ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ നാടകീയ രംഗങ്ങൾ. പ്രതി അർജുനെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പ്രതിയെ കണ്ട് പൊട്ടിത്തെറിച്ച നാട്ടുകാർ ഉച്ചത്തിൽ അസഭ്യം പറഞ്ഞു.

പ്രതിയെ കൈയേറ്റം ചെയ്യാനും മുതിർന്നു. ഇതിനിടെ നാട്ടുകാരിലൊരാൾ അർജുന്റെ കരണത്തടിച്ചു. മറ്റൊരാൾ കത്തിക്ക് വെട്ടാനും ശ്രമമുണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ടാണ് പ്രതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്.

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന അർജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് അറിഞ്ഞ് രാവിലെ മുതൽ ചുരക്കുളം എസ്റ്റേറ്റിൽ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ചതോടെ സ്ത്രീകൾ ഉൾപ്പടെയുള്ളവർ പാഞ്ഞടുത്തു. വൻ പ്രതിഷേധമാണ് പ്രതിക്ക് നെരെ ഉണ്ടായത്.

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇത് രണ്ടാംതവണയാണ് പ്രതിയുമായി പൊലീസ് പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ തെളിവെടുപ്പിനിടെ നാട്ടുകാർ അക്രമാസക്തരായതിനെ തുടർന്ന് ഇത്തവണയും കനത്ത പൊലീസ് കാവലിലാണ് പ്രതിയെ എത്തിച്ചത്. എന്നാൽ നിയന്ത്രണം നഷ്ടമായ നാട്ടുകാർ പൊലീസ് വലയം ഭേദിച്ചും പ്രതിയെ കൈയേറ്റം ചെയ്യാൻ മുതിരുകയായിരുന്നു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പാണ് ഞായറാഴ്ച നടത്തിയത്. പീഡനശ്രമത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ വീട്ടിലെ പഴക്കുല തൂക്കുന്ന കയറിലാണ് അർജുൻ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊന്നത്. ശേഷം വീടിന്റെ ജനൽ വഴി രക്ഷപ്പെടുകയായിരുന്നു. ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പിൽ പ്രതി ഇതെല്ലാം അന്വേഷണസംഘത്തിന് മുന്നിൽ വിവരിച്ചു.



ശാസ്ത്രീയ തെളിവെടുപ്പിലൂടെ അർജുനെതിരെ പരമാവധി വകുപ്പുകൾ ചുമത്തുകയാണു പൊലീസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണു രണ്ടാം തവണയും തെളിവെടുപ്പിന് എസ്റ്റേറ്റിലെത്തിയത്.

ചൊവ്വാഴ്ചയാണ് അർജുന്റെ കസ്റ്റഡി കാലാവധി തീരുന്നത്. അതുവരെ സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരും. മറ്റേതെങ്കിലും പെൺകുട്ടിയെ പ്രതി ഇതുപോലെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.

അതിനിടെ, പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അശ്ലീലചിത്രങ്ങൾക്ക് അടിമയായ അർജുൻ, മറ്റുപെൺകുട്ടികളെ ഇത്തരത്തിൽ പീഡനത്തിനിരയാക്കിയോ എന്നതും അന്വേഷിച്ചുവരികയാണ്. ജൂലായ് 13 വരെയാണ് തൊടുപുഴ പോക്സോ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.