ഹൈദരാബാദ്; എൻ.ടി.രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിൽ ഒരാൾ എന്ന പേരുമായി നടി വാണി വിശ്വനാഥ് തെലങ്കാനയുടെ രാഷ്ട്രീയത്തിലേക്കെന്ന സൂചന. തെലുങ്കുദേശം പാർട്ടി നേതൃത്വം വാണിയുമായി പലതവണ ചർച്ച നടത്തിയെങ്കിലും വാണി ഇതുവരെ മനസ്സുതുറക്കാനോ നിലപാട് വ്യക്തമാക്കാനോ തയാറായിട്ടില്ല. ഭർത്താവ് ബാബുരാജും ഭാര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഒരുകാലത്ത് തെലുങ്കു സിനിമയിൽ തിളങ്ങിനിന്ന വാണി തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും പരിചിത മുഖമാണ്. ഇതിന്റെ ചുവടു പിടിച്ചാണ് നേതൃത്വം വാണിയുമായി ചർച്ച നടത്തിയതായിട്ടുള്ള വാർത്തകൾ പുറത്തുവരുന്നതും.

1992 ൽ പുറത്തിറങ്ങിയ 'സമ്രാട്ട് അശോക' എന്ന ചിത്രത്തിൽ അശോകചക്രവർത്തിയായി എൻടിആർ കിരീടമണിഞ്ഞപ്പോൾ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്. തെലുങ്കുദേശത്തിൽ സജീവമായിരുന്ന നടി റോജ വൈഎസ്ആർ കോൺഗ്രസിലേക്കു ചേക്കേറിയതും വാണിയുടെ സാധ്യത വർധിപ്പിക്കുന്നതായാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിൽ തെലങ്കാനയിൽ ടിഡിപി 14 സീറ്റ് നേടിയെങ്കിലും പിന്നീട് എംഎൽഎമാരിൽ പലരും പാർട്ടിയിൽ നിന്നു കൂറുമാറി. തെലങ്കാനയിൽ ടിഡിപിയുടെ സാന്നിധ്യം ശക്തമായി ഉണ്ടെന്ന വിലയിരുത്തലിലാണു പാർട്ടി.

തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആർ കോൺഗ്രസിലേക്ക് ചേക്കേറുകയായിരുന്നു. ശോഭാ നാഗിറെഡ്ഡിയുടെ മരണത്തോടെ വൈഎസ്ആർ കോൺഗ്രസിലെ മുൻനിര നേതാവായി മാറിയ റോജ ഇന്ന് ചന്ദ്രബാബു നായിഡുവിന്റെ ഏറ്റവും വലിയ വിമർശകയുമാണ്.ആക്ഷൻ ഹീറോയിനെയിറക്കി റോജയെ ഏതു വിധത്തിലും ഒതുക്കാനാണ് നായിഡു തീരുമാനിച്ചിട്ടുള്ളത് . 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വാണിയിലൂടെ വനിതാ വോട്ടുകൾ സമാഹരിക്കാമെന്നാണ് തെലുങ്കുദേശത്തിന്റെ കണക്കുകൂട്ടൽ.

ജയിച്ചാൽ വാണി ആന്ധ്രാ മന്ത്രിയാകുമെന്നും സൂചനയുണ്ട്.46കാരിയായ വാണി ഇപ്പോഴും തെലുങ്കിൽ ഏറെ താരമൂല്യമുള്ള നടിയാണ്. അടുത്തിടെ 'ജയ ജാനകി നായക' എന്ന സിനിമയിൽ നാലു സീനിൽ അഭിനയിക്കുന്നതിന് വാണിക്ക് കിട്ടിയ പ്രതിഫലം 40 ലക്ഷം രൂപയായിരുന്നു.