- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വന്തം മകനെപ്പോലെയാണ് അർജുനെ കണ്ടത്, എന്നിട്ടും... ഒട്ടും പ്രതീക്ഷിക്കാത്തതാണ് നടന്നത്; ഉൾക്കൊള്ളാൻ ആവുന്നില്ല; കേസ് രാഷ്ട്രീയവൽക്കരിക്കരുത്; മൂന്ന് ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ മികവാണ്; വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ പിതാവ് പറയുന്നു
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി പിതാവ് രംഗത്തുവന്നു. സ്വന്തം മകനെ പോലെയാണ് അർജുനെ കണ്ടത്, എന്നിട്ടും ഒട്ടും പ്രതീക്ഷിക്കാത്തതാണ് നടന്നതെന്ന് പിതാവ് പ്രതികരിച്ചു. അതേസമയം സംഭവം രാഷ്ട്രീയവൽക്കരിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകൻ എന്ന നിലയിലുള്ള ഒരു പരിഗണനയും പ്രതിക്ക് ലഭിച്ചിട്ടില്ലെന്നും മൂന്ന് ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ മികവാണെന്നും അച്ഛൻ പ്രതികരിച്ചു.
പ്രതിക്ക് സിപിഎം സംരക്ഷണം കൊടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ പ്രതികരണം. അന്വേഷണത്തിൽ തൃപ്തനാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. അർജുൻ ഡിവൈഎഫ്ഐയുടെ വലിയ നേതാവൊന്നും അല്ലെന്നും ദുരൂഹത തോന്നിയപ്പോൾ പൊലീസ് അന്വേഷണം നടത്തിയതിനാലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പ്രതി അർജുന്റെ ഡിവൈഎഫ്ഐ ബന്ധം ഉയർത്തിക്കാട്ടി പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. സിപിഎമ്മിനെതിരെ പ്രതിക്ഷനേതാവ് വി ഡി സതീശനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു. എന്നാൽ, മൂവാറ്റുപുഴയിലെ പോക്സോ കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നതെന്നും പ്രതിയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നെന്നുമാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം.
അതേസമയം വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചതോടെയാണ് അന്വേഷണസംഘം തെളിവ് ശേഖരണത്തിലേക്ക് കടന്നിരിക്കുന്നത്. ആറ് വയസുകാരിയെ കൊലപ്പെടുത്തിയ വീട്ടിലും പരിസരത്തും തെളിവെടുപ്പ് നടത്തി. പെൺകുഞ്ഞിന് മിഠായിയും പലഹാരവും നൽകിയായാണ് പീഡിപ്പിച്ചതെന്നാണ് പ്രതി അർജുന്റെ മൊഴി.
വണ്ടിപ്പെരിയാറിലെ കടകളിൽ നിന്നും പൊലീസ് തെളിവുകൾ ശേഖരിക്കും. കട ഉടമകളിൽ നിന്ന് അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ തേടും. ആറുവയസുകാരിയെ പോലെ മറ്റാർക്കങ്കിലും പ്രതിയിൽ നിന്ന് ഇത്തരത്തിൽ ദുരനുഭവം ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ജൂൺ 30-ാം തിയതിയാണ് കുഞ്ഞിനെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് കുഞ്ഞ് പീഡനത്തിന് ഇരയായിരുന്ന വിവരം പുറത്തു വന്നത്.
മറുനാടന് മലയാളി ബ്യൂറോ