‌പെക്ടർ റ്റി ടി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. റിമാന്റ് ചെയ്തിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാണ് പൊലീസ് തെളിവെടുപ്പ് ആരംഭിച്ചിട്ടുള്ളത്.

മിഠായി വാങ്ങാൻ പ്രതി കടയിൽ എത്തിയത് എത്തിയത് 12 മണിയോടെയെന്നും കണ്ടെത്തിയിട്ടുണ്ട്. പെൺകുഞ്ഞിന് മിഠായിയും പലഹാരവും നൽകിയായാണ് പീഡിപ്പിച്ചതെന്നാണ് പ്രതി അർജുന്റെ മൊഴി. ആറുവയസുകാരിയെ പോലെ മറ്റാർക്കങ്കിലും പ്രതിയിൽ നിന്ന് ഇത്തരത്തിൽ ദുരനുഭവം ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ജൂൺ 30-ാം തിയതിയാണ് കുഞ്ഞിനെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലാണ് കുഞ്ഞ് പീഡനത്തിന് ഇരയായിരുന്ന വിവരം പുറത്തു വന്നത്.

ക്രൂര പീഡനമാണ് 3 വയസ്സുമുതൽ ചുരക്കുളം എസ്റ്റേറ്റിലെ കുട്ടി നേരിടേണ്ടിവന്നത്. ഒടുവിൽ കഴുത്തിൽ കയറുമുറുക്കി ആ കുഞ്ഞുമോളെ കൊന്നുകളഞ്ഞ ശേഷം പ്രതി അർജുൻ എസ്റ്റേറ്റിലെ ലയത്തിൽ സമാധാനത്തോടെ താമസിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയെ മൂന്നു വർഷത്തോളം പ്രതി അർജുൻ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. മിക്ക ദിവസങ്ങളിലും ഇയാൾ കുട്ടിക്ക് മിഠായി വാങ്ങി നൽകിയിരുന്നു. അശ്ലീല വിഡിയോകൾ പതിവായി കാണുന്ന അർജുൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.

വീട്ടിൽനിന്നു കണ്ടെടുത്ത യുവാവിന്റെ മൊബൈൽ ഫോണിലെ അശ്ലീല വീഡിയോകളുടെ വൻ ശേഖരം ഇതിനു തെളിവാണെ്. 30ന് പകൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി അർജുൻ സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ചു ലയത്തിലെ മുറിയിൽ കയറി. ഈ സമയം കുട്ടിയുടെ സഹോദരൻ ഉൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്ത് മുടി വെട്ടിക്കുകയായിരുന്നു. ക്രൂരമായ പീഡത്തിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. എന്നാൽ കുട്ടി മരിച്ചു എന്നു കരുതിയ അർജുൻ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ കെട്ടിത്തൂക്കി. ഇതിനിടെ പെൺകുട്ടി കണ്ണ് തുറന്നിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ അർജുൻ പൊലീസിനോടു വെളിപ്പെടുത്തി.

മരണം ഉറപ്പു വരുത്തിയശേഷം മുൻവശത്തെ കതക് അടച്ചിട്ടു. തുടർന്ന് ജനാല വഴി ചാടി രക്ഷപ്പെടുകയായിരുന്നു. മൂന്നു മണിയോടെ കുട്ടിയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോൾ ആണ് സംഭവം കണ്ടത്. വീട്ടിൽനിന്നു നിലവിളി ഉയർന്നതിനു പിന്നാലെ ഇവിടേക്ക് ഓടി എത്തിയവരുടെ കൂട്ടത്തിൽ അർജുനും ഉണ്ടായിരുന്നു. മരണ വീട്ടിൽ പന്തൽ കെട്ടുന്നതിനു പടുത വാങ്ങി കൊണ്ടു വന്ന അർജുൻ സംസ്‌കാര ചടങ്ങുകൾക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേർപാടിൽ മനംനൊന്ത് വിലപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചതെന്ന പ്രചാരണം ശക്തമായി. ഇതു തനിക്ക് തുണയാകുമെന്ന് അർജുൻ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു.

നാട്ടിൽ ജനകീയ പരിവേഷത്തിൽ ആണ് അർജുൻ വിലസിയിരുന്നത്. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിൽനിന്നു എത്തിയ ബന്ധുക്കൾക്ക് ഭക്ഷണം തയാറാക്കുന്നതിനു വെള്ളം എത്തിച്ചതും ഇവിടെ ഭക്ഷണം വിളമ്പുന്നതിനും അർജുൻ നേതൃത്വം നൽകി. സംസ്‌കാര ചടങ്ങിനിടെ പെൺകുട്ടിയുടെ വേർപാടിന്റെ ദുഃഖം വിളിച്ചുപറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു. കുട്ടിയുടെ മരണാനന്തര ചടങ്ങുകളിലും സജീവമായി പങ്കെടുത്ത ഇയാളെ ഇതിനു പിന്നാലെ ആണ് പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ആയിരുന്ന അർജുൻ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.